ഇന്ന് നിങ്ങളറിഞ്ഞിരിക്കേണ്ട ബിസിനസ് വാര്‍ത്തകള്‍; ഫെബ്രുവരി 11, 2022

വ്യാവസായിക ഉല്‍പ്പാദന വളര്‍ച്ച 10 മാസത്തെ താഴ്ചയില്‍. ക്രിപ്‌റ്റോ കറന്‍സി നിയമവിധേയമാക്കില്ലെന്ന് നിര്‍മല സീതാരാമന്‍. വളര്‍ച്ച ഏറെ മുന്നില്‍, ജിയോയെ മറികടക്കാനൊരുങ്ങി ഭാര്‍തി എയര്‍ടെല്‍. വിദേശ നിക്ഷേപകര്‍ കൈയൊഴിഞ്ഞു, ഓഹരി സൂചികകളില്‍ ഇടിവ്. ഇന്ന് നിങ്ങളറിഞ്ഞിരിക്കേണ്ട ബിസിനസ് വാര്‍ത്തകള്‍ ചുരുക്കത്തില്‍.

Update: 2022-02-11 13:47 GMT
വ്യാവസായിക ഉല്‍പ്പാദന വളര്‍ച്ച 10 മാസത്തെ താഴ്ചയില്‍
വ്യാവസായിക ഉല്‍പ്പാദന വളര്‍ച്ച 10 മാസത്തെ താഴ്ചയിലേക്കെന്ന് സ്റ്റാറ്റിസ്റ്റിക്‌സ് ആന്റ് പ്രോഗ്രാം ഇംപ്ലിമെന്റേഷന്‍ മന്ത്രാലയം പ്രസിദ്ധീകരിച്ച ഡാറ്റ ചൂണ്ടിക്കാണിക്കുന്നു. നവംബറിലെ 1.3% വര്‍ധനയുമായി താരതമ്യം ചെയ്യുമ്പോള്‍ 2021 ഡിസംബറില്‍ വ്യാവസായിക ഉല്‍പ്പാദന സൂചിക 0.4% മാത്രമാണ് ഉയര്‍ന്നത്. പുതുക്കിയ കണക്കുകള്‍ പ്രകാരം പ്രതിമാസ സൂചിക 7.5% ഉയര്‍ച്ച പ്രകടമാക്കുന്നു.
താരിഫ് വര്‍ധന, ജിയോയെ മറികടക്കാനൊരുങ്ങി ഭാര്‍തി എയര്‍ടെല്‍
ഭാരതി എയര്‍ടെല്‍ അതിന്റെ ഏറ്റവും അടുത്ത എതിരാളികളായ റിലയന്‍സ് ജിയോ ഇന്‍ഫോകോം, വോഡഫോണ്‍ ഐഡിയ (Vi) എന്നിവയെ മറികടക്കാന്‍ സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ട്. സുനില്‍ മിത്തലിന്റെ നേതൃത്വത്തിലുള്ള ടെലികോം കമ്പനിയുടെ ഇന്ത്യന്‍ വിപണി വരുമാനം 2021 ഡിസംബര്‍ വരെയുള്ള പാദത്തില്‍ ജിയോയും വിയും റിപ്പോര്‍ട്ട് ചെയ്ത 3.3% വളര്‍ച്ചയുമായി താരതമ്യം ചെയ്യുമ്പോള്‍ തുടര്‍ച്ചയായി 6% വര്‍ധിച്ചതായി കാണാം. തുടര്‍ച്ചയായ താരിഫ് വര്‍ധനയും സിം ഏകീകരണവും വരും പാദങ്ങളില്‍ കൂടുകയും കൂടുതല്‍ വിപണി വിഹിതം (ആര്‍എംഎസ്) നേടാന്‍ കമ്പനിയെ സഹായിക്കുമെന്നുമാണ് വിശകലന വിദഗ്ധര്‍ പറയുന്നത്.
ക്രിപ്‌റ്റോ കറന്‍സി നിയമവിധേയമാക്കില്ലെന്ന് നിര്‍മല സീതാരാമന്‍
ക്രിപ്റ്റോകറന്‍സികള്‍ നിയമവിധേയമാക്കുന്ന വിഷയത്തില്‍ മൗനം വെടിഞ്ഞ ധനമന്ത്രി നിര്‍മ്മല സീതാരാമന്‍. ക്രിപ്റ്റോകറന്‍സി ഇടപാടുകളില്‍ നിന്ന് ലഭിക്കുന്ന ലാഭത്തിന് നികുതി ചുമത്തുക മാത്രമാണ് സര്‍ക്കാര്‍ ചെയ്തിരിക്കുന്നതെന്നും നിയമവിധേയമാക്കാനോ നിരോധിക്കാനോ നിയന്ത്രിക്കാനോ ഒന്നും ചെയ്തിട്ടില്ലെന്നും അവര്‍ പറഞ്ഞു.
കനേഡിയന്‍ വിസ അപേക്ഷകള്‍ക്കായി കാത്തിരിക്കുന്നത് രണ്ട് ദശലക്ഷം ആളുകള്‍
കനേഡിയന്‍ വിസ അപേക്ഷകളുടെ ഫലത്തിനായി കാത്തിരിക്കുന്നത് ലോകമെമ്പാടുമുള്ള രണ്ട് ദശലക്ഷം ആളുകള്‍. ഇമിഗ്രേഷന്‍, റെഫ്യൂജീസ് ആന്‍ഡ് സിറ്റിസണ്‍ഷിപ്പ് കാനഡയില്‍ നിന്നുള്ള ഡാറ്റ (ഐ ആര്‍ സി സി) കാണിക്കുന്നത് ഫെബ്രുവരി 1 വരെ രാജ്യത്ത് 1.8 ദശലക്ഷം അപേക്ഷകള്‍ സ്വീകരിക്കാതെ (ബാക്ക്ലോഗ്) ഉണ്ടെന്നാണ്.
വിദേശ നിക്ഷേപകര്‍ കൈയൊഴിഞ്ഞു; ഓഹരി സൂചികകളില്‍ ഇടിവ്
വിദേശ നിക്ഷേപകര്‍ ഓഹരികള്‍ വ്യാപകമായി വിറ്റഴിച്ചത് ഇന്ത്യന്‍ വിപണിക്ക് ക്ഷീണമായി. സെന്‍സെക്സ് 773.11 പോയ്ന്റ് ഇടിഞ്ഞ് 58152.92 പോയ്ന്റിലും നിഫ്റ്റി 231.10 പോയ്ന്റ് ഇടിഞ്ഞ് 17374.75 പോയ്ന്റിലുമാണ് ഇന്ന് ക്ലോസ് ചെയ്തത്. പുതിയ കണക്കുപ്രകാരം യുഎസ് പണപ്പെരുപ്പ നിരക്ക് 7.5 ശതമാനത്തിലേക്ക് ഉയര്‍ന്നതാണ് ആഗോള വിപണിക്ക് തിരിച്ചടിയായത്.
932 ഓഹരികളുടെ വില ഉയര്‍ന്നപ്പോള്‍ 2377 ഓഹരികള്‍ക്ക് കാലിടറി. 98 ഓഹരികളുടെ വിലയില്‍ മാറ്റമുണ്ടായില്ല. എച്ച്സിഎല്‍ ടെക്നോളജീസ്, എച്ച്ഡിഎഫ്സി ബാങ്ക്, ഹിന്ദുസ്ഥാന്‍ യൂണിലിവര്‍, ഐസിഐസിഐ ബാങ്ക്, ഇന്‍ഫോസിസ്, കൊട്ടക് മഹീന്ദ്ര ബാങ്ക്, മാരുതി തുടങ്ങിയവ വിലയിടിഞ്ഞ ഓഹരികളില്‍പെടുന്നു. അതേസമയം ഇന്‍ഡസ് ഇന്‍ഡ് ബാങ്ക്, ഐറ്റിസി, മഹീന്ദ്ര & മഹീന്ദ്ര, എന്‍ടിപിസി തുടങ്ങിയ ഓഹരികള്‍ നേട്ടമുണ്ടാക്കി.
സെക്ടറല്‍ സൂചികകളെല്ലാം ഇന്ന് നഷ്ടം രേഖപ്പെടുത്തി. ഐറ്റി, കണ്‍സ്യൂമര്‍ ഡ്യൂറബ്ള്‍സ്, റിയല്‍റ്റി സൂചികകള്‍ രണ്ടു ശതാനത്തിലേറെയാണ് ഇടിഞ്ഞത്. ഫിനാന്‍സ്, പിഎസ്യു, പ്രൈവറ്റ് ബാങ്ക്, കാപിറ്റല്‍ ഗുഡ്സ് എന്നിവ 1-1.50 ശതമാനം ഇടിവ് രേഖപ്പെടുത്തി. ബിഎസ്ഇ മിഡ്കാപ് സൂചിക 1.84 ശതമാനവും സ്മോള്‍കാപ് സൂചിക 1.90 ശതമാനവും താഴ്ന്നു.
കേരള കമ്പനികളുടെ പ്രകടനം
ആറ് കേരള കമ്പനികളുടെ ഓഹരി വില മാത്രമാണ് ഇന്ന് ഉയര്‍ന്നത്. സ്‌കൂബീ ഡേ ഗാര്‍മന്റ്സ് (4.01 ശതമാനം), കേരള ആയുര്‍വേദ (2.95 ശതമാനം), ഈസ്റ്റേണ്‍ ട്രെഡ്സ് (2.46 ശതമാനം), വണ്ടര്‍ലാ ഹോളിഡേയ്സ് (1.78 ശതമാനം), കൊച്ചിന്‍ മിനറല്‍സ് & റൂട്ടൈല്‍ (1.16 ശതമാനം), റബ്ഫില ഇന്റര്‍നാഷണല്‍ (0.69 ശതമാനം) എന്നിവയാണ് ഇന്ന് നേട്ടമുണ്ടാക്കിയ കേരള കമ്പനികള്‍.
കിറ്റെക്സ്, വെര്‍ട്ടെക്സ് സെക്യൂരിറ്റീസ്, ഹാരിസണ്‍സ് മലയാളം, മണപ്പുറം ഫിനാന്‍സ്, കൊച്ചിന്‍ ഷിപ്പ് യാര്‍ഡ്, എവിറ്റി, അപ്പോളോ ടയേഴ്സ്, സിഎസ്ബി ബാങ്ക് തുടങ്ങി 23 കേരള കമ്പനി ഓഹരികളുടെ വിലയിടിഞ്ഞു.


Tags:    

Similar News