ഇന്ന് നിങ്ങളറിഞ്ഞിരിക്കേണ്ട ബിസിനസ് വാര്‍ത്തകള്‍; നവംബര്‍ 08, 2021
കോര്‍പ്പറേറ്റ് വായ്പകള്‍ മാര്‍ച്ചോടെ ഉയരുമെന്ന് എസ്ബിഐ. രാജ്യത്ത് ബൈ-നൗ-പേ ലേറ്റര്‍ വ്യവസായം പത്തിരട്ടിയാകുമെന്ന് റിപ്പോര്‍ട്ട്. 18,000 കോടിയുടെ പുതിയ ഉല്‍പ്പാദന യൂണിറ്റ് തുടങ്ങുമെന്ന് മാരുതി. 20 മാസത്തിന് ശേഷം വിദേശികള്‍ക്ക് പ്രവേശനാനുമതി നല്‍കി അമേരിക്ക. ഓഹരി സൂചികകളില്‍ മുന്നേറ്റം തുടരുന്നു. ഇന്ന് നിങ്ങളറിഞ്ഞിരിക്കേണ്ട ബിസിനസ് വാര്‍ത്തകള്‍ ചുരുക്കത്തില്‍.
രാജ്യത്ത് ബൈ-നൗ-പേ ലേറ്റര്‍ വ്യവസായം പത്തിരട്ടിയാകുമെന്ന് റിപ്പോര്‍ട്ട്
ഇന്ത്യയുടെ 'ബൈ-നൗ-പേ ലേറ്റര്‍' (ബിഎന്‍പിഎല്‍) വ്യവസായം കുതിച്ചുയരുന്നു. മികച്ച ഓഫറുകളും എളുപ്പത്തിലുള്ള പ്രോസസിംഗും കൊണ്ട് തന്നെ വരുന്ന നാല് വര്‍ഷക്കാലം മേഖലയില്‍ പത്തിരട്ടിയിലധികം കുതിച്ചു ചാട്ടമുണ്ടാകുമെന്ന് വിപണി റിപ്പോര്‍ട്ട്. ഇന്ത്യയുടെ ബിഎന്‍പിഎല്‍ വിപണി ഇപ്പോള്‍ ഉള്ള 3-3.5 ബില്യണ്‍ ഡോളറില്‍ നിന്ന് 2026 ഓടെ 45-50 ബില്യണ്‍ ഡോളറായി ഉയരുമെന്നും റെഡ്‌സീര്‍ റിസര്‍ച്ച് കണക്കാക്കുന്നു.
കോര്‍പ്പറേറ്റ് വായ്പകള്‍ മാര്‍ച്ചോടെ ഉയരുമെന്ന് എസ്ബിഐ
കോര്‍പ്പറേറ്റ് വായ്പകള്‍ വരും മാസങ്ങളില്‍ വന്‍തോതില്‍ ഉയരുമെന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) ഉള്‍പ്പെടെയുള്ള ബാങ്കുകള്‍. എസ്ബിഐ മാറ്റിവച്ചിട്ടുള്ള 4.6 ട്രില്യണ്‍ കോര്‍പ്പറേറ്റ് വായ്പാ മൂല്യത്തിന്റെ ഉപയോഗിക്കപ്പെടാത്ത വലിയൊരു ഭാഗം മാര്‍ച്ചോടെ നല്‍കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. കോര്‍പ്പറേറ്റ് വായ്പാ ഡിമാന്‍ഡ് കൂടുതല്‍ ഉയരുമെന്നും ബാങ്ക് വൃത്തങ്ങള്‍ പറഞ്ഞു.
18,000 കോടിയുടെ പുതിയ ഉല്‍പ്പാദന യൂണിറ്റ് തുടങ്ങുമെന്ന് മാരുതി
ഈ വര്‍ഷം അവസാനത്തോടെ ഹരിയാനയില്‍ പുതിയ ഉല്‍പ്പാദന കേന്ദ്രം സ്ഥാപിക്കാനുള്ള പദ്ധതികള്‍ പൂര്‍ത്തിയാക്കുമെന്ന് മാരുതി സുസുക്കി. 18,000 കോടി രൂപയുടെ പദ്ധതിയാണിതെന്നും കമ്പനി ചെയര്‍മാന്‍ ആര്‍ സി ഭാര്‍ഗവ പറഞ്ഞു. 75 ശതമാനം ജീവനക്കാരുടെ നിയമനവും പ്രാദേശികരായിരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.
ആമസോണ്‍ പേയില്‍ 1000 കോടി നിക്ഷേപിച്ച് ആമസോണ്‍
ആമസോണ്‍ ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റ്, സാമ്പത്തിക സേവന യൂണിറ്റായ ആമസോണ്‍ പേയിലേക്ക് ആമസോണ്‍ 1000 കോടി നിക്ഷേപിച്ചതായി കോര്‍പ്പറേറ്റ് കാര്യ മന്ത്രാലയത്തിലെ റെഗുലേറ്ററി ഫയലിംഗുകള്‍ പ്രകാരമുള്ള റിപ്പോര്‍ട്ട്.
20 മാസത്തിന് ശേഷം വിദേശികള്‍ക്ക് പ്രവേശനാനുമതി നല്‍കി അമേരിക്ക
20 മാസത്തെ യാത്രാ നിയന്ത്രണങ്ങള്‍ക്ക് ശേഷം, പൂര്‍ണ്ണമായി വാക്‌സിനേഷന്‍ എടുത്ത വിദേശ സന്ദര്‍ശകര്‍ക്കായി യുഎസ് ഇന്ന് കര, വ്യോമ അതിര്‍ത്തികള്‍ വീണ്ടും തുറന്നു. വാക്‌സിനേഷന്‍ തെളിവായി ഡിജിറ്റല്‍, പേപ്പര്‍ ഡോക്യുമെന്റേഷന്‍ സ്വീകരിക്കുന്നതാണ്. വാക്്‌സിന്‍ കാര്‍ഡുകള്‍ ഇംഗ്ലീഷില്‍ ആയിരിക്കണമെന്നില്ലെന്നും അധികാരികളുടെ അറിയിപ്പ്.
ഓഹരി സൂചികകളില്‍ മുന്നേറ്റം തുടരുന്നു
ആഭ്യന്തര വിപണിയില്‍ നിന്നുള്ള ശുഭസൂചനകളുടെ കരുത്തില്‍ തുടര്‍ച്ചയായ രണ്ടാം സെഷനിലും ഓഹരി സൂചികകള്‍ മുന്നേറി. സെന്‍സെക്സ് 477.99 പോയ്ന്റ് ഉയര്‍ന്ന് 60545.61 പോയ്ന്റിലും നിഫ്റ്റി 151.70 പോയ്ന്റ് ഉയര്‍ന്ന് 18068.50 പോയ്ന്റിലുമാണ് ഇന്ന് ക്ലോസ് ചെയ്തത്. ഇന്ധന നികുതി കുറച്ചതും ഉത്സവകാല വില്‍പ്പനയില്‍ ഉണ്ടായ വര്‍ധനവുമെല്ലാം വിപണിയില്‍ പ്രതിഫലിച്ചു.
1707 ഓഹരികള്‍ ഇന്ന് നേട്ടമുണ്ടാക്കിയപ്പോള്‍ 1475 ഓഹരികള്‍ക്ക് നേട്ടമുണ്ടാക്കാനാകാതെ പോയി. 169 ഓഹരികളുടെ വിലയില്‍ മാറ്റമുണ്ടായില്ല.
ഐഒസി, ടൈറ്റന്‍ കമ്പനി, ബജാജ് ഫിന്‍സര്‍വ്, അള്‍ട്രാ ടെക് സിമന്റ്, ടെക് മഹീന്ദ്ര തുടങ്ങിവ നേട്ടമുണ്ടാക്കിയ ഓഹരികളില്‍ പെടുന്നു. ഇന്‍ഡസ് ഇന്‍ഡ് ബാങ്ക്, ഡിവിസ് ലാബ്, മഹീന്ദ്ര & മഹീന്ദ്ര, എസ്ബിഐ, മാരുതി സുസുകി തുടങ്ങിവയ്ക്ക് നേട്ടമുണ്ടാക്കാനായില്ല.
കേരള കമ്പനികളുടെ പ്രകടനം
കേരള കമ്പനികള്‍ മെച്ചപ്പെട്ട പ്രകടനമാണ് ഇന്ന് കാഴ്ച വെച്ചത്. 18 കേരള ഓഹരികള്‍ നേട്ടമുണ്ടാക്കി. മുത്തൂറ്റ് ഫിനാന്‍സ് 8.52 ശതമാനം നേട്ടവുമായി മുന്നില്‍ നിന്ന് നയിച്ചപ്പോള്‍ റബ്ഫില ഇന്റര്‍നാഷണല്‍ (6.10 ശതമാനം), വണ്ടര്‍ലാ ഹോളിഡേയ്സ് (5.58 ശതമാനം) തുടങ്ങിയവും വലിയ നേട്ടമുണ്ടാക്കി.