ഇന്ന് നിങ്ങളറിഞ്ഞിരിക്കേണ്ട ബിസിനസ് വാര്‍ത്തകള്‍; ഒക്ടോബര്‍ 08, 2021

അടുത്ത സാമ്പത്തികവര്‍ഷം ജിഡിപി വളര്‍ച്ച 7.8 ശതമാനമായി കുറഞ്ഞേക്കുമെന്ന് ആര്‍ബിഐ. എയര്‍ ഇന്ത്യയ്ക്കായുള്ള ലേലത്തില്‍ ടാറ്റയ്ക്ക് തന്നെ വിജയം. ഫോര്‍ഡിന്റെ പ്ലാന്റുകള്‍ ടാറ്റ ഏറ്റെടുത്തേക്കും, ചര്‍ച്ച സജീവം. കേരളത്തിലെ സ്വര്‍ണവിലയില്‍ വര്‍ധന. തുടര്‍ച്ചയായ രണ്ടാം ദിവസവും സൂചികകളില്‍ മുന്നേറ്റം. ഇന്ന് നിങ്ങളറിഞ്ഞിരിക്കേണ്ട ബിസിനസ് വാര്‍ത്തകള്‍ ചുരുക്കത്തില്‍.

Update:2021-10-08 20:05 IST
എയര്‍ഇന്ത്യയ്ക്കായുള്ള ലേലത്തില്‍ ടാറ്റയ്ക്ക് തന്നെ വിജയം
എയര്‍ഇന്ത്യ ഏറ്റെടുക്കലിനായുള്ള ബിഡ് ടാറ്റാ പ്രൈവറ്റ് ലിമിറ്റഡ് നേടിയതായി ഓദ്യോഗിക പ്രഖ്യാപനം. അഭ്യൂഹങ്ങള്‍ക്കൊടുവില്‍ സര്‍ക്കാര്‍ തന്നെ പുറത്തുവിടുകയായിരുന്നു. 'ദേശീയ എയര്‍ലൈന്‍ കമ്പനിയായ എയര്‍ ഇന്ത്യ ടാറ്റ പ്രവറ്റ്‌ലിമിറ്റഡിന് തന്നെ' എന്ന്.
ഡിപാം (ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് പബ്ലിക് അസറ്റ് മാനേജ്‌മെന്റ്)ആണ് വിവരം ട്വീറ്റ് ചെയ്തത്. തുഹിന്‍ കാന്ത പാണ്ഡെയാണ് പ്രഖ്യാപംന നടത്തിയത്. എയര്‍ ഇന്ത്യയെ സ്വന്തമാക്കാനുള്ള ലേലത്തില്‍ ടാറ്റ സണ്‍സ് നേട്ടം കൈവരിച്ചതായി ഒക്ടോബര്‍ ഒന്നിനു തന്നെ ദേശീയ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ ഇക്കാര്യം ഉറപ്പായിട്ടില്ലെന്നും സര്‍ക്കാര്‍ തീരുമാനം പൊതുജനങ്ങളെ അറിയിക്കുമെന്ന വിശദീശകരണവുമായി ഡിപാം അന്നു തന്നെ രംഗത്തെത്തിയിരുന്നു.
അടുത്ത സാമ്പത്തികവര്‍ഷം ജിഡിപി വളര്‍ച്ച 7.8 ശതമാനമായി കുറയുമെന്ന് ആര്‍ബിഐ
അടുത്ത സാമ്പത്തിക വര്‍ഷത്തില്‍ യഥാര്‍ത്ഥ ജിഡിപി വളര്‍ച്ച 7.8 ശതമാനമായി കുറയുമെന്ന് ആര്‍ബിഐ. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ രാജ്യത്തിന്റെ വളര്‍ച്ചാ പ്രവചനം 2022 സാമ്പത്തിക വര്‍ഷത്തില്‍ 9.5% ആയും നിലനിര്‍ത്തി. അതേസമയം പണപ്പെരുപ്പ പ്രവചനം 5.3% ആയി (5.7% ല്‍ നിന്ന്) പരിഷ്‌കരിച്ചു. ഭക്ഷ്യ പണപ്പെരുപ്പം പ്രതീക്ഷിച്ചതിലും കുറവാണിത്.
രാജ്യത്തിന്റെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് സ്ഥാനമൊഴിയുന്നു
ഇന്ത്യയുടെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് കെ.വി. സുബ്രഹ്‌മണ്യന്‍ സ്ഥാനമൊഴിയുന്നതായി വെള്ളിയാഴ്ച പ്രസ്താവനയില്‍ പറഞ്ഞു. തന്റെ മൂന്ന് വര്‍ഷത്തെ കാലാവധി പൂര്‍ത്തിയാക്കിയതിനെത്തുടര്‍ന്ന് താന്‍ സ്ഥാനമൊഴിയുമെന്ന് അദ്ദേഹം അറിയിച്ചു.
ടെസ്ല വാഹനങ്ങള്‍ ഇന്ത്യയില്‍ നിര്‍മിക്കാന്‍ ആവശ്യപ്പെട്ടിരുന്നതായി നിതിന്‍ ഗഡ്കരി
യുഎസ് ആസ്ഥാനമായുള്ള ടെസ്ലയുടെ ഇലക്ട്രിക് വാഹനങ്ങള്‍ ഇന്ത്യയില്‍ നിര്‍മ്മിക്കാന്‍ പലതവണ ആവശ്യപ്പെട്ടിട്ടുണ്ടെന്നും കമ്പനിക്ക് എല്ലാ പിന്തുണയും സര്‍ക്കാര്‍ നല്‍കുമെന്ന് ഉറപ്പുനല്‍കിയതായും കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി പറഞ്ഞു. ചൈനയില്‍ നിര്‍മിക്കുന്ന കാറുകള്‍ക്ക് പകരം ഇവിടെ തന്നെ കാറുകള്‍ നിര്‍മിച്ച് വിതരണം ചെയ്യാനാണ് താന്‍ ആവശ്യപ്പെട്ടത്. ഇന്ത്യന്‍ കമ്പനിയായ ടാറ്റ മോട്ടോഴ്‌സിന്റെ ഇലക്ട്രിക് വാഹനങ്ങളും ടെസ്ലയെക്കാള്‍ ഒട്ടും പിന്നിലല്ലെന്നും അദ്ദേഹം പറഞ്ഞു.
വിദേശമദ്യം ഓണ്‍ലൈനായി ബുക്ക് ചെയ്യാനുള്ള സൗകര്യമൊരുക്കി കണ്‍സ്യൂമര്‍ഫെഡ്
വിദേശമദ്യം ഇനി ഓണ്‍ലൈനായും ബുക്ക് ചെയ്യാം. കണ്‍സ്യൂമര്‍ഫെഡിന്റെ എല്ലാ വിദേശമദ്യ വില്‍പന ശാലകളിലും ഓണ്‍ൈലന്‍ ബുക്കിങ് സംവിധാനം സജ്ജമായി. പണമടച്ച് ബുക്ക് ചെയ്യുമ്പോള്‍ ലഭിക്കുന്ന ഒടിപിയുമായി വില്‍പനശാലകളിലെത്തി ക്യൂ നില്‍ക്കാതെ മദ്യം വാങ്ങാം. fl.consumerfed.in എന്ന വെബ്‌സൈറ്റ് ഉപയോഗിച്ചാണ് ബുക്കിംഗ് നടക്കുക.
ഫോര്‍ഡിന്റെ പ്ലാന്റുകള്‍ ടാറ്റ ഏറ്റെടുത്തേക്കും; ചര്‍ച്ച സജീവം
ഫോര്‍ഡിന്റെ പ്ലാന്റുകള്‍ ടാറ്റ ഏറ്റെടുത്തേക്കും. ചര്‍ച്ച ആരംഭിച്ചതായാണ് വിവരം. ഗുജറാത്തിലും തമിഴ്നാട്ടിലുമുള്ള പ്ലാന്റുകളുടെ കാര്യത്തില്‍ ചര്‍ച്ച സജീവമെന്ന് റിപ്പോര്‍ട്ടുകള്‍. തൊഴില്‍ നഷ്ടപ്പെടുമെന്ന് ഭയന്ന നിരവധി തൊഴിലാളികള്‍ക്ക് പ്രതീക്ഷയേകുന്നതാണ് ഈ വാര്‍ത്ത. 2008 മാര്‍ച്ച് മാസത്തില്‍ ഫോര്‍ഡിന്റെ പക്കല്‍ നിന്നും ജാഗ്വര്‍ ലാന്റ് റോവര്‍ 2.3 ബില്യണ്‍ ഡോളറിന് ടാറ്റ വാങ്ങിയിരുന്നു.
വിപിഎസ് ലേക്ഷോര്‍ മെഡിക്കല്‍ സെന്റര്‍ കോഴിക്കോട് ഞായറാഴ്ച തുറക്കും
വിപിഎസ് ഹെല്‍ത്ത്കെയര്‍ ഗ്രൂപ്പിനു കീഴിലെ വിപിഎസ് ലേക്ഷോര്‍ മെഡിക്കല്‍ സെന്റര്‍ കോഴിക്കോട് ഞായറാഴ്ച പ്രവര്‍ത്തനം ആരംഭിക്കും. രാവിലെ 9.30 ന് വിപിഎസ് ലേക്ഷോര്‍ ഹോസ്പിറ്റല്‍ സിഇഒ എസ് കെ അബ്ദുള്ള അധ്യക്ഷത വഹിക്കുന്ന ചടങ്ങ് കോഴിക്കോട് മേയര്‍ ഡോ ബീനാ ഫിലിപ്പ് ഉദ്ഘാടനം ചെയ്യും. ടൂറിസം, പൊതുമരാമത്ത് വകുപ്പുമന്ത്രി പി എ മുഹമ്മദ് റിയാസ്, തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍, എം കെ രാഘവന്‍ എംപി, തോട്ടത്തില്‍ രവീന്ദ്രന്‍ എംഎല്‍എ, ഡോ. എം കെ മുനീര്‍ എംഎല്‍എ, ഡെപ്യൂട്ടി മേയര്‍ സി പി മുസാഫിര്‍ അഹമ്മദ്, ജില്ലാ കളക്ടര്‍ ഡോ. നരസിംഹുഗരി തേജ് ലോഹിത് റെഡ്ഡി എന്നിവര്‍ മുഖ്യാതിഥികളാകും. പുതിയ പദ്ധതികളുടെ പ്രഖ്യാപനം ചടങ്ങില്‍ ഡോ. ഷംഷീര്‍ വയലില്‍ നിര്‍വഹിക്കും.
കേരളത്തിലെ സ്വര്‍ണവിലയില്‍ വര്‍ധന
സംസ്ഥാനത്ത് തുടര്‍ച്ചയായ രണ്ടാം ദിവസവും സ്വര്‍ണവിലയില്‍ വര്‍ധന. ഇന്നലെയും ഇന്നുമായി 240 രൂപയോളം വര്‍ധിച്ച് വീണ്ടും 35000ത്തിന് മുകളിലായി. ഇന്ന് പവന് 80 രൂപയാണ് കൂടിയത്. ഗ്രാമിന് പ്രത്തു രൂപയും. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന് 35,120 ആയി. ഗ്രാമിന് 4390 രൂപയുമായി. ആഗോള വിപണിയില്‍ സ്പോട് സ്വര്‍ണവില സ്ഥിരത നിലനിര്‍ത്തിയതിനാല്‍ ദേശീയ വിപണിയില്‍ സ്വര്‍ണവില ഉയരാനിടയായി. എംസിഎക്‌സില്‍, സ്വര്‍ണ ഫ്യൂച്ചറുകള്‍ 0.16% ഉയര്‍ന്ന് 10 ഗ്രാമിന് 46,900 രൂപയായി, വെള്ളി ഫ്യൂച്ചറുകള്‍ 0.4% കുറഞ്ഞു.
തുടര്‍ച്ചയായ രണ്ടാം ദിവസവും സൂചികകളില്‍ മുന്നേറ്റം
ആര്‍ബിഐയുടെ പണനയ പ്രഖ്യാപനത്തിനു പിന്നാലെ, മുന്നേറ്റത്തോടെ ഓഹരി വിപണി ക്ലോസ് ചെയ്തു. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് സൂചികകള്‍ നേട്ടമുണ്ടാക്കുന്നത്. സെന്‍സെക്സ് 381.23 പോയ്ന്റ് ഉയര്‍ന്ന് 60059.06 പോയ്ന്റിലും നിഫ്റ്റി 104.85 പോയ്ന്റ് ഉയര്‍ന്ന് 17895.20 പോയ്ന്റിലും ക്ലോസ് ചെയ്തു.
കേരള കമ്പനികളുടെ പ്രകടനം
13 കേരള കമ്പനികള്‍ ഇന്ന് നേട്ടമുണ്ടാക്കി. പാറ്റസ്്പിന്‍ ഇന്ത്യ (4.36 ശതമാനം), വെര്‍ട്ടെക്സ് സെക്യൂരിറ്റീസ് (3.78 ശതമാനം), അപ്പോളോ ടയേഴ്സ് (2.81 ശതമാനം), സൗത്ത് ഇന്ത്യന്‍ ബാങ്ക് (2.46 ശതമാനം), എഫ്എസിടി (1.77 ശതമാനം), കിംഗ്സ് ഇന്‍ഫ്രാ വെഞ്ചേഴ്സ് (0.98 ശതമാനം), ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് (0.63 ശതമാനം) തുടങ്ങിയവയാണ് നേട്ടമുണ്ടാക്കിയ കേരള ഓഹരികള്‍.



 


Tags:    

Similar News