ഇന്ന് നിങ്ങളറിഞ്ഞിരിക്കേണ്ട ബിസിനസ് വാര്‍ത്തകള്‍; സെപ്റ്റംബര്‍ 07, 2021
ബാങ്കിംഗ് മേഖല സ്ഥിരത നിലനിര്‍ത്തുന്നതായി ഇന്ത്യ റേറ്റിംഗ്‌സ്. ഗ്രേഡ് അപ്പിനെ ഏറ്റെടുത്ത് ബൈജൂസ്. കോവിഷീല്‍ഡ് ഇടവേളയുമായി ബന്ധപ്പെട്ട ഹൈക്കോടതി വിധിയില്‍ സംസ്ഥാന സര്‍ക്കാരിന് പൂര്‍ണയോജിപ്പ്. കുതിപ്പിന് താല്‍ക്കാലിക വിരാമം, സെന്‍സെക്സ് 17 പോയ്ന്റ് ഇടിഞ്ഞു. ഇന്ന് നിങ്ങളറിഞ്ഞിരിക്കേണ്ട ബിസിനസ് വാര്‍ത്തകള്‍ ചുരുക്കത്തില്‍.
ബാങ്കിംഗ് മേഖല സ്ഥിരത നിലനിര്‍ത്തുന്നതായി ഇന്ത്യ റേറ്റിംഗ്‌സ്
2021-22 കാലയളവില്‍ ബാങ്കിംഗ് മേഖലയില്‍ സ്ഥിരതയുള്ള കാഴ്ചപ്പാട് കണ്ടെത്തിയതായി ആഭ്യന്തര റേറ്റിംഗ് ഏജന്‍സിയായ ഇന്ത്യ റേറ്റിംഗ്‌സ്. ചൊവ്വാഴ്ച സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ മാര്‍ച്ച് അവസാനത്തോടെ റീറ്റെയില്‍, എംഎസ്എംഇ വിഭാഗങ്ങളിലെ ആസ്തി വര്‍ധനവ് പ്രതീക്ഷിക്കുന്നതായും സൂചിപ്പിക്കുന്നുണ്ട്. നിഷ്‌ക്രിയാസ്തി 8.6 ശതമാനമായിരിക്കുമെന്നും റിപ്പോര്‍ട്ട് പറയുന്നു.
ഈ വര്‍ഷത്തെ എട്ടാമത്തെ വലിയ ഏറ്റെടുപ്പ് നടത്തി ബൈജൂസ്
മത്സരപ്പരീക്ഷാ വിഭാഗം ഇരട്ടിയാക്കാന്‍ ഈ വര്‍ഷത്തെ എട്ടാമത്തെ വലിയ ഏറ്റെടുപ്പ് നടത്തി എഡ്യൂടെക് സ്റ്റാര്‍ട്ടപ്പായ ബൈജൂസ്. ഗ്രേഡ് അപ് എന്ന പ്ലാറ്റ്‌ഫോമിനെയാണ് ഇപ്പോള്‍ ഏറ്റെടുത്തത്. ജെഇഇ, നീറ്റ് പരീക്ഷാ സഹായി എന്നതിലുപരി ബിരുദാനന്തര പ്രവേശന പരീക്ഷകള്‍, ഐഎഎസ്, ഗേറ്റ്, ക്യാറ്റ് എന്നിവയുള്‍പ്പെടെയുള്ള സെഗ്മെന്റുകളിലുടനീളം ടെസ്റ്റ് തയ്യാറെടുപ്പ് വാഗ്ദാനം ചെയ്യുന്ന പ്ലാറ്റ്‌ഫോമാണിത്.
ക്രിപ്‌റ്റോകറന്‍സി ധനവിനിമയത്തിലേക്ക് കടന്നുവരുമെന്ന് മുന്‍ ആര്‍ബിഐ ഡെപ്യൂട്ടി ഗവര്‍ണര്‍
രാജ്യം ക്രിപ്‌റ്റോകറന്‍സികളെ അംഗീകരിച്ചാല്‍ മുന്‍ ആര്‍ബിഐ ഗവര്‍ണര്‍ ആര്‍ ഗാന്ധി പറയുന്നു. സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍, കാലാവസ്ഥാ വ്യതിയാനങ്ങളുമായി ബന്ധപ്പെട്ട സാമഗ്രികളുടെ ഇടപാടുകള്‍ എന്നിവയിലെല്ലാം ഇത് ഗുണം ചെയ്യുമെന്നും അദ്ദേഹം വിശദമാക്കി.
കോവിഷീല്‍ഡ്; ഇടവേളയുമായി ബന്ധപ്പെട്ട ഹൈക്കോടതി വിധിയില്‍ സംസ്ഥാന സര്‍ക്കാരിന് പൂര്‍ണയോജിപ്പ്
കോവിഷീല്‍ഡ് ഇടവേളയുമായി ബന്ധപ്പെട്ട ഹൈക്കോടതി വിധിയില്‍ സംസ്ഥാന സര്‍ക്കാര്‍ പൂര്‍ണ പിന്തുണ അറിയിച്ചു. തീരുമാനം എടുക്കേണ്ടത് കേന്ദ്ര സര്‍ക്കാരാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കോവിഷീല്‍ഡ് രണ്ടാം ഡോസ് നാലാഴ്ചകള്‍ക്ക് ശേഷം എടുക്കാമെന്നാണ് ഹൈക്കോടതി വിധി പറഞ്ഞത്. ഇതുമായി ബന്ധപ്പെട്ട് ചീഫ് സെക്രട്ടറിയും ആരോഗ്യ സെക്രട്ടറിയും കേന്ദ്ര സര്‍ക്കാരിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥരോട് നിലപാട് അറിയിക്കും.
ഡയറക്റ്റ്-ടു-കണ്‍സ്യൂമര്‍ പദ്ധതിയുമായി ഫ്‌ളിപ്കാര്‍ട്ട്
ഡയറക്റ്റ്-ടു-കണ്‍സ്യൂമര്‍ (ഡി 2 സി) ബ്രാന്‍ഡുകള്‍ക്ക് ഉപഭോക്താക്കള്‍ക്കിടയില്‍ വര്‍ധിച്ചുവരുന്ന സ്വീകാര്യത കണ്ടെത്തുന്ന തിനാല്‍ ഇതിനായി ഫ്‌ളിപ്കാര്‍ട്ട് ഒരു സര്‍വീസ് ഫ്രീ മോഡല്‍ പദ്ധതി ആരംഭിച്ചു. അത്തരം പ്ലാറ്റ്‌ഫോമില്‍ ഡിജിറ്റല്‍-ഫസ്റ്റ് ബ്രാന്‍ഡുകള്‍ കണ്ടെത്താനും നിര്‍മ്മിക്കാനുമാണ് ലക്ഷ്യം.
കുതിപ്പിന് താല്‍ക്കാലിക വിരാമം, സെന്‍സെക്സ് 17 പോയ്ന്റ് ഇടിഞ്ഞു
കുതിച്ചുമുന്നേറുന്ന ഓഹരി വിപണിയില്‍ നിന്ന് ലാഭമെടുക്കാന്‍ നിക്ഷേപകര്‍ താല്‍പ്പര്യം കാണിച്ചതോടെ, ചാഞ്ചാട്ടത്തിനൊടുവില്‍ സൂചികകള്‍ നേരിയ നഷ്ടത്തോടെ ക്ലോസ് ചെയ്തു. സെന്‍സെക്സ് 17 പോയ്ന്റ് ഇടിവോടെ 58,280 ല്‍ ക്ലോസ് ചെയ്തപ്പോള്‍ നിഫ്റ്റി 21 പോയ്ന്റ് ഇടിഞ്ഞ് 17,356ലും ക്ലോസ് ചെയ്തു. തുടര്‍ച്ചയായി മൂന്ന് ദിവസത്തെ കുതിപ്പിനു ശേഷമാണ് ഇന്ന് സൂചികകള്‍ ഇടിവ് രേഖപ്പെടുത്തിയിരിക്കുന്നത്.
കേരള കമ്പനികളുടെ പ്രകടനം
വി ഗാര്‍ഡ് ഓഹരി വില ഇന്ന് 3.80 ശതമാനത്തോളം ഉയര്‍ന്നു. വിക്ടറി പേപ്പര്‍ ആന്‍ഡ് ബോര്‍ഡ്സ് ഓഹരി വില 2.79 ശതമാനത്തോളം കൂടി. കിറ്റെക്സ് ഓഹരി വില ഇന്ന് 2.66 ശതമാനം ഉയര്‍ച്ച രേഖപ്പെടുത്തി. കേരളം ആസ്ഥാനമായുള്ള എല്ലാ ബാങ്കുകളുടെയും ഓഹരി വിലകള്‍ ഇന്ന് ഇടിവാണ് രേഖപ്പെടുത്തിയത്. 15 കേരള കമ്പനികളുടെ ഓഹരി വിലകള്‍ ഇന്ന് നേട്ടമുണ്ടാക്കി.