നിപ്പ മരണം വീണ്ടും, കേരളം ആശങ്കയുടെ തീരത്ത്

നിപ്പയുടെ മൂന്നാം വരവ്, കോവിഡ് വ്യാപനത്തില്‍ പകച്ചുനില്‍ക്കുന്ന കേരളത്തില്‍ ആശങ്കയേറ്റുന്നു

Update:2021-09-06 12:20 IST

nipahvirus

കോവിഡ് ലോക്ക്ഡൗണില്‍ ഇളവുകള്‍ പ്രഖ്യാപിച്ച് സാധാരണ നിലയിലേക്ക് മടങ്ങിപ്പോകാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്ന കേരളത്തില്‍ ആശങ്ക പടര്‍ത്തി നിപ്പ മരണം. 2018ല്‍ ആദ്യമായി കേരളത്തില്‍ നിപ്പ റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ 17 പേര്‍ മരിച്ചിരുന്നെങ്കിലും 2019ല്‍ നിപ്പ ബാധ ഉണ്ടായെങ്കിലും രോഗി സുഖം പ്രാപിച്ചിരുന്നു. എന്നാല്‍ നിപ്പയുടെ മൂന്നാം വരവില്‍ തന്നെ ഒരു മരണം സ്ഥിരീകരിക്കപ്പെട്ടതും അത് ദേശീയ, രാജ്യാന്തര മാധ്യമങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതും കേരളത്തിന്റെ തിരിച്ചുവരവിനുള്ള ശ്രമങ്ങള്‍ക്ക് ക്ഷീണമാകും.

കേരളത്തിലെ ടൂറിസം കേന്ദ്രങ്ങളിലേക്ക് ആഭ്യന്തര സഞ്ചാരികളെ ആകര്‍ഷിക്കാനുള്ള ശ്രമത്തിലാണ് സംരംഭകരും സര്‍ക്കാരും. വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കിയും മോടിപ്പിടിപ്പിച്ചും കോവിഡ് കാലത്തെ ഏറെ തകര്‍ന്ന ഈ മേഖലയെ പുനരുജ്ജീവിപ്പിക്കാനുള്ള നീക്കത്തിലാണ് സര്‍ക്കാര്‍. സെപ്തംബര്‍ പത്തോടെ കോവിഡ് വ്യാപനത്തില്‍ കുറവുവന്നേക്കുമെന്ന സൂചനയാണ് ആരോഗ്യ രംഗത്തെ വിദഗ്ധരും പങ്കുവെച്ചിരുന്നത്. അതിനിടെ നിപ്പ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് സഞ്ചാരികളില്‍ ആശങ്ക സൃഷ്ടിച്ചേക്കുമെന്ന ഭീതിയാണ് ഈ രംഗത്തെ സംരംഭകര്‍ പങ്കുവെയ്ക്കുന്നത്.

നിപ്പ ബാധിച്ച് മരിച്ച കുട്ടി റംമ്പൂട്ടാന്‍ കഴിച്ചിരുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ വന്നതോടെ പഴം വിപണിയിലുള്ളവരും ഭീതിയിലാണ്. കഴിഞ്ഞ രണ്ടു തവണ നിപ്പ ബാധ റിപ്പോര്‍ട്ട് ചെയ്യപ്പോഴും സംസ്ഥാനത്തെ പഴം വിപണികളില്‍ അതിന്റെ അലയൊലിയുണ്ടായിരുന്നു. റംമ്പൂട്ടാന്‍ വിളവെടുപ്പ് കാലമായതിനാല്‍ വഴിയോരങ്ങളില്‍ വരെ ഈ പഴം വില്‍പ്പനക്കാര്‍ ഏറെയുണ്ടായിരുന്നു.

നിപ്പ ബാധ റിപ്പോര്‍ട്ട് ചെയ്യപ്പെടുമ്പോഴെല്ലാം കേരളത്തില്‍ നിന്നുള്ള പഴം - പച്ചക്കറിയുടെ കയറ്റുമതിയെ വരെ അത് ബാധിക്കാറുണ്ട്. ഇത്തവണ അത്തരമൊരു സൂചനയൊന്നും ഇപ്പോള്‍ കാണുന്നില്ലെങ്കിലും കോഴിക്കോട്, കണ്ണൂര്‍, മലപ്പുറം ജില്ലകളില്‍ ഒരാഴ്ച അതീവ ജാഗ്രത പ്രഖ്യാപിച്ചത് ഈ രംഗത്തുള്ളവരെ ആശങ്കപ്പെടുത്തുന്നുണ്ട്. വ്യാപന ശേഷി വളരെ കുറഞ്ഞ വൈറസാണ് നിപ്പ. മാത്രമല്ല, കോവിഡ് കാലമായതിനാല്‍ എല്ലാവരും തന്നെ മാസ്‌ക് സ്ഥിരമായി ഉപയോഗിക്കുന്നുമുണ്ട്. അതുകൊണ്ട് തന്നെ പേടിപ്പിക്കുന്ന വിധത്തില്‍ നിപ്പ വ്യാപനം ഉണ്ടാകാനിടയില്ലെന്ന് ആരോഗ്യപ്രവര്‍ത്തകര്‍ പറയുമ്പോഴും സംരംഭക സമൂഹത്തിന് അത് ആശ്വാസം പകരുന്നില്ല.


Tags:    

Similar News