പ്ലാസ്റ്റിക് സർജറി മുതൽ പെസഫിക് ദ്വീപിലെ പൗരത്വം വരെ; രക്ഷപ്പെടാൻ പല വഴികൾ തേടി

Update:2019-03-21 13:07 IST

ത്രില്ലർ സിനിമകളിൽ മാത്രം കണ്ടും കേട്ടും പരിചയമുള്ള കഥകളാണ് വിവാദ വജ്രവ്യാപാരി നീരവ് മോദിയെക്കുറിച്ച് പുറത്തുവരുന്നത്. പഞ്ചാബ് നാഷണൽ ബാങ്കിനെ 13,578 കോടി രൂപ കബളിപ്പിച്ച് നാടുവിട്ടതിന് ശേഷം എൻഫോഴ്‌സ്‌മെന്റിനും സിബിഐയ്ക്കും പിടികൊടുക്കാതിരിക്കാൻ മോദി നടത്തിയ ശ്രമങ്ങൾ പലതാണ്.

2018 ജനുവരിയിലാണ് നീരവ് മോദിയും അമ്മാവനായ മേഹുൽ ചോക്‌സിയും നാടുവിടുന്നത്. കഴിഞ്ഞ 15 മാസമായി, രക്ഷപ്പെടാനുള്ള പദ്ധതികൾ ഓരോന്നായി പരീക്ഷിച്ചികൊണ്ടിരിക്കുകയായിരുന്നു മോദി.

ഓസ്‌ട്രേലിയയിൽ നിന്നും 1,750 കിലോമീറ്റർ അകലെയുള്ള ഒരു പെസഫിക് ദ്വീപായ വേനുആതു (Vanuatu) വിൽ പൗരത്വത്തിന് അപേക്ഷിച്ചിരുന്നു. സിംഗപ്പൂരിൽ പെർമനന്റ് റെസിഡൻസ് ലഭിക്കാനും ഇതിനിടെ ശ്രമിച്ചിരുന്നു.

യുകെയിലെ വലിയ ലോ കമ്പനികളുമായി തനിക്ക് മൂന്നാമതൊരു രാജ്യത്ത് അഭയം ലഭിക്കുന്നതിനെക്കുറിച്ച് മോദി കൂടിയാലോചിച്ചിരുന്നു. പെട്ടെന്ന് തിരിച്ചറിയാതിരിക്കാൻ പ്ലാസ്റ്റിക് സർജറി നടത്തുന്ന കാര്യം വരെ പദ്ധതിയിലുണ്ടായിരുന്നെന്നാണ് റിപ്പോർട്ടുകൾ.

എന്നാൽ ലണ്ടനിലെ അറസ്റ്റോടെ എല്ലാ പദ്ധതികളും പൊളിയുകയായിരുന്നു. ഇക്കാലയളവിൽ ഇന്ത്യൻ ഏജൻസികൾ തുടർച്ചയായി നീരവ് മോദിയുടെ നീക്കങ്ങൾ നിരീക്ഷിക്കുകയായിരുന്നു. യൂറോപ്പിലേക്കും, യുഎഇയിലേക്കുമുള്ള ഇടക്കുള്ള യാത്രകൾ, മീറ്റിംഗുകൾ, പണമിടപാടുകൾ എല്ലാം നിരീക്ഷണത്തിലായിരുന്നു.

എന്നാൽ മെഹുൽ ചോക്‌സി 2017-ൽ തന്നെ ആന്റിഗ്വയിൽ പൗരത്വത്തിന് അപേക്ഷ നൽകിയിരുന്നു. എൻഫോഴ്‌സ്‌മെന്റ് ഇന്റർപോളിനെ സമീപിച്ചപ്പോഴേക്കും തനിക്കെതിരെയുള്ളത് രാഷ്ട്രീയപ്രേരിതമായ നീക്കമാണെന്ന കാരണം ചോക്‌സി ഉയർത്തിയിരുന്നു. എന്നാൽ പിടിക്കപെടില്ല എന്ന വിശ്വാസത്തിൽ നീരവ് മോദി ഇത്തരം നീക്കങ്ങൾ നടത്തിയില്ല..

ചോക്‌സിയെ വിട്ടുകിട്ടാൻ ഇന്ത്യ അപേക്ഷ നൽകിയിട്ടുണ്ടെങ്കിലും ആന്റിഗ്വ ഇതുവരെ പ്രതികരിച്ചിട്ടില്ല.

ധനം ഓൺലൈനിന്റെ സൗജന്യ വാട്സ്ആപ് ന്യൂസ് സേവനം സബ്‌സ്‌ക്രൈബ് ചെയ്യാൻ  Click Here . നമ്പർ സേവ്  ചെയ്യാൻ പ്രത്യേകം ശ്രദ്ധിക്കുക. 

Similar News