മോദിക്ക് മേല്‍ നിതീഷ്-നായിഡു സമ്മര്‍ദ്ദം സാധാരണക്കാരന് ഗുണത്തിന്?
മോദി സൗജന്യങ്ങള്‍ വാരിക്കോരി കൊടുക്കാന്‍ താല്‍പര്യമില്ലാത്ത നേതാവ്, പുതിയ സാഹചര്യത്തില്‍ ഇത് മാറാം
പുതിയ കേന്ദ്രസര്‍ക്കാരിന്റെ സാമ്പത്തിക മുന്‍ഗണനാ ക്രമങ്ങളില്‍ വലിയ മാറ്റം വന്നേക്കുമെന്നാണ് പലരും പ്രവചിക്കുന്നത്. ഇതിനു കാരണമായി പറയുന്നതാകട്ടെ നിതീഷ് കുമാറിന്റെയും ചന്ദ്രബാബു നായിഡുവിന്റെയും സമ്മര്‍ദവും. പുതിയ സര്‍ക്കാരില്‍ ഈ രണ്ടു വെറ്ററന്‍മാര്‍ കൂടുതല്‍ കരുത്തരാകുമ്പോള്‍ ജനപ്രിയ നടപടികളിലേക്ക് കടക്കാന്‍ നരേന്ദ്ര മോദി നിര്‍ബന്ധിതനാകും.
അടിസ്ഥാന പ്രശ്‌നങ്ങള്‍ക്ക് ഊന്നല്‍
രണ്ടാം മോദി സര്‍ക്കാര്‍ കൂടുതലായും ശ്രദ്ധിച്ചത് അടിസ്ഥാന സൗകര്യ വികസനത്തിനാണ്. റോഡുകളും പാലങ്ങളും വിമാനത്താവളങ്ങളും കൂടുതല്‍ ഉയര്‍ന്നു വന്നെങ്കിലും സാധാരണക്കാരുടെ ജീവിതം കൂടുതല്‍ ദുരിതത്തിലായി. ഇന്ധന വിലവര്‍ധനയ്‌ക്കൊപ്പം തൊഴിലില്ലായ്മയും വലിയ പ്രശ്‌നമായിരുന്നു. ജനങ്ങളുടെ പ്രശ്‌നങ്ങള്‍ക്ക് കൂടുതല്‍ ഊന്നല്‍ നല്‍കാന്‍ മോദി നിര്‍ബന്ധിതനാകും.
പള്‍സറിയുന്ന നിതീഷ്
നിതീഷ് കുമാറിനൊരു ചരിത്രമുണ്ട്. അത് കൈവച്ച വകുപ്പുകളിലൊക്കെ ജനപ്രിയ പരിഷ്‌കാരങ്ങള്‍ നടത്തിയതിന്റെ പേരിലാണ്. അടല്‍ബിഹാരി വാജ്‌പേയ് സര്‍ക്കാരിന്റെ കാലത്ത് റെയില്‍വേയെ കൂടുതല്‍ ജനകീയമാക്കിയതിന്റെ ക്രെഡിറ്റ് നിതീഷിന് അവകാശപ്പെട്ടതാണ്. അതുവരെ പഴഞ്ചന്‍ ട്രാക്കില്‍ പോയിരുന്ന റെയില്‍വേയെ ആധുനീകവല്‍ക്കരണത്തിലേക്ക് കൈപിടിച്ച് നടത്തിയായിരുന്നു നിതീഷ് പടിയിറങ്ങിയത്. പിന്നീടുവന്ന ലാലുപ്രസാദ് യാദവിനാണ് പരിഷ്‌കാരത്തിന്റെ ക്രെഡിറ്റ് കിട്ടിയെന്ന് മാത്രം.
സാധാരണക്കാരുടെ ഭാഗത്തു നിന്ന് ചിന്തിക്കാനും പദ്ധതികള്‍ ആസൂത്രണം ചെയ്യാനും നിതീഷിനുള്ള പാടവം എതിരാളികള്‍ പോലും അംഗീകരിക്കും. നിന്നനില്പില്‍ രാഷ്ട്രീയ മറിച്ചിലുകള്‍ നടത്തുമ്പോഴും ബിഹാറിലെ ജനങ്ങള്‍ കൈവിടാത്തതിന് കാരണവും ഇതുതന്നെ. മൂന്നാമുഴത്തിലേക്ക് പോകുന്ന മോദിക്ക് നിതീഷിന്റെ സമ്മര്‍ദങ്ങള്‍ തലവേദനയാകുമെങ്കിലും സാധാരണക്കാര്‍ക്ക് ഗുണം ചെയ്യുന്ന നടപടികള്‍ക്ക് കാരണമാകും.
സാധാരണക്കാരന്റെ പ്രശ്‌നങ്ങളിലേക്ക് ശ്രദ്ധതിരിക്കാനും അവരുടെ കൈയിലേക്ക് കൂടുതല്‍ പണമെത്തിക്കാനും നിതീഷിന്റെ സാന്നിധ്യം സര്‍ക്കാരിനെ പ്രേരിപ്പിക്കും. പൊതുവേ സൗജന്യങ്ങളോട് താല്പര്യമില്ലാത്ത നേതാവാണ് മോദി. എന്നാല്‍ മാറിയ സാഹചര്യത്തില്‍ ജനപ്രിയ പദ്ധതികളിലേക്ക് തിരിയേണ്ടിവരും.
ടെക്‌നോളജിയെ കൂട്ടിപിടിക്കുന്ന നായിഡു
ഹൈദരാബാദിനെ ഇന്ത്യയുടെ ടെക് ഹബ്ബാക്കി മാറ്റിയതില്‍ ചന്ദ്രബാബു നായിഡു എന്ന മുഖ്യമന്ത്രിയുടെ ദീര്‍ഘവീക്ഷണം വളരെ വലുതാണ്. ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന സമയത്ത് മോദി പലപ്പോഴായി നായിഡുവിനെ പകര്‍ത്താന്‍ ശ്രമിച്ചിരുന്നു. ടെക്‌നോളജിയെ കൂട്ടുപിടിച്ച് താഴേത്തട്ടിലേക്ക് ആനുകൂല്യങ്ങള്‍ എത്തിക്കാന്‍ സഹായിച്ചത് നായിഡു തുടങ്ങിവച്ച മാതൃകയായിരുന്നു.
രാഷ്ട്രീയക്കാരന്റെ റോളിനൊപ്പം ബിസിനസുകാരനായും തിളങ്ങുന്ന നായിഡു ആന്ധ്രയ്ക്കായി പിടിവാശി കാണിക്കുമെന്ന് ഉറപ്പാണ്. മുഖ്യമന്ത്രിയായും പിന്നീട് പ്രധാനമന്ത്രിയായപ്പോഴും ഏകകക്ഷി ഭരണത്തിന്റെ ആനുകൂല്യം ആസ്വദിച്ചിരുന്ന മോദി എങ്ങനെ ഇവരെ ഡീല്‍ ചെയ്യുമെന്നത് ശ്രദ്ധേയമാണ്.