കര്‍ണാടകയില്‍ രണ്ട് പേര്‍ക്ക് ഓമിക്രോണ്‍, അതീവജാഗ്രതയോടെ കേരളം
വിദേശത്തുനിന്നെത്തിയ രണ്ടു പേരിലാണ് രോഗം കണ്ടെത്തിയത്.
കോവിഡിന്റെ ഏറ്റവും പുതുതായി സ്ഥിരീകരിച്ച ഓമിക്രോണ്‍ വകഭേദം ഇന്ത്യയിലും കണ്ടെത്തി. കര്‍ണാടകയിലെ വിമാനത്താവളത്തില്‍ നടത്തിയ പരിശോധനയില്‍ വൈറസ് സ്ഥിരീകരിച്ചതായാണ് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ വിലയിരുത്തല്‍. വിദേശത്തുനിന്നെത്തിയ 66,46 വയസ്സുള്ള രണ്ടു പുരുഷന്മാരിലാണ് രോഗം കണ്ടെത്തിയത്. ഇവരെ ഉടന്‍ ഐസലേഷനില്‍ പ്രവേശിപ്പിച്ചതിനാല്‍ രോഗവ്യാപന ഭീഷണിയില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി. ഇരുവര്‍ക്കും നേരിയ ലക്ഷണങ്ങള്‍ മാത്രമാണുള്ളത്.
വൈറസ് സ്ഥിരീകരിച്ചവരുമായി സമ്പര്‍ക്കത്തിലുണ്ടായിരുന്നവരെ കണ്ടെത്തി നിരീക്ഷണത്തിലാക്കിയെന്ന് ആരോഗ്യമന്ത്രാലയം ജോയിന്റ് സെക്രട്ടറി ലവ് അഗര്‍വാള്‍ അറിയിച്ചു. പത്തു പേരുടെ ഫലം കാത്തിരിക്കുന്നുവെന്നും അറിയിച്ചു. ആശങ്കപ്പെടേണ്ട സാഹചര്യം നിലവിലില്ലെന്നും എന്നാല്‍ കോവിഡ് മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കണമെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.
29 രാജ്യങ്ങളിലായി 373 പേര്‍ക്കാണ് ഇതുവരെ ഒമിക്രോണ്‍ സ്ഥിരീകരിച്ചതെന്നും ഈ രാജ്യങ്ങളിലെ സ്ഥിതിഗതികള്‍ ഇന്ത്യ കൃത്യമായി നിരീക്ഷിച്ചുവരികയാണെന്നും കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. അതേസമയം മലയാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ സഞ്ചരിച്ച വിമാനത്തിലാണോ യാത്രികര്‍ വന്നതെന്ന അന്വേഷണം ഊര്‍ജിതമായി നടക്കുന്നുണ്ട്. കേരളത്തിന്റെ തൊട്ട് അയല്‍ സംസ്ഥാനമെന്ന നിലയില്‍ സുരക്ഷിതത്വം ഊര്‍ജിതപ്പെടുത്തിയിട്ടുണ്ട്.
വിമാനത്താവളങ്ങളില്‍ ഇതിനോടകം സുരക്ഷാ നടപടികള്‍ കൈക്കൊണ്ടിട്ടുണ്ട്. യാത്രക്കാര്‍ കോവിഡ് പ്രത്യേക സാഹചര്യത്തോട് സഹകരിക്കുകയും സ്വയം സുരക്ഷിതരാകുകയും ടെസ്റ്റുകള്‍ നടത്തുകയും ക്വാറന്റീന്‍ നടപടികള്‍ സ്വീകരിക്കുകയും വേണം.