കെ.എസ്.ഇ.ബി യുടെ സേവനങ്ങള്‍ ലഭിക്കാന്‍ ഇനി ഓണ്‍ലൈനായി നിര്‍ബന്ധമായും അപേക്ഷിക്കണം, തത്സമയ ട്രാക്കിംഗ് സൗകര്യവും

വെബ്‌സൈറ്റ് മലയാളത്തിലും ഇംഗ്ലീഷിലും ലഭ്യമാണ്;

Update:2024-11-21 10:37 IST

Image Courtesy: Canva, KSEB

കെ.എസ്.ഇ.ബി (കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ് ലിമിറ്റഡ്) ഡിസംബർ ഒന്നു മുതൽ എല്ലാ സേവനങ്ങൾക്കും ഓൺലൈന്‍ അപേക്ഷകൾ നിർബന്ധമാക്കി. ക്രമക്കേടുകൾ തടയാനാണ് നടപടി.
അപേക്ഷകൾ ലഭിച്ച് രണ്ട് ദിവസത്തിനകം തുടര്‍ നടപടികള്‍ സംബന്ധിച്ച രൂപരേഖ തയ്യാറാക്കണമെന്ന് കെ.എസ്.ഇ.ബി ചെയർമാൻ ജീവനക്കാരോട് ആവശ്യപ്പെട്ടിട്ടുണ്ട്. സീനിയോറിറ്റി നമ്പർ, ജോലി പൂർത്തിയാക്കേണ്ട നിർദ്ദിഷ്ട തീയതി, എസ്.എം.എസ്, വാട്ട്‌സ്ആപ്പ് എന്നിവ വഴി അവരുടെ അപേക്ഷ ട്രാക്ക് ചെയ്യാനുള്ള ലിങ്ക് തുടങ്ങിയ വിശദാംശങ്ങൾ അപേക്ഷ നല്‍കുന്നവര്‍ക്ക് ലഭിക്കുന്നതാണ്. ഉപയോക്താക്കള്‍ക്ക് അവരുടെ ഫയലുകൾ വെബ്‌സൈറ്റിൽ തത്സമയം ട്രാക്ക് ചെയ്യാനും സാധിക്കും എന്നതും ഓൺലൈനായി അപേക്ഷ നല്‍കുന്നതിന്റെ മെച്ചങ്ങളാണ്.

വെബ്‌സൈറ്റ്

പുതിയ കണക്ഷനുകൾ ഉൾപ്പെടെ എല്ലാ സേവനങ്ങള്‍ക്കുമുളള അപേക്ഷകളും കെ.എസ്.ഇ.ബി യുടെ ഉപഭോക്തൃ വെബ്സൈറ്റായ wss.kseb.in വഴി ജനങ്ങള്‍ക്ക് സമര്‍പ്പിക്കാവുന്നതാണ്. വെബ്‌സൈറ്റിൽ മലയാളത്തിലും ഇംഗ്ലീഷിലും വിവരങ്ങൾ ലഭ്യമാണ്.
പരാതികള്‍ വേഗത്തില്‍ പരിഹരിക്കുന്നതിനായി ഡയറക്ടറുടെ കീഴിൽ കസ്റ്റമർ കെയർ സെല്‍ തുടങ്ങുന്നതാണ്. കെ.എസ്.ഇ.ബി യുടെ വിവിധ സേവനങ്ങള്‍ സംബന്ധിച്ച് വ്യക്തത വരുത്താനും ഓൺലൈൻ അപേക്ഷകളുമായി ബന്ധപ്പെട്ട സഹായത്തിനും കസ്റ്റമർ കെയർ ഉപയോഗപ്പെടുത്താവുന്നതാണ്.
കൂടാതെ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളില്‍ പരീക്ഷണാടിസ്ഥാനത്തിൽ കസ്റ്റമർ കെയർ കേന്ദ്രങ്ങള്‍ ആരംഭിക്കാനും പദ്ധതിയുണ്ട്.
Tags:    

Similar News