വലിപ്പത്തില്‍ നാലാമത്, അറബിക്കടലില്‍ പുതിയ എണ്ണശേഖരം കണ്ടെത്തിയെന്ന് പാകിസ്ഥാന്‍; കെട്ടുകഥയെന്ന് മറുവാദം
പുതിയ എണ്ണശേഖരം രാജ്യത്തെ ഊര്‍ജ്ജ ഇറക്കുമതിയ്ക്ക് പകരമാകുമോ എന്ന കാര്യത്തില്‍ പാകിസ്ഥാനിലെ ഗവേഷകര്‍ക്കും ഉറപ്പില്ല
കടക്കെണിയിലേക്ക് വീണുകൊണ്ടിരിക്കുന്ന പാകിസ്ഥാന് പ്രതീക്ഷ നല്‍കി കടലിനടിയില്‍ പുതിയ എണ്ണശേഖരം കണ്ടെത്തിയതായി റിപ്പോര്‍ട്ട്. ലോകത്തിലെ ഏറ്റവും വലുതെന്ന അവകാശവാദത്തോടെയാണ് പാകിസ്ഥാന്‍ ഇക്കാര്യം പുറത്തുവിട്ടത്. ഒരു സൗഹൃദ രാജ്യവുമായുള്ള സഹകരണത്തോടെ മൂന്ന് വര്‍ഷമായി നടത്തിവന്ന സര്‍വേയ്‌ക്കൊടുവിലാണ് പ്രകൃതിവാതകവും പെട്രോളിയവും അടങ്ങിയ എണ്ണശേഖരം കണ്ടെത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍
പുതിയ കണ്ടെത്തല്‍ പാകിസ്ഥാന്റെ തലവര മാറ്റുമോ?
രാജ്യത്തിന്റെ പൊതുകടവും പണപ്പെരുപ്പവും വര്‍ധിച്ചതോടെ പ്രതിസന്ധിയിലായ പാകിസ്ഥാന്‍ വിദേശസഹായത്തോടെയാണ് നിലവില്‍ പിടിച്ചുനില്‍ക്കുന്നത്. ഇതിനിടെ പുറത്തുവന്ന പുതിയ വാര്‍ത്തകള്‍ പാകിസ്ഥാന് പ്രതീക്ഷ നല്‍കുന്നതാണെന്നാണ് വിലയിരുത്തല്‍. എന്നാല്‍ ഇത് രാജ്യത്തെ ഊര്‍ജ്ജ ഇറക്കുമതിയ്ക്ക് പകരമാകുമോ എന്ന കാര്യത്തില്‍ പാകിസ്ഥാനിലെ ഗവേഷകര്‍ക്കും ഉറപ്പില്ല. 2023ലെ പാകിസ്ഥാന്റെ ഊര്‍ജ്ജ ഇറക്കുമതി 17.5 ബില്യന്‍ ഡോളറായിരുന്നു (ഏകദേശം 1,45,250 കോടി ഇന്ത്യന്‍ രൂപ). അടുത്ത ഏഴ് വര്‍ഷത്തിനിടയില്‍ ഇത് ഇരട്ടിയോളമാകുമെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു. നിലവില്‍ രാജ്യത്തിന് ആവശ്യമായ 29 ശതമാനം ഗ്യാസും 85 ശതമാനം പെട്രോളിയവും 20 ശതമാനം കല്‍ക്കരിയും 50 ശതമാനം എല്‍.പി.ജിയും ഇറക്കുമതിയിലൂടെയാണ് കണ്ടെത്തുന്നത്. പുതിയ എണ്ണശേഖരം ഉപയോഗിച്ച് ഈ കണക്കുകളെ മറികടക്കാനാകുമോ എന്ന കാര്യത്തില്‍ ഉറപ്പില്ല. ഇവിടെ നിന്നും ഖനനം ആരംഭിച്ച ശേഷം മാത്രമേ ഇക്കാര്യത്തില്‍ വ്യക്തത വരൂ. അതിന് മുമ്പ് നടത്തുന്ന അവകാശവാദങ്ങള്‍ ബാലിശമാണെന്നും പാക് ഓയില്‍ കമ്പനിയിലെ ഒരു മുന്‍ ഉദ്യോഗസ്ഥന്‍ പറഞ്ഞു.
പാക് വാദം കളവാണെന്ന്
അതേസമയം, വലിയ എണ്ണശേഖരം കണ്ടെത്തിയെന്ന പാകിസ്ഥാന്റെ വാദം തെറ്റാണെന്നും ചില റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്. അറബിക്കടലില്‍ ഭൂകമ്പവുമായി ബന്ധപ്പെട്ട് നടത്തിയ ഒരു പഠനത്തെയാണ് വലിയ നേട്ടമായി അവതരിപ്പിക്കുന്നതെന്നും പാകിസ്ഥാന്‍ ഓയില്‍ ആന്‍ഡ് ഗ്യാസ് ഡെവലപ്‌മെന്റ് കമ്പനിയിലെ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് സി.എന്‍.എന്‍-ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്യുന്നു. പഠനത്തില്‍ നിന്ന് ലഭിച്ച വിവരങ്ങള്‍ പരിശോധിച്ച് വരുന്നതേയുള്ളൂ. പ്രദേശത്ത് ഹൈഡ്രോകാര്‍ബണ്‍ സാന്നിധ്യമുണ്ടോയെന്ന് പിന്നീട് മാത്രമേ മനസിലാകൂ. 2018ലും സമാനമായ സര്‍വേകള്‍ നടത്തിയതാണെന്നും അദ്ദേഹം പറഞ്ഞതായി റിപ്പോര്‍ട്ടില്‍ തുടരുന്നു.
2018ല്‍ അമേരിക്കന്‍ കമ്പനി കുഴിച്ചത് 17 തവണ
എണ്ണശേഖരമുണ്ടെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്ന് 2018ല്‍ അമേരിക്കന്‍ ഓയില്‍ കമ്പനിയായ എക്‌സോണ്‍മൊബില്‍ (Exxonmobil) കടലിനടിയില്‍ ആഴത്തില്‍ കുഴിച്ചെങ്കിലും നിരാശയായിരുന്നു ഫലം. 17 തവണ കുഴിച്ച ശേഷം ദൗത്യം പരാജയമാണെന്ന് മനസിലാക്കി സംഘം മടങ്ങുകയായിരുന്നു. കോടികള്‍ ഇതിന് വേണ്ടി ചെലവിട്ടെങ്കിലും എണ്ണശേഖരം കണ്ടെത്താനാവാതെ വന്നത് പാകിസ്ഥാനെ നിരാശപ്പെടുത്തിയിരുന്നു. പുതിയ സ്ഥലത്ത് ഖനനം തുടങ്ങാന്‍ വലിയ തുക ആവശ്യമായി വരുമെന്നതും പാകിസ്ഥാനെ അലട്ടുന്നുണ്ട്.
ശരിയാണെങ്കില്‍ ലോട്ടറി
അതേസമയം, എണ്ണശേഖരം കണ്ടെത്തിയെന്ന വാര്‍ത്തകള്‍ ശരിയാണെങ്കില്‍ പാകിസ്ഥാനെ കാത്തിരിക്കുന്നത് ബമ്പര്‍ ലോട്ടറിയാണെന്നും വിലയിരുത്തലുണ്ട്. ലോകത്തിലെ ഏറ്റവും വലിയ നാലാമത്തെ എണ്ണശേഖരമാണ് പാകിസ്ഥാനില്‍ കണ്ടെത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രദേശത്ത് നിന്നും പെട്രോളിയം ഉത്പന്നങ്ങള്‍ ഖനനം ചെയ്‌തെടുക്കുന്നതിന് വര്‍ഷങ്ങള്‍ വേണ്ടിവരുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.