പതിവ് തെറ്റാതെ ഇന്നും വര്‍ധന: രാജ്യത്ത് സെഞ്ച്വറി അടിച്ച് പെട്രോള്‍വില

രാജസ്ഥാനിലെ ശ്രീഗംഗാനഗറിലാണ് പെട്രോള്‍ വില ലിറ്ററിന് നൂറ് കടന്ന് 100.13 രൂപയായത്

Update:2021-02-17 12:03 IST

പതിവ് തെറ്റാതെ രാജ്യത്ത് ഇന്നും ഇന്ധനവില വര്‍ധിച്ചതോടെ പെട്രോള്‍ വില 100 കടന്നു. ഇന്ന് പെട്രോളിന് 25 പൈസയും ഡീസലിന് 26 പൈസയുമാണ് വര്‍ധിച്ചത്. രാജസ്ഥാനിലെ ശ്രീഗംഗാനഗറിലാണ് പെട്രോള്‍ വില ലിറ്ററിന് നൂറ് കടന്ന് 100.13 രൂപയായത്. തുടര്‍ച്ചയായി പത്താം ദിവസമാണ് ഇത് പെട്രോളിനും ഡീസലിനും വില വര്‍ധിക്കുന്നത്. 10 ദിവസത്തിനിടെ ഡീസലിന് 2.70 രൂപയും പെട്രോളിന് 1.45 രൂപയുമാണ് വര്‍ധിച്ചത്. കൊച്ചിയില്‍ ഒരു ലിറ്റര്‍ പെട്രോളിന് 88.91 രൂപയും ഡീസലിന് 84.42 രൂപയുമാണ് ഇന്നത്തെ വില.

ദേശീയ തലസ്ഥാനമായ ഡല്‍ഹിയില്‍ പെട്രോളിന് ലിറ്ററിന് 89.54 രൂപയും ഡീസലിന് 79.95 രൂപയുമാണ് ഇന്നത്തെ വില. സാമ്പത്തിക തലസ്ഥാനമായ മുംബൈയില്‍ പെട്രോള്‍ 96.00 രൂപയ്ക്കും ഡീസല്‍ 86.98 രൂപയ്ക്കുമാണ് വില്‍പ്പന നടത്തുന്നത്.
കൊല്‍ക്കത്തയിലെ പെട്രോള്‍ വില 90.54 രൂപയില്‍ നിന്ന് 90.78 രൂപയായി. ഡീസല്‍ നിരക്ക് 83.29 രൂപയില്‍ നിന്ന് ലിറ്ററിന് 83.54 രൂപയായി ഉയര്‍ന്നു. ചെന്നൈയില്‍ പെട്രോളിന് 91.68 രൂപയും ഡീസലിന് 85.01 രൂപയുമാണ് വില.
ബ്രെന്റ് ക്രൂഡ് ഓയില്‍ നിരക്കിനെ ആശ്രയിച്ചാണ് ഇന്ത്യയിലെ ഇന്ധനവില ദിനവും പരിഷ്‌കരിക്കുന്നത്. ഇന്ധന ആവശ്യത്തിന്റെ 85 ശതമാനവും ഇറക്കുമതി ചെയ്യുന്ന ഇന്ത്യയില്‍ പെട്രോള്‍ വിലയുടെ 61 ശതമാനവും ഡീസല്‍ വിലയുടെ 56 ശതമാനവും കേന്ദ്ര-സംസ്ഥാന നികുതികളാണ്. പെട്രോളിന് ലിറ്ററിന് 32.9 രൂപയും ഡീസലിന് 31.80 രൂപയുമാണ് കേന്ദ്രം ഈടാക്കുന്നത്.
കേന്ദ്രത്തിന് പുറമെ സംസ്ഥാനവും നികുതി ഈടാക്കുന്നതിനാല്‍ സംസ്ഥാനങ്ങളില്‍ ഇന്ധനവില വ്യത്യസ്തമാണ്. രാജസ്ഥാനാണ് രാജ്യത്ത് ഇന്ധനത്തിന് ഏറ്റവും കൂടുതല്‍ വാറ്റ് ഈടാക്കുന്നത്. തുടര്‍ച്ചയായുള്ള വിലവര്‍ധനവിനെ തുടര്‍ന്ന് കഴിഞ്ഞ മാസം അവസാനത്തോടെ രാജസ്ഥാന്‍ പെട്രോള്‍, ഡീസല്‍ എന്നിവയുടെ വാറ്റ് രണ്ട് ശതമാനം കുറച്ചിരുന്നു.
2018 ഒക്ടോബറിന് ശേഷമുള്ള ഏറ്റവു വലിയ നിരക്കിലാണ് രാജ്യത്തെ ഇന്ധനവില.


Tags:    

Similar News