ഇനി വേനല്‍ക്കാലങ്ങളില്‍ വൈദ്യുതി ചാര്‍ജിനൊപ്പം സമ്മര്‍ താരിഫും? നിരക്ക് വര്‍ധന ഈയാഴ്ച

കെ.എസ്.ഇ.ബി. സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വര്‍ധനയും വേനല്‍ക്കാലത്തേക്ക് പ്രത്യേക താരിഫ് നടപ്പാക്കുന്നതും പരിഗണിക്കുന്നു;

Update:2024-12-03 10:51 IST
സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വര്‍ധന ഈയാഴ്ച പ്രഖ്യാപിച്ചേക്കും. യൂണിറ്റിന് 4.45 വേണമെന്ന ആവശ്യമാണ് കെ.എസ്.ഇ.ബി വൈദ്യുതി റെഗുലേറ്ററി കമ്മീഷനോട് ആവശ്യപ്പെട്ടിരിക്കുന്നത്. അഞ്ചിന് മന്ത്രിയുമായുള്ള ചര്‍ച്ചയ്ക്ക് ശേഷം പുതിയ നിരക്ക് പ്രഖ്യാപിക്കുമെന്നാണ് വിവരം. ഡിസംബര്‍ നാലിന് വൈദ്യുതി റെഗുലേറ്ററി കമ്മീഷന്‍ ചെയര്‍മാന്‍ തിരുവനന്തപുരത്ത് എത്തുന്നുണ്ട്.

വരുമോ സമ്മര്‍ താരിഫ്

കഴിഞ്ഞ കുറച്ചു നാളുകളായി വേനല്‍ക്കാലത്ത് വൈദ്യുത ഉപഭോഗം ഉയര്‍ന്ന തലത്തിലാണ്. പുറത്തുനിന്ന് അധിക വൈദ്യുതി വാങ്ങുന്ന വകയില്‍ വലിയ ബാധ്യതയാണ് സംസ്ഥാന സര്‍ക്കാരിനുള്ളത്. ഉപഭോഗം കുറയ്ക്കുന്നതിന്റെ ഭാഗമായി വേനല്‍ക്കാലത്ത് മാത്രം പ്രത്യേക താരിഫ് ഈടാക്കണമെന്നാണ് കെ.എസ്.ഇ.ബിയുടെ ആവശ്യം.
സമ്മര്‍ താരിഫ് കൊണ്ടുവരുന്നതോടെ അനാവശ്യമായി വൈദ്യുതി പാഴാക്കുന്നത് തടയാന്‍ സാധിക്കുമെന്ന വാദമാണ് ബോര്‍ഡ് ഉയര്‍ത്തുന്നത്. എന്നാല്‍ സര്‍ക്കാര്‍ ഇത് അംഗീകരിച്ചേക്കില്ലെന്ന സൂചനയാണ് വൈദ്യുതിമന്ത്രി കെ. കൃഷ്ണന്‍കുട്ടിയുടെ വാക്കുകളിലുള്ളത്. ഉപയോക്താക്കള്‍ക്കുമേല്‍ അധികഭാരം അടിച്ചേല്‍പ്പിക്കുന്ന തരത്തിലുള്ള യാതൊരു നിര്‍ദ്ദേശവും നടപ്പാക്കാന്‍ സര്‍ക്കാരിന് ഉദ്ദേശമില്ലെന്നാണ് മന്ത്രി പറയുന്നത്.
കെ.എസ്.ഇ.ബി വലിയ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നതെന്ന് മന്ത്രി വ്യക്തമാക്കി. വരുമാനവും ചെലവും തമ്മില്‍ ഒത്തു പോകാത്തത് പ്രതിസന്ധിയാണ്. വേനല്‍ക്കാലത്ത് വലിയ വില കൊടുത്താണ് വൈദ്യുതി വാങ്ങിക്കുന്നത്. യൂണിറ്റിന് 15 രൂപയൊക്കെ കൊടുത്താണ് വാങ്ങുക. എങ്കിലും പീക്ക് സമയത്ത് ആവശ്യം നേരിടാന്‍ സാധ്യമായതെല്ലാം ചെയ്യുന്നുണ്ട്. ഏതൊക്കെ മേഖലകളില്‍ സബ്‌സിഡി കൊടുക്കണമെന്ന കാര്യം റെഗുലേറ്ററി കമ്മീഷന്റെ റിപ്പോര്‍ട്ട് വന്ന ശേഷം സര്‍ക്കാരാണ് തീരുമാനിക്കുക.
ആഭ്യന്തര ഉല്‍പാദനം കുറഞ്ഞത് കേരളത്തിന്റെ ഊര്‍ജ മേഖലയ്ക്ക് വന്‍ തിരിച്ചടിയാണ്. സംസ്ഥാനത്ത് 3,000 ടിഎംസി ജലം ലഭ്യമാണെങ്കിലും അതില്‍ 300 ടിഎംസി മാത്രമാണ് വൈദ്യുതിക്കും ജലസേചനത്തിനും കുടിവെള്ളത്തിനും മറ്റുമായി ഉപയോഗിക്കാനാവുന്നത്. ബാക്കി മുഴുവന്‍ പാഴാവുകയാണെന്നും മന്ത്രി കൃഷ്ണന്‍കുട്ടി കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ വര്‍ഷവും നിരക്ക് വര്‍ധന

വൈദ്യുതി നിരക്കുകള്‍ അവസാനമായി വര്‍ധിപ്പിച്ചത് കഴിഞ്ഞ വര്‍ഷമായിരുന്നു. ആഭ്യന്തര ഉത്പാദനത്തിലെ കുറവ്, വൈദ്യുതി വില്‍പ്പന ചെലവിന്റെ വര്‍ധന, പ്രവര്‍ത്തന-സംഭരണ ചെലവുകളുടെ ഉയര്‍ന്ന നിരക്ക് എന്നിവയെ ചൂണ്ടിക്കാട്ടി നിരക്കുകള്‍ വര്‍ധിപ്പിക്കണമെന്ന് കെ.എസ്.ഇ.ബി. നേരത്തെ ശിപാര്‍ശ ചെയ്തിരുന്നു.

വൈദ്യുതിചാര്‍ജ് വര്‍ധിപ്പിക്കുന്നതിനെതിരേ പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ രംഗത്തുവന്നു. 2011-2016 കാലഘട്ടത്തില്‍ ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തിലുള്ള യുഡിഎഫ് സര്‍ക്കാര്‍ കെ.എസ്.ഇ.ബി.യുടെ കടബാധ്യത കുറച്ചിരുന്നു. എന്നാല്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം ബാധ്യത കുത്തനെ ഉയര്‍ന്നു. 2016ല്‍ 1,083 കോടി രൂപയായിരുന്ന കടബാധ്യത 45,000 കോടിയായെന്നാണ് സതീശന്റെ ആരോപണം.

Tags:    

Similar News