റിപ്പോ നിരക്കില്‍ മാറ്റമില്ല, 6.5 ശതമാനം തന്നെ; വായ്പ പലിശ നിരക്കുകളും അതേപടി തുടരും
റിസര്‍വ് ബാങ്ക് ഗവര്‍ണറുടെ പ്രഖ്യാപനം ധനനയ സമിതി യോഗത്തിനു ശേഷം
മൊത്ത ആഭ്യന്തര ഉല്‍പാദന (ജി.ഡി.പി) വളര്‍ച്ചയിലെ മാന്ദ്യ പ്രവണതക്കും ഉയര്‍ന്ന പണപ്പെരുപ്പത്തിനുമിടയില്‍ റിപ്പോ നിരക്കുകള്‍ മാറ്റമില്ലാതെ 6.5 ശതമാനത്തില്‍ നിലനിര്‍ത്തി റിസര്‍വ് ബാങ്ക്. നയപരമായ നിഷ്പക്ഷത തുടരാനും നാണ്യപ്പെരുപ്പത്തെയും വളര്‍ച്ചയേയും നിരീക്ഷിക്കാനുമാണ് നിരക്ക് മാറ്റമില്ലാതെ നിലനിര്‍ത്തുന്നതെന്ന് ധനനയ സമിതിയുടെ യോഗത്തിനു ശേഷം റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ് വിശദീകരിച്ചു. അടുത്ത സാമ്പത്തിക വര്‍ഷത്തേക്കുള്ള ജി.ഡി.പി വളര്‍ച്ചാ പ്രവചനം 6.6 ശതമാനമാണ്. നാലര ശതമാനത്തില്‍ നിന്ന് പണത്തിന്റെ കരുതല്‍ അനുപാതം (സി.ആര്‍.ആര്‍) നാലു ശതമാനമായി കുറച്ചു. ബാങ്കുകള്‍ക്ക് 1.16 കോടി രൂപയുടെ ലിക്വിഡിറ്റി ലഭ്യമാക്കുമെന്നും ശക്തികാന്തദാസ് പറഞ്ഞു.
വളർച്ചാ നിരക്ക് താഴ്ത്തി
ആറംഗ സമിതിയില്‍ 4:2 എന്ന ഭൂരിപക്ഷ അഭിപ്രായത്തിലാണ് റിപ്പോ നിരക്ക് മാറ്റാതെ നിലനിര്‍ത്താനുള്ള തീരുമാനമുണ്ടായത്. റിപ്പോ നിരക്ക് മാറ്റമില്ലാതെ നിലനിര്‍ത്തുന്നത് ഇത് തുടര്‍ച്ചയായ 11-ാം തവണയാണ്. നടപ്പു സാമ്പത്തിക വര്‍ഷത്തെ ഉയര്‍ന്ന നാണ്യപ്പെരുപ്പം, കുറച്ച വളര്‍ച്ചാ ലക്ഷ്യം എന്നിവ ചൂണ്ടിക്കാട്ടിയാണ് ഇത്. റിപ്പോ നിരക്കില്‍ മാറ്റം വരുത്താത്തതു കൊണ്ടു തന്നെ വായ്പ പലിശ നിരക്കുകളിലും മാറ്റമുണ്ടാവില്ല. അതേസമയം, നിരക്ക് കുറക്കുമെന്ന് പ്രതീക്ഷിച്ച നിക്ഷേപകര്‍ക്ക് നിരാശ നല്‍കുന്നതാണ് റിസര്‍വ് ബാങ്ക് തീരുമാനം. വളര്‍ച്ചാ ലക്ഷ്യം 7.3 ശതമാനത്തില്‍ നിന്നാണ് ഈ വര്‍ഷം 6.6 ശതമാനമായി താഴ്ത്തി നിശ്ചയിച്ചത്. ഒക്‌ടോബറില്‍ നാണ്യപ്പെരുപ്പം ആറു ശതമാനം കടന്നതായും റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ചൂണ്ടിക്കാട്ടി.
നിലവിലെ സാഹചര്യത്തില്‍ വിപണിയ്ക്കും സമ്പദ് വ്യവസ്ഥയ്ക്കും ആവശ്യമായ നീക്കമാണ് പയണനയത്തില്‍ നടപ്പാക്കിയിരിക്കുന്നതെന്ന് ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് ചീഫ് ഇന്‍വെസ്റ്റ്‌മെന്റ് സ്ട്രാറ്റജിസ്റ്റ് വി.കെ വിജയകുമാര്‍ പറഞ്ഞു. പണപ്പെരുപ്പം ഉയര്‍ന്നു നില്‍ക്കുന്നത് പരിഗണിച്ച് വില സ്ഥിരതയ്ക്കാണ് ആര്‍.ബി.ഐ പ്രാധാന്യം നല്‍കിയത്. കരുതല്‍ ധനാനുപാതം (ക്യാഷ് റിസര്‍വ് റേഷ്യോ/സി.ആര്‍.ആര്‍) 50 ബേസിസ് പോയിന്റ് കുറച്ചതു വഴി 1.16 ലക്ഷം കോടി രൂപയാണ് സമ്പദ്‌വ്യവസ്ഥയിലേക്ക് എത്തുന്നത്. ബാങ്കുകളുടെ ലിക്വിഡിറ്റി പ്രശ്‌നങ്ങളും അതിനേക്കാളുപരി ഫണ്ട് ചെലവുകളും കുറയ്ക്കുന്നതില്‍ ഇത് മുഖ്യ പങ്കു വഹിക്കും. ഓഹരി വിപണിയെ സംബന്ധിച്ചും മികച്ച പ്രഖ്യാപനമാണിത്. ബാങ്കിംഗ് ഓഹരികള്‍ ശക്തമായി തിരിച്ചു വരാന്‍ ഇത് സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.