സൂപ്പര്‍താരങ്ങളുടെ ചിത്രം പോലും ഒ.ടി.ടിക്കു വേണ്ട, സിനിമ പ്രളയത്തില്‍ മൂക്കുകുത്തി മലയാള സിനിമ, പിടിച്ചുനില്‍ക്കുന്നത് ലോബജറ്റ് ചിത്രങ്ങള്‍!

ഈ വര്‍ഷം ഇതുവരെ പുറത്തിറങ്ങിയ ചിത്രങ്ങളുടെ എണ്ണം 200ന് അടുത്തെത്തി. ഇതില്‍ ഒട്ടുമിക്ക ചിത്രങ്ങളും ബോക്‌സ്ഓഫീസില്‍ എട്ടുനിലയില്‍ പൊട്ടുകയും ചെയ്തു

Update:2024-11-25 12:22 IST

Image Courtesy: x.com/Mohanlal, x.com/mammukka, x.com/PrithviOfficial

100 കോടി ക്ലബിലെത്തിയ ചിത്രങ്ങളില്‍ റെക്കോഡ് ബുക്കിലിടം പിടിക്കുമ്പോഴും മലയാള സിനിമയില്‍ പ്രതിസന്ധി മാറുന്നില്ല. പണമൊഴുകിയ 2024ന്റെ തുടക്കത്തിനു ശേഷം തീയറ്ററുകളില്‍ വരള്‍ച്ചയായിരുന്നു. എന്നാല്‍ ക്രിസ്മസ് അടുക്കാനിരിക്കെ ഒരുപിടി ചെറുചിത്രങ്ങള്‍ മികച്ച അഭിപ്രായവുമായി മുന്നേറിയതോടെ വീണ്ടും കാഴ്ചക്കാര്‍ തീയറ്ററുകളിലേക്ക് എത്തിതുടങ്ങിയതിന്റെ ആശ്വാസത്തിലാണ് സിനിമലോകം.
നവംബറില്‍ പുറത്തിറങ്ങിയ ലോബജറ്റ് ചിത്രങ്ങളായ മുറ, അയാം കാതലന്‍, സ്വര്‍ഗം, ഹലോ മമ്മി, സൂക്ഷ്മദര്‍ശിനി തുടങ്ങിയ ചിത്രങ്ങള്‍ക്ക് മികച്ച കളക്ഷന്‍ ലഭിക്കുന്നുണ്ട്. കുടുംബ പ്രേക്ഷകരെ കൂടുതലായി തീയറ്ററിലേക്ക് എത്തിക്കാന്‍ ഈ ചിത്രങ്ങള്‍ക്ക് സാധിക്കുന്നുവെന്നത് ശുഭസൂചനയായിട്ടാണ് സിനിമലോകം കാണുന്നത്. മറ്റ് വഴികളിലൂടെയുള്ള വരുമാനം കുറഞ്ഞതോടെ തീയറ്ററര്‍ റിലീസുകളില്‍ നിന്ന് കൂടുതല്‍ വിഹിതം കണ്ടെത്തേണ്ട അവസ്ഥയിലാണ് നിര്‍മാതാക്കള്‍.
അടുത്തിടെ തീയറ്ററിലെത്തിയ സ്വര്‍ഗത്തിന്റെ ആകെ ബജറ്റ് നാലു കോടി രൂപയായിരുന്നു. ചുരുങ്ങിയ ദിവസങ്ങള്‍ കൊണ്ട് തന്നെ മികച്ച കളക്ഷന്‍ നേടാന്‍ സാധിച്ചെന്ന് സ്വര്‍ഗത്തിന്റെ നിര്‍മാതാവ് ലിസി ഫെര്‍ണാണ്ടസ് ധനംഓണ്‍ലൈനോട് പ്രതികരിച്ചു. വലിയ തോതില്‍ പ്രമോഷന്‍ കൊടുക്കുന്നതിന് പകരം കുടുംബ ഓഡിയന്‍സിലേക്ക് ഇറങ്ങി ചെല്ലുന്ന രീതിയിലുള്ള പ്രമേയവും മൗത്ത് പബ്ലിസിറ്റിയുമാണ് സ്വര്‍ഗത്തിന് ഗുണം ചെയ്തത്.

തീയറ്ററുകളില്‍ വീണ്ടും ആളനക്കം

2024ന്റെ ആദ്യ പകുതിക്കു ശേഷം തീയറ്ററുകളിലേക്ക് വരാന്‍ പ്രേക്ഷകര്‍ മടിക്കുന്ന കാഴ്ചയാണ് കണ്ടത്. മികച്ച സിനിമകള്‍ റിലീസ് ചെയ്യാത്തതിനൊപ്പം സിനിമരംഗത്തെ വിവാദങ്ങളും പ്രേക്ഷകരെ അകറ്റി. പല തീയറ്ററുകളും പ്രതിസന്ധിയിലേക്ക് കൂപ്പുകുത്താനും ഇത് കാരണമായി. ഈ വര്‍ഷം 100 കോടി ക്ലബിലെത്തിയ ചിത്രങ്ങളുടെ എണ്ണം അഞ്ചാണ്. വര്‍ഷത്തിന്റെ തുടക്കത്തിലായിരുന്നു ഈ ചിത്രങ്ങളൊക്കെ തീയറ്ററിലെത്തിയത്. ജൂണിനു ശേഷം 100 കോടി ക്ലബിലെത്തിയ ചിത്രങ്ങളൊന്നും തന്നെയില്ല. ടൊവിനോ തോമസ് ചിത്രം അജയന്റെ രണ്ടാം മോഷണം (എ.ആര്‍.എം) 100 കോടിക്കടുത്ത് കളക്ഷന്‍ നേടിയത് മാത്രമാണ് അപവാദം.
സിനിമ മേഖലയിലെ മോശം പ്രവണതകള്‍ വലിയ വാര്‍ത്തയായത് തന്നെയാണ് തീയറ്ററുകള്‍ ശോകമൂകമാകാന്‍ കാരണമായത്. ഇതിനൊപ്പം വയനാട് ദുരന്തം അടക്കം പ്രകൃതിക്ഷോഭങ്ങളും സിനിമമേഖലയ്ക്ക് തിരിച്ചടിയായി. 100 കോടി ക്ലബിലേക്ക് കൂടുതല്‍ ചിത്രങ്ങള്‍ വന്നതോടെ പുതുമുഖ നിര്‍മാതാക്കളുടെ ഒഴുക്കായിരുന്നു മലയാള സിനിമയിലേക്ക്. എന്നാല്‍ പല പ്രൊജക്ടുകളും നിര്‍മാതാക്കളുടെ പോക്കറ്റ് കാലിയാക്കി.

റെക്കോഡ് റിലീസിംഗ്, പക്ഷേ വരുമാനം?

ഈ വര്‍ഷം ഇതുവരെ പുറത്തിറങ്ങിയ ചിത്രങ്ങളുടെ എണ്ണം 200ന് അടുത്തെത്തി. ഇതില്‍ ഒട്ടുമിക്ക ചിത്രങ്ങളും ബോക്‌സ്ഓഫീസില്‍ എട്ടുനിലയില്‍ പൊട്ടുകയും ചെയ്തു. രണ്ട് ദിവസം കൊണ്ട് തീയറ്റര്‍ വിട്ട ചിത്രങ്ങളും ഇക്കൂട്ടത്തില്‍ ഉണ്ടായിരുന്നുവെന്ന് തീയറ്റര്‍ ഉടമകള്‍ പറയുന്നു. പല ചിത്രങ്ങളും ഒരാഴ്ച തികച്ചത് അണിയറ പ്രവര്‍ത്തകരും അവരുടെ അടുപ്പക്കാരും തീയറ്ററിലെത്തിയത് കൊണ്ടു മാത്രമാണ്.
ഒ.ടി.ടി, ഓവര്‍സീസ് വില്പന, സാറ്റ്‌ലൈറ്റ് റൈറ്റ്‌സ് തുടങ്ങിയ പ്രലോഭനങ്ങളില്‍ വീഴ്ത്തിയാണ് നിര്‍മാതാക്കളെ പ്രോജക്ടുകളിലേക്ക് ആകര്‍ഷിക്കുന്നത്. എന്നാല്‍ മലയാള സിനിമയില്‍ നിലവില്‍ ഒ.ടി.ടി റൈറ്റ്‌സ് വില്പന ശോകമാണ്. തീയറ്ററില്‍ ഹിറ്റായ ചിത്രങ്ങള്‍ മാത്രമാണ് ഒ.ടി.ടി പ്ലാറ്റ്‌ഫോമുകള്‍ വാങ്ങുന്നത്. അതും വളരെ കുറഞ്ഞ തുകയ്ക്കും. തീയറ്ററില്‍ ഹിറ്റായ ചിത്രങ്ങള്‍ക്ക് പോലും ഇത്തരത്തില്‍ ചെറിയ തുക ലഭിക്കുമ്പോള്‍ മറ്റ് ചിത്രങ്ങളുടെ കാര്യം ഊഹിക്കാനാകും.
ഒ.ടി.ടി പ്ലാറ്റ്‌ഫോമുകള്‍ സിനിമകള്‍ ഷെയര്‍ ചെയ്യുന്ന രീതിയും വ്യാപകമായിട്ടുണ്ട്. ഇതുവഴി നഷ്ടം കുറയ്ക്കാമെന്നതാണ് ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളുടെ നേട്ടം. അടുത്തിടെ ആമസോണ്‍ പ്രൈംവീഡിയോയും മനോരമ മാക്‌സും ചേര്‍ന്ന് ഇത്തരത്തില്‍ നാലിലേറെ ചിത്രങ്ങള്‍ സ്വന്തമാക്കിയിരുന്നു. ഭാവിയില്‍ ഒ.ടി.ടി വരുമാനത്തില്‍ ഇനിയും കുറവു വരുമെന്നതിനാല്‍ മറ്റ് മാര്‍ഗങ്ങളിലൂടെ വരുമാനം കണ്ടെത്താന്‍ സിനിമലോകം നിര്‍ബന്ധിതരായേക്കും.
Tags:    

Similar News