ക്ലാസില്‍ കയറാത്തവര്‍ വണ്ടി ഓടിക്കേണ്ട, പരീക്ഷക്ക് ഇരുത്തില്ല, ഡ്രൈവിംഗ് ലൈസന്‍സ് ടെസ്റ്റിന് എറണാകുളം മോഡല്‍

പുതിയ ഡ്രൈവിംഗ് സംസ്കാരം കൊണ്ടുവരാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് നടപടി

Update:2024-11-07 15:05 IST

Image Courtesy: Canva

കേരളത്തിൽ ഒരു പുതിയ ഡ്രൈവിംഗ് സംസ്കാരം കൊണ്ടുവരാനുള്ള ശ്രമത്തിലാണ് മോട്ടോർ വാഹന വകുപ്പ് (എം.വി.ഡി). ഇതിന്റെ ഭാഗമായി ഡിസംബർ 2 മുതൽ എറണാകുളം റീജിയണൽ ട്രാൻസ്‌പോർട്ട് ഓഫീസിന് (ആർ.ടി.ഒ) കീഴിൽ ലഭിക്കുന്ന എല്ലാ ഡ്രൈവിംഗ് ലൈസൻസ് അപേക്ഷകർക്കും റോഡ് സുരക്ഷാ ക്ലാസുകൾ നിർബന്ധമാക്കിയിരിക്കുകയാണ്.
അപേക്ഷകർ ലേണേഴ്‌സ് ലൈസൻസ് നേടിയ ശേഷമാണ് ക്ലാസിൽ പങ്കെടുക്കേണ്ടത്. സംസ്ഥാനത്ത് പ്രതിവർഷം 4,000 ത്തിലധികം ജീവനുകളാണ് റോഡുകളില്‍ പൊലിയുന്നത്. ഇക്കാരണത്താല്‍ ഡ്രൈവിംഗ് സംസ്കാരം മെച്ചപ്പെടുത്തേണ്ടതുണ്ടെന്ന് ട്രാൻസ്‌പോർട്ട് കമ്മീഷണർ സി.എച്ച്. നാഗരാജു വ്യക്തമാക്കുന്നു.
നേരത്തെ, അശ്രദ്ധമൂലം അപകടങ്ങൾ ഉണ്ടാക്കിയവര്‍ക്കും അശ്രദ്ധമായി വാഹനമോടിച്ചതിനെ തുടര്‍ന്ന് ലൈസൻസ് സസ്പെൻഡ് ചെയ്തവര്‍ക്കും വിവിധ ജില്ലകളിലെ എം.വി.ഡി റോഡ് സുരക്ഷാ ക്ലാസുകള്‍ നിർബന്ധമാക്കിയിരുന്നു. എടപ്പാളിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡ്രൈവർ ട്രെയിനിംഗ് ആൻഡ് റിസർച്ച് (ഐ.ഡി.ടി.ആർ), കറുകുറ്റിയിലെ എസ്‌.സി.എം.എസ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ റോഡ് സേഫ്റ്റി ആൻഡ് ട്രാൻസ്‌പോർട്ടേഷൻ (SiRST) തുടങ്ങിയ സ്ഥാപനങ്ങള്‍ ഇത്തരത്തില്‍ റോഡ് സുരക്ഷാ ക്ലാസുകള്‍ നടത്തിയിരുന്നു.

അറിവുകള്‍ നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്കും പങ്കെടുക്കാം

എറണാകുളത്ത് ക്ലാസിൽ പങ്കെടുക്കുന്നവരെ മാത്രമാണ് ഡ്രൈവിംഗ് ലൈസൻസ് ലഭിക്കുന്നതിനുള്ള ടെസ്റ്റിൽ പങ്കെടുക്കാൻ അനുവദിക്കുക. പുതിയ റോഡ് സുരക്ഷാ മാർഗനിർദേശങ്ങളും മോട്ടോർ വാഹന നിയമത്തിൽ അടുത്തിടെ വരുത്തിയ ഭേദഗതികളുമാണ് ക്ലാസുകളില്‍ വിവരിക്കുക. ഓട്ടോമൊബൈൽ, റോഡ് നിർമാണം തുടങ്ങിയ മേഖലകളില്‍ വന്നിട്ടുളള പുതിയ പുരോഗതികളും ക്ലാസുകളില്‍ ചര്‍ച്ച ചെയ്യും.
സമീപകാല റോഡ് സുരക്ഷാ മാർഗനിർദ്ദേശങ്ങളെക്കുറിച്ചുള്ള അറിവുകള്‍ നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്കും ട്രാഫിക് നിയമലംഘനങ്ങൾക്ക് ശിക്ഷിക്കപ്പെട്ടവർക്കും വേണമെങ്കില്‍ ക്ലാസുകളില്‍ പങ്കെടുക്കാവുന്നതാണ്. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ അവരുടെ ഡ്രൈവിംഗ് ലൈസൻസിൻ്റെയോ ലേണേഴ്‌സ് ലൈസൻസിൻ്റെയോ പകർപ്പ്, ഐഡൻ്റിറ്റി പ്രൂഫ്, എം.വി.ഡിയിൽ രജിസ്റ്റർ ചെയ്ത നമ്പറുള്ള മൊബൈൽ ഫോൺ എന്നിവ കൊണ്ടുവരേണ്ടതാണെന്നും കാക്കനാട് എൻഫോഴ്സ്മെൻ്റ് ആർ.ടി.ഒ ഓഫീസ് അറിയിച്ചു.
Tags:    

Similar News