റബര്‍ വിലയിടിക്കുന്ന ടയര്‍ കമ്പനികളുടെ 'തന്ത്രം പാളി'; കെണിയില്‍ വീഴാതെ കര്‍ഷകര്‍
ആഭ്യന്തര വിലയേക്കാള്‍ രാജ്യാന്തര വില ഉയര്‍ന്നു നില്‍ക്കുന്നത് ടയര്‍ കമ്പനികള്‍ക്ക് അത്ര സന്തോഷം പകരുന്ന കാര്യമല്ല
റബര്‍ വില കൂടുമ്പോള്‍ വിപണിയില്‍ നിന്ന് വിട്ടുനിന്ന് ഡിമാന്‍ഡ് കുറയ്ക്കുകയെന്ന ടയര്‍ കമ്പനികളുടെ നീക്കത്തിന് തടയിട്ട് കര്‍ഷകര്‍. കഴിഞ്ഞ ദിവസം 200ന് അടുത്തെത്തിയ റബര്‍ഷീറ്റ് വില പെട്ടെന്ന് താഴേക്ക് പോയിരുന്നു. ഇതിനു കാരണം ടയര്‍ കമ്പനികള്‍ പെട്ടെന്ന് വാങ്ങല്‍ താല്പര്യം കുറച്ചതാണെന്ന് വ്യാപാരികള്‍ പറയുന്നു. വില കൂടുമ്പോള്‍ വിപണിയില്‍ നിന്ന് വിട്ടുനിന്ന് കര്‍ഷകരെ പരിഭ്രാന്തരാക്കുകയാണ് മുന്‍കാലങ്ങളില്‍ ടയര്‍ കമ്പനികള്‍ ചെയ്തിരുന്നത്. നിലവില്‍ 195 രൂപയാണ് റബര്‍ ബോര്‍ഡിന്റെ വില. രാജ്യാന്തര വില 210 രൂപയ്ക്ക് മുകളിലും.
ചെറുകിട റബര്‍ കര്‍ഷകരുടെ കൂട്ടായ്മ അടുത്തിടെ കൂടുതല്‍ ഊര്‍ജസ്വലമായിരുന്നു. ടയര്‍ കമ്പനികള്‍ വിപണിയില്‍ നിന്ന് വിട്ടുനിന്ന് വിലയിടിക്കുമ്പോള്‍ പരിഭ്രാന്തി കാണിക്കേണ്ടതില്ലെന്ന തിരിച്ചറിവിലാണ് കര്‍ഷകര്‍. ഇത്തവണ വില കുറഞ്ഞപ്പോള്‍ കര്‍ഷകര്‍ ചരക്ക് കാര്യമായി പുറത്തെടുക്കാതെയിരിക്കാനാണ് ശ്രദ്ധിച്ചത്. ഇതോടെ ഡിമാന്‍ഡ് കുറച്ച് വില ഇടിക്കാമെന്ന ടയര്‍ കമ്പനികളുടെ പ്രതീക്ഷ പാളി.
വരും ദിവസങ്ങളില്‍ റബര്‍ ഉത്പാദനം ഇടിയുമെന്നാണ് കര്‍ഷകര്‍ പറയുന്നത്. ഇത്തവണ ടാപ്പിംഗ് നേരത്തെ ആരംഭിച്ചതാണ് കാരണം. ഡിസംബര്‍ പകുതിയോടെ സാധാരണ ഗതിയില്‍ പാല്‍ കുറയുന്ന പ്രവണതയാണ് സംസ്ഥാനത്തുള്ളത്. അതുകൊണ്ട് തന്നെ റബര്‍ വില ഈ സമയത്ത് ഉയരുകയാണ് പതിവ്. ഇത്തവണയും സ്ഥിതി മാറില്ലെന്നാണ് കര്‍ഷകര്‍ പറയുന്നത്.
രാജ്യാന്തര റബര്‍ വിലയിലും അനക്കം
ആഗോള തലത്തില്‍ റബര്‍ ഉത്പാദനം കുറയുകയാണെന്ന സൂചനകളാണ് വരുന്നത്. ഇന്ത്യന്‍ ടയര്‍ കമ്പനികള്‍ ആഭ്യന്തര വില കുറയ്ക്കാനായി ആശ്രയിക്കുന്നത് വിദേശ വിപണിയെയാണ്. എന്നാല്‍ ആഭ്യന്തര വിലയേക്കാള്‍ രാജ്യാന്തര വില ഉയര്‍ന്നു നില്‍ക്കുന്നത് ടയര്‍ കമ്പനികള്‍ക്ക് അത്ര സന്തോഷം പകരുന്ന കാര്യമല്ല. നിലവിലെ അവസ്ഥയില്‍ ഇറക്കുമതി അത്ര ലാഭകരമല്ലാത്തതിനാല്‍ ആഭ്യന്തര വിപണിയില്‍ നിന്ന് കൂടുതല്‍ ചരക്ക് ശേഖരിക്കുകയെന്നതാണ് ടയര്‍ കമ്പനികളുടെ മനസിലിരുപ്പ്.