സഞ്ജു സാംസണ്‍ നിക്ഷേപകനാകുമോ? മലപ്പുറത്ത് കട്ട വെയ്റ്റിംഗ്

നിക്ഷേപകനാകാന്‍ താരം താല്‍പര്യം പ്രകടിപ്പിച്ചതായി ടീം മാനേജ്‌മെന്റ്

Update:2024-09-02 11:50 IST

പുതിയ പ്രൊഫഷണല്‍ ഫുട്ബാള്‍ ക്ലബ്ബായ മലപ്പുറം എഫ്.സിയിലേക്ക് ഒരു സെലിബ്രിറ്റി എത്തുന്നുവെന്ന പ്രചരണം ഏറെ നാളായി നിലനില്‍ക്കുന്നുണ്ട്. അത് ആരാണെന്ന സംശയങ്ങള്‍ ഉയരുന്നതിനിടെയാണ് ടീം മാനേജ്മെന്റ്, മലയാളികള്‍ക്ക് സുപരിചിതമായ ആ പേര് ചൂണ്ടിക്കാണിക്കുന്നത്. പ്രമുഖ ക്രിക്കറ്റര്‍ സഞ്ജു സാംസണ്‍ മലപ്പുറം എഫ്.സിക്കൊപ്പം ചേരുമെന്നാണ് സൂചനകള്‍. ടീമുമായി സഹകരിക്കാന്‍ താല്‍പര്യമുണ്ടെന്ന് സഞ്ജു സാംസണ്‍ അറിയിച്ചതായി ടീം കോ ഓഡിനേറ്ററും പ്രൊമോട്ടറുമായ ആഷിക്ക് കൈനിക്കര മലപ്പുറത്ത് ഒരു ചടങ്ങിലാണ് വ്യക്തമാക്കിയത്. ടീമിന്റെ ഓഹരി ഉടമയാകാനുള്ള താല്‍പര്യം സഞ്ജു അറിയിച്ചിട്ടുണ്ട്. നിക്ഷേപകനായാണോ ടീം അംബാസിഡറായാണോ സഞ്ജു മലപ്പുറം എഫ്.സിക്കൊപ്പം ചേരുക എന്നത് മാത്രമാണ് അറിയാനുള്ളത്. അടുത്ത ദിവസം തന്നെ ഇക്കാര്യത്തില്‍ പ്രഖ്യാപനമുണ്ടാകുമെന്ന് ടീം മാനേജ്മെന്റ് അറിയിച്ചു. 

ആവേശത്തിരയില്‍ ആരാധകര്‍

കഴിഞ്ഞ ദിവസം പ്രമുഖ വ്യവസായി എം.എ.യൂസഫലി മലപ്പുറം എഫ്.സിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചതോടെ ക്ലബ്ബ് ആരാധകര്‍ ആവേശത്തിലാണ്. ആയിരക്കണക്കിന് പേരാണ് മലപ്പുറം എം.എസ്.പിയില്‍ നടന്ന ചടങ്ങില്‍ പങ്കെടുത്തത്. സോഷ്യല്‍ മീഡിയയിലും മലപ്പുറം എഫ്.സി തരംഗമായി മാറുന്നുണ്ട്. കേരളത്തിലെയും ഗള്‍ഫിലെയും പ്രമുഖ വ്യവസായികള്‍ പ്രമോട്ടര്‍മാരായ ക്ലബ്ബിന് വിദേശ താരങ്ങളടക്കം മികച്ച താരനിരയുണ്ട്. അജ്മല്‍ ഹോള്‍ഡിംഗ്‌സ് ചെയര്‍മാന്‍ അജ്മല്‍ ബിസ്മി, ഗ്രാന്റ് ഹൈപ്പര്‍ മാര്‍ക്കറ്റ് ചെയര്‍മാന്‍ എ.പി ഷംസുദ്ദീന്‍, മാനേജിംഗ് ഡയരക്ടര്‍ അന്‍വര്‍ അമീന്‍ ചേലാട്ട്, കെ.ആര്‍. ബേക്കേഴ്‌സ് ഉടമ കെ.ആര്‍.ബാലന്‍, സ്‌പോര്‍ട്‌സ് കേരള ഫൗണ്ടേഷന്‍ ഡയരക്ടര്‍ ആഷിഖ് കൈനിക്കര, സൗദി ഇന്ത്യന്‍ ഫുട്ബാള്‍ ഫോറം പ്രസിഡന്റ് ബേബി നീലാമ്പ്ര തുടങ്ങിയവരാണ് ടീമിന്റെ പ്രാധാന പ്രൊമോട്ടര്‍മാര്‍. ഇംഗ്ലീഷ് ടീമിന്റെ മുന്‍ താരമായ ജോണ്‍ ചാള്‍സ് ഗ്രിഗറിയാണ് മുഖ്യപരീശിലകന്‍. മുന്‍ ദേശീയ താരം അനസ് എടത്തൊടിക ഉള്‍പ്പടെയുള്ള താരനിരയാണ് മലപ്പുറം എഫ്.സിക്കുള്ളത്.

കച്ചമുറുക്കി ആറ് ടീമുകള്‍

ഈ മാസം ഏഴിന് കൊച്ചിയില്‍ ആരംഭിക്കാനിരിക്കുന്ന സൂപ്പല്‍ ലീഗ് കേരള മല്‍സരങ്ങളില്‍ മാറ്റുരക്കാന്‍ ആറു ടീമികളാണ് തയ്യാറെടുക്കുന്നത്. ചലച്ചിത്ര താരം പൃഥ്വിരാജ്  പ്രധാന പ്രൊമോട്ടറായ ഫോഴ്സ കൊച്ചി, തൃശൂര്‍ മാജിക് എഫ്.സി, നടന്‍ ആസിഫലി ബ്രാന്റ് അംബാസിഡറായ കണ്ണൂര്‍ വാറിയേഴ്‌സ് എഫ്.സി, തിരുവനന്തപുരം കൊമ്പന്‍ എഫ്.സി, മലപ്പുറം എഫ്.സി, കോഴിക്കോട് എഫ്.സി എന്നിവയാണ് ടീമുകള്‍. നവംബര്‍ 10 വരെയാണ് സൂപ്പര്‍ ലീഗ് കേരള മല്‍സരങ്ങള്‍ നടക്കുന്നത്.

Tags:    

Similar News