വീസ ചട്ടലംഘനം: വിലക്ക് നീക്കി സൗദി അറേബ്യ; പ്രവാസികള്‍ക്ക് വന്‍ ആശ്വാസം

തീരുമാനം പ്രാബല്യത്തില്‍ വന്നു

Update:2024-01-18 10:45 IST

Image : Canva

വീസ കാലാവധി അവസാനിക്കുംമുമ്പ് സ്വന്തം നാട്ടില്‍പോയി തിരികെ വരാത്തവര്‍ക്ക് ഏര്‍പ്പെടുത്തിയ മൂന്നുവര്‍ഷ പ്രവേശന വിലക്ക് സൗദി അറേബ്യ നീക്കി. വിലക്ക് ഒഴിവാക്കിയ നടപടി ജനുവരി 16ന് പ്രാബല്യത്തില്‍ വന്നുവെന്ന് സൗദി അറേബ്യയുടെ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് പാസ്‌പോര്‍ട്‌സ് (ജവാസാത്ത്) വ്യക്തമാക്കി.

സൗദി അറേബ്യയില്‍ നിന്ന് സ്വന്തം നാട്ടിലേക്കോ മറ്റ് രാജ്യങ്ങളിലേക്കോ പോയി നിശ്ചിത കാലാവധിക്കകം തിരികെ പ്രവേശിക്കാത്തതിനാല്‍ വിലക്ക് നേരിടുന്ന മലയാളികള്‍ ഉള്‍പ്പെടെയുള്ള ആയിരക്കണക്കിന് പ്രവാസികള്‍ക്ക് ആശ്വാസമേകുന്നതാണ് തീരുമാനം. കൊവിഡ് കാലത്തും മറ്റും നാട്ടിലേക്ക് വന്നവരാണ് കൂടുതലും സൗദിയിലേക്ക് തിരികെപ്പോകാനാവാതെ പ്രതിസന്ധിയിലായത്. വിലക്ക് നീക്കിയ നടപടി ഇവര്‍ക്ക് വലിയ ആശ്വാസമാണ്.
2022 ജൂലൈയിലാണ് സൗദി അറേബ്യ വിലക്ക് ഏര്‍പ്പെടുത്തിയത്. വ്യവസായ-വാണിജ്യ ലോകത്തിന്റെ ആവശ്യപ്രകാരമായിരുന്നു ഇത്. തൊഴിലാളികള്‍ നിശ്ചിത കാലാവധിക്കുള്ളില്‍ തിരിച്ചുവരാത്തത് കമ്പനികള്‍ക്ക് സാമ്പത്തികനഷ്ടം ഉണ്ടാക്കിയെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ആവശ്യം. അതേസമയം, മലയാളികള്‍ അടക്കം നിരവധി പ്രവാസികള്‍ മൂന്നുവര്‍ഷത്തിനുള്ളില്‍ തന്നെ തിരികെ സൗദിയിലെത്തിയിരുന്നെങ്കിലും കാലാവധി കണക്കാക്കുന്നതിലുണ്ടായ പാകപ്പിഴകള്‍ മൂലം ഇവരില്‍ പലരെയും വിമാനത്താവളത്തില്‍ വച്ചുതന്നെ മടക്കി അയച്ച നടപടിയുമുണ്ടായിരുന്നു. വിലക്ക് നീങ്ങിയത് ഇവര്‍ക്കും നേട്ടമാണ്.
Tags:    

Similar News