ആഗോള കമ്പനികള്‍ക്ക് സൗദിയുടെ 'ചെക്ക്'; ഓഫീസ് ഇല്ലെങ്കില്‍ ബിസിനസ് ഇല്ല
വികസനം കൂടുതല്‍ റിയാദില്‍, തൊഴില്‍ അവസരങ്ങളും വര്‍ധിക്കുന്നു
അന്താരാഷ്ട്ര കമ്പനികള്‍ക്ക് സൗദി അറേബ്യയില്‍ ബിസിനസ് നടത്താന്‍ നിബന്ധനകള്‍ കര്‍ശനമാക്കി സൗദി സര്‍ക്കാര്‍. രാജ്യത്ത് മേഖലാ ഓഫീസുകള്‍ തുടങ്ങാന്‍ തയ്യാറാകാത്ത കമ്പനികളുമായി സര്‍ക്കാര്‍ ഏജന്‍സികള്‍ ബിസിനസ് നടത്തില്ല. രണ്ടു വര്‍ഷം മുമ്പ് കൊണ്ടു വന്ന നിയമം കര്‍ശനമായി നടപ്പാക്കാനാണ് സര്‍ക്കാര്‍ മുന്നോട്ടു വരുന്നത്. ഓഫീസുകള്‍ ഇല്ലാത്ത കമ്പനികളുമായി വ്യാപാര ഇടപാടുകള്‍ നടത്തേണ്ടതില്ലെന്ന് ധനകാര്യ മന്ത്രാലയം ഉദ്യോഗസ്ഥര്‍ക്കും ഏജന്‍സികള്‍ക്കും നിര്‍ദേശം നല്‍കി. തലസ്ഥാനമായ റിയാദ് ഉള്‍പ്പടെയുള്ള നഗരങ്ങളില്‍ റിയല്‍ എസ്റ്റേറ്റ് വളര്‍ച്ചയും സ്വദേശികള്‍ ഉള്‍പ്പടെയുള്ളവര്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങളുമാണ് ഇതുവഴി സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.
പുതിയ നിയമം വാടക കൂട്ടുന്നു
നിയമം കര്‍ശനമായതോടെ റിയാദ്, ദമാം തുടങ്ങിയ നഗരങ്ങളില്‍ കെട്ടിടങ്ങള്‍ക്ക് ഡിമാന്റും വാടകയും വര്‍ധിച്ചതായി റിയല്‍ എസ്‌റ്റേറ്റ് കമ്പനിയായ നൈറ്റ് ഫ്രാങ്കിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. 517 ആഗോള കമ്പനികള്‍ സൗദിയില്‍ മേഖലാ ഓഫീസുകള്‍ തുടങ്ങാന്‍ കഴിഞ്ഞ മാസങ്ങളില്‍ സന്നദ്ധത അറിയിച്ചിട്ടുണ്ട്. 2030 ഓടെ 480 കമ്പനികള്‍ കൂടി ഓഫീസുകള്‍ റിയാദില്‍ ആരംഭിക്കും. രണ്ടു വര്‍ഷത്തിനുള്ളില്‍ ഓഫീസ് ആവശ്യങ്ങള്‍ക്കായി റിയാദ് നഗരത്തില്‍ 10 ലക്ഷം ചതുരശ്ര മീറ്റര്‍ വാടക കെട്ടിടങ്ങള്‍ ആവശ്യമായി വരുമെന്നും നൈറ്റ് ഫ്രാങ്ക് റിപ്പോര്‍ട്ടില്‍ പറയുന്നു. വാണിജ്യ കെട്ടിടങ്ങള്‍ക്കുള്ള ആവശ്യകത വര്‍ധിച്ചതോടെ റിയാദ് നഗരത്തില്‍ കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ കെട്ടിട വാടക 27 ശതമാനം വര്‍ധിച്ചു. ദമാമില്‍ സര്‍ക്കാര്‍ ഓഫീസുകള്‍ക്കുള്ള കെട്ടിടങ്ങളുടെ ഡിമാന്റിലാണ് വര്‍ധനവുണ്ടാവുന്നത്. അതേ സമയം വാണിജ്യ നഗരമായ ജിദ്ദയില്‍ ഡിമാന്റ് കുറയുന്നതായാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
സൗദി സര്‍ക്കാരിന്റെ വിഷന്‍ 2030 വികസന പദ്ധതിയില്‍ കെട്ടിടങ്ങളുടെ നിര്‍മാണത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കുന്നത് റിയാദിലാണ്. നഗരത്തോട് അടുത്ത് കിടക്കുന്ന സ്ഥലങ്ങളില്‍ കെട്ടിടം നിര്‍മിക്കാനുള്ള നിയന്ത്രണങ്ങളില്‍ അടുത്തിടെ സര്‍ക്കാര്‍ ഇളവുകള്‍ നല്‍കിയിരുന്നു. ഇത് കെട്ടിട നിര്‍മാണ മേഖലയില്‍ വലിയ കുതിപ്പിന് ഇടയാക്കുന്നുണ്ട്. ബിസിനസ്, ഫിനാന്‍സ്, ടൂറിസം എന്നീ മേഖലകളില്‍ റിയാദിലേക്ക് കൂടുതല്‍ അഗോള കമ്പനികളുടെ ഓഫീസുകള്‍ കൊണ്ടു വരാനാണ് സര്‍ക്കാര്‍ ഇപ്പോള്‍ ശ്രമിക്കുന്നതെന്ന് നൈറ്റ് ഫ്രാങ്ക് മിഡില്‍ ഈസ്റ്റ് റിസര്‍ച്ച് വിഭാഗം മേധാവി ഫൈസല്‍ ദുറാനി പറഞ്ഞു. കഴിഞ്ഞ നാലു വര്‍ഷത്തിനിടയില്‍ സൗദിയില്‍ ഉണ്ടായ തൊഴില്‍ അവസരങ്ങളില്‍ 49 ശതമാനവും റിയാദില്‍ ആണെന്നും ദുറാനി ചുണ്ടിക്കാട്ടുന്നു.