സൗദിയില്‍ കൂടുതല്‍ മേഖലകള്‍ സ്വദേശിവത്കരിക്കും
മലയാളികള്‍ ഉള്‍പ്പെടെ കൂടുതല്‍ വിദേശികള്‍ക്ക് തൊഴില്‍ നഷ്ടമാകും
സൗദിയില്‍ കാര്‍ഗോ സര്‍വീസുകള്‍ ഉള്‍പ്പെടെ കൂടുതല്‍ മേഖലകളില്‍ സ്വദേശിവത്കരണം പ്രഖ്യാപിച്ച് സൗദി മാനവ ശേഷി വികസന മന്ത്രാലയം. സെയില്‍സ് പര്‍ച്ചേസിംഗ് മേഖല ഉള്‍പ്പെടെയുള്ള ചില മേഖലകളിലും തസ്തികകളിലുമാണ് പുതുതായി സൗദിവത്കരണം നടപ്പിലാക്കുന്നത്.
പരിധിയില്‍ വരുന്നത് ഇവ
പ്രൊജക്റ്റ് മാനേജ്മെന്റ് തൊഴിലുകള്‍ പര്‍ച്ചേസിംഗ്, സെയില്‍സ്, കാര്‍ഗോ സര്‍വീസ്, ലേഡീസ് ടൈലറിംഗ്, ഡക്കറേഷന്‍ വര്‍ക്കുകള്‍ തുടങ്ങിയ മേഖലകളിലെല്ലാം ഘട്ടംഘട്ടമായി ഭാഗികമായോ സമ്പൂര്‍ണമായോ സ്വദേശിവല്‍ക്കരണം നടപ്പാക്കാനാണ് പദ്ധതി. പര്‍ച്ചേസ് മാനേജര്‍ സെയില്‍സ് എക്സ്‌ക്യൂട്ടിവ്, കോണ്ടാക്റ്റ് മാനേജര്‍, ട്രേഡ്മാര്‍ക്ക്, ടെണ്ടര്‍ എക്സിക്യൂട്ടീവ്, കസ്റ്റമര്‍ മാനേജര്‍, സെയില്‍സ് മാനേജര്‍, ഫോട്ടോസ്റ്റാറ്റ് ഉപകരണങ്ങളുടെ സെയില്‍സ്, മൊത്ത ചില്ലറ വില്‍പന മാനേജര്‍മാര്‍, സെയില്‍സ് കോമേഴ്സല്‍ സ്പെഷ്യലിസ്റ്റുകള്‍ തുടങ്ങിയവയും സ്വദേശിവല്‍ക്കരണത്തിന്റെ പരിധിയില്‍ വരും.
മൂന്നോ അതില്‍ കൂടുതലോ ആളുകള്‍ ജോലി ചെയ്യുന്ന സ്ഥാപനങ്ങളിലെ 50 ശതമാനം പര്‍ച്ചെയ്സിംഗ് തൊഴിലുകളും അഞ്ചോ അതില്‍ കൂടുതലോ ആളുകള്‍ ജോലി ചെയ്യുന്ന സ്ഥാപനങ്ങളിലെ 15 ശതമാനം സെയില്‍സ് ജോലികളും സ്വദേശിവല്‍ക്കരിക്കും. പരസ്യം, മെഡിക്കല്‍ എക്യുപ്മെന്റ് മേഖലയിലെ സെയില്‍സ് മേഖലയില്‍ 80 ശതമാനം, ആര്‍ട്ട് ആന്റ് എന്‍ജിനീയറിംഗില്‍ 50 ശതമാനം സൗദിവത്കരണവും നടപ്പാക്കും. എന്നാല്‍, ലേഡീസ് ടൈലറിംഗ്, ഡെക്കറേഷന്‍ മേഖലളിലെ മാനേജ്മെന്റ് തൊഴിലുകളെല്ലാം ജീവനക്കാരുടെ എണ്ണം പരിഗണിക്കാതെ തന്നെ പൂര്‍ണമായും സ്വദേശിവത്ക്കരണമാണ് പ്രഖ്യാപിച്ചിട്ടുള്ളത്.
14 ഇനം തൊഴിലുകളിലേക്ക്
ട്രാന്‍സ്പോര്‍ട്ട് വകുപ്പുമായി സഹകരിച്ച് കാര്‍ഗോ മേഖലയില്‍ 14 ഇനം തൊഴിലുകളിലേക്കാണ് സ്വദേശിവത്കരണം പ്രഖ്യാപിച്ചിട്ടുള്ളത്. തപാല്‍ പ്രവര്‍ത്തനങ്ങളുടെയും പാഴ്സലുകളുടെ ഗതാഗതത്തിന്റെയും സൗദിവത്കരണത്തിന്റെയും മെഡിക്കല്‍ ഉപകരണ മേഖലയുടെയും രണ്ടാം ഘട്ടം പ്രാബല്യത്തില്‍ വന്നതായും മന്ത്രാലയം അറിയിച്ചു. കാര്‍ഗോ ഉള്‍പ്പെടെയുള്ള മേഖലകളില്‍ മലയാളി സാന്നിധ്യം വ്യാപകമാണ്. അതിനാല്‍ തന്നെ ഈ മേഖലകളില്‍ സൗദിവത്കരണം നടപ്പാക്കുമ്പോള്‍ വന്‍ തൊഴില്‍ നഷ്ടവും പ്രതിസന്ധിയും ഉണ്ടാകും.