അനില്‍ അംബാനിക്ക് 5 വര്‍ഷത്തേക്ക് വിലക്ക്; 25 കോടി രൂപ പിഴ; കടുത്ത നടപടിയുമായി സെബി
അനില്‍ അംബാനിക്കൊപ്പം റിലയന്‍സ് ഹോം ഫിനാന്‍സിലെ പ്രധാന ഉദ്യോഗസ്ഥരും നടപടി നേരിട്ടിട്ടുണ്ട്
റിലയന്‍സ് ഗ്രൂപ്പ് ചെയര്‍മാന്‍ അനില്‍ അംബാനിക്ക് സെക്യൂരിറ്റസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഇന്ത്യയുടെ വിലക്ക്. അഞ്ചുവര്‍ഷത്തേക്ക് വിലക്ക് നേരിടുന്നതിവനൊപ്പം 25 കോടി രൂപ പിഴയും അടയ്‌ക്കേണ്ടിവരും. റിലയന്‍സ് ഹോംഫിനാന്‍സ് എന്ന അനിലിന്റെ കമ്പനിയില്‍ നിന്ന് ഫണ്ട് വഴിതിരിച്ചു വിട്ടതിനാണ് നടപടി. അനില്‍ അംബാനിക്കൊപ്പം റിലയന്‍സ് ഹോം ഫിനാന്‍സിലെ പ്രധാന ഉദ്യോഗസ്ഥരും നടപടി നേരിടേണ്ടി വരും. മകന്റെ പേരില്‍ കമ്പനി തുടങ്ങി വന്‍തിരിച്ചുവരവിനുള്ള നീക്കങ്ങള്‍ അനില്‍ അംബാനി ആരംഭിച്ചിരുന്നു.
നടപടി ഗുരുതരം
222 പേജ് കുറ്റപത്രം
റിലയന്‍സ് ഹോം ഫിനാന്‍സ് ലിമിറ്റഡിന്റെ മുതിര്‍ന്ന ഉദ്യോഗസ്ഥരായിരുന്ന അമിത് ബപ്ന, രവീന്ദ്ര സുധാല്‍ക്കര്‍, പിങ്കേഷ് ആര്‍ ഷാ എന്നിവര്‍ക്കും വിലക്കുണ്ട്. ബപ്നയ്ക്ക് 27 കോടി രൂപയും സുധാല്‍ക്കര്‍ക്ക് 26 കോടിയും ഷായ്ക്ക് 21 കോടി രൂപയും പിഴ ചുമത്തിയിട്ടുണ്ട്.
റിലയന്‍സ് യൂണികോണ്‍ എന്റര്‍പ്രൈസസ്, റിലയന്‍സ് എക്സ്ചേഞ്ച് നെക്സ്റ്റ് ലിമിറ്റഡ്, റിലയന്‍സ് കൊമേഴ്സ്യല്‍ ഫിനാന്‍സ് ലിമിറ്റഡ്, റിലയന്‍സ് ബിസിനസ് ബ്രോഡ്കാസറ്റ് ന്യൂസ് ഹോള്‍ഡിങ്സ് ലിമിറ്റഡ്, റിലയന്‍സ് ബിഗ് എന്റര്‍ടെയ്ന്‍മെന്റ് പ്രൈവറ്റ് ലിമിറ്റഡ് എന്നിവയുള്‍പ്പടെയുള്ള സ്ഥാപനങ്ങള്‍ക്ക് 25 കോടി രൂപ വീതമാണ് പിഴ.
റിലയന്‍സ് ഓഹരികള്‍ക്ക് ഇടിവ്
അനില്‍ അംബാനിക്ക് സെബിയുടെ വിലക്ക് വന്നുവെന്ന വാര്‍ത്തകള്‍ റിലയന്‍സിന്റെ ഒാഹരികളിലും പ്രതിഫലിച്ചു. പ്രധാന നടപടി നേരിട്ട റിലയന്‍സ് ഹോം ഫിനാന്‍സിന്റെ ഓഹരികള്‍ 4.90 ശതമാനം ഇടിഞ്ഞു. കമ്പനിയുടെ 55 ലക്ഷത്തിലധികം ഓഹരികള്‍ വില്‍ക്കാന്‍ ഇടപാടുകാര്‍ മുന്നോട്ടു വന്നെങ്കിലും വാങ്ങാന്‍ ആളില്ലാത്ത അവസ്ഥയാണ്.
അനിലിന്റെ ഉടമസ്ഥതയിലുള്ള റിലയന്‍സ് പവര്‍ ലിമിറ്റഡിന്റെ ഓഹരികള്‍ക്കും വലിയ തിരിച്ചടിയാണ് ലഭിച്ചത്. 4.99 ആണ് തകര്‍ച്ച നേരിട്ടത്. അടുത്തിടെ തിരിച്ചുവരവിന്റെ സൂചനകള്‍ കാണിച്ച ഓഹരിയാണിത്.
റിലയന്‍സ് ഇന്‍ഫ്ര വെള്ളിയാഴ്ച ഉച്ചയ്ക്ക് 10 ശതമാനത്തോളം ഇടിഞ്ഞാണ് വ്യാപാരം നടക്കുന്നത്. 8,222 കോടി രൂപ വിപണിമൂല്യമുള്ള കമ്പനിയാണിത്.