സംരംഭകത്വത്തെ പ്രോത്സാഹിപ്പിക്കും; സംസ്ഥാന സര്‍ക്കാരും ഇഡിഐഐയും കൈകോര്‍ക്കുന്നു

നേരത്തെ കുടുംബശ്രീ, സ്റ്റാര്‍ട്ടപ്പ് മിഷന്‍, യുവജനക്ഷേമ ബോര്‍ഡ് എന്നിവയുമായി ഇഡിഐഐ കൈകോര്‍ത്തിരുന്നു

Update:2022-09-15 14:39 IST

സംസ്ഥാനത്ത സംരംഭങ്ങളെയും സംരംഭകരെയും പരിപോഷിപ്പിക്കുന്നതിനും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും സംസ്ഥാന സര്‍ക്കാരും എന്റര്‍പ്രണര്‍ഷിപ്പ് ഡെവലപ്മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയും (ഇഡിഐഐ) കൈകോര്‍ക്കുന്നു. കുടുംബശ്രീ, സ്റ്റാര്‍ട്ടപ്പ് മിഷന്‍, യുവജനക്ഷേമ ബോര്‍ഡ് എന്നിവയ്‌ക്കൊപ്പം പ്രവര്‍ത്തിച്ചുവന്നിരുന്ന ഇഡിഐഐ ഇനി വ്യവസായ വകുപ്പുമായും കെ-ഡിസ്‌കുമായും വിവിധ കോര്‍പ്പറേറ്റുകളുമായും ചേര്‍ന്ന് സംരംഭകത്വ ആവാസവ്യവസ്ഥയുടെ വളര്‍ച്ചയ്ക്കായി പ്രവര്‍ത്തിക്കും.

സംസ്ഥാനത്ത് സംരംഭകത്വം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി വ്യവസായ വകുപ്പിനു കീഴില്‍ ഫീല്‍ഡ്തല ഓഫീസര്‍മാര്‍ക്ക് പരിശീലനം നല്‍കിവരുന്നത് ഇഡിഐഐ ആണ്. ഇതിനോടകം 200 ഓഫീസര്‍മാര്‍ക്കാണ് പരിശീലനം നല്‍കിയത്. ഒരു ലക്ഷം സംരംഭങ്ങളെന്ന ലക്ഷ്യം സുഗമമാക്കുന്നതിന് 60 റിസോഴ്സ് പേഴ്‌സണ്‍മാരുടെ കേഡറിനും പരിശീലനം നല്‍കും.

കേരളത്തില്‍ ഏകദേശം 650 ബിസിനസുകള്‍ സൃഷ്ടിക്കുന്നതിനായി മൈക്രോ സ്‌കില്‍പ്രണര്‍ഷിപ്പ് പ്രോഗ്രാമുകള്‍ നടത്താന്‍ മറ്റ് സ്ഥാപനങ്ങളുമായും ഇന്‍സ്റ്റിറ്റ്യൂട്ട് കൈകോര്‍ക്കുന്നുണ്ട്. ഇതില്‍ 60 ശതമാനവും സാങ്കേതികവിദ്യയിലധിഷ്ഠിതമായി സ്ത്രീകള്‍ നയിക്കുന്ന ഹരിത ബിസിനസുകളാണ്. 1998ല്‍ കുടുംബശ്രീയുടെ തുടക്കത്തില്‍തന്നെ സൂക്ഷ്മ സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഒരു മാതൃക ഇഡിഐഐ രൂപപ്പെടുത്തിയിരുന്നു. യുവജനക്ഷേമ ബോര്‍ഡുമായി സഹകരിച്ച് രണ്ടായിരത്തിലധികം സംരംഭകര്‍ക്കും ഇഡിഐഐ പരിശീലനം നല്‍കിയിട്ടുണ്ട്.

സംരംഭകത്വ വികസനത്തില്‍ കേരളത്തിന് വലിയ സാധ്യതകളാണുള്ളതെന്നും കേരളത്തില്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്കും സംരംഭങ്ങള്‍ക്കും അനുകൂലമായ ആവാസവ്യവസ്ഥയും സഹായകഘടകങ്ങളുടെ സ്ഥാപനവല്‍ക്കരണവും ഇഡിഐഐ ഉറപ്പാക്കുമെന്നും ഡയറക്ടര്‍ ജനറല്‍ ഡോ. സുനില്‍ ശുക്ല പറഞ്ഞു. സംരംഭങ്ങള്‍ സൃഷ്ടിക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ ചെലുത്തുന്ന ശ്രദ്ധയും ശ്രമങ്ങളും ദാരിദ്ര്യം ലഘൂകരിക്കുന്നതിനും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനുമുള്ള പ്രധാന ചാലകമായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

Tags:    

Similar News