സപ്ലൈകോയില്‍ വൻ ഓഫറുകളും വിലക്കുറവുകളും ഇനി മൂന്ന് ദിവസം കൂടി മാത്രം; 50 ഉല്‍പ്പന്നങ്ങള്‍ വിലക്കുറവില്‍

സപ്ലൈകോ സൂപ്പർമാർക്കറ്റ്, ഹൈപ്പർമാർക്കറ്റ്, പീപ്പിൾസ് ബസാർ തുടങ്ങിയ കേന്ദ്രങ്ങളില്‍ നിന്ന് സാധനങ്ങള്‍ വാങ്ങാവുന്നതാണ്

Update:2024-08-10 11:04 IST

Image courtesy: facebook.com/Supplycoofficial

വൻ ഓഫറുകളും വിലക്കുറവുകളും വാഗ്ദാനം ചെയ്യുന്നതാണ് സപ്ലൈകോയുടെ 50/50 (ഫിഫ്റ്റി/ഫിഫ്റ്റി), സപ്ലൈകോ ഹാപ്പി അവേഴ്‌സ് എന്നീ പദ്ധതികൾ. ഓഫറുകള്‍ അവസാനിക്കാന്‍ ഇനി മൂന്ന് ദിവസം (ഓഗസ്റ്റ് 13 വരെ) കൂടിയാണ് ഉളളത്.
ഹാപ്പി അവേഴ്‌സ്
സപ്ലൈകോയില്‍ നിന്ന് ഉച്ചയ്ക്ക് രണ്ടു മുതൽ മൂന്നു വരെയുള്ള സമയത്ത് സബ്‌.സി.ഡി ഇല്ലാത്ത സാധനങ്ങൾ വാങ്ങുന്ന ഉപഭോക്താക്കൾക്ക് ബിൽ തുകയിൽനിന്ന് 10 ശതമാനം കുറവ് വാഗ്ദാനം ചെയ്യുന്ന പദ്ധതിയാണ് ഹാപ്പി അവേഴ്‌സ്. സപ്ലൈകോ സൂപ്പർമാർക്കറ്റ്, ഹൈപ്പർമാർക്കറ്റ്, പീപ്പിൾസ് ബസാർ തുടങ്ങിയ കേന്ദ്രങ്ങളില്‍ നിന്ന് ആളുകള്‍ക്ക് സാധനങ്ങള്‍ വാങ്ങാവുന്നതാണ്. നിലവില്‍ നല്‍കി കൊണ്ടിരിക്കുന്ന വിലക്കുറവ് കൂടാതെയാണ് ഹാപ്പി അവേഴ്സിലെ വിലക്കുറവ് പ്രഖ്യാപിച്ചിരിക്കുന്നത്.
വിലക്കുറവില്‍ നല്‍കുന്ന ഉല്‍പ്പന്നങ്ങള്‍
സപ്ലൈകോയുടെയില്‍ 50 ജനപ്രിയ ഉത്പ്പന്നങ്ങൾക്ക് വിലക്കുറവും പ്രത്യേകം ഓഫറുകളും നല്‍കുന്ന പദ്ധതിയാണ് 50/ 50. 300 രൂപ വിലയുള്ള ശബരി ഹോട്ടൽ ബ്ലെൻഡ് ടീ ഒരു കിലോ 270 രൂപയ്ക്ക് നൽകുന്നതോടൊപ്പം 250 ഗ്രാം ശബരി ലീഫ് ടീ സൗജന്യമായി നൽകും. 80 രൂപ വിലയുള്ള 250 ഗ്രാം ശബരി ഗോൾഡ് ടീ 64 രൂപയ്ക്ക് നൽകും.
60 രൂപ വിലയുള്ള ശബരി ചക്കി ഫ്രഷ് ആട്ട ൨൦ ശതമാനം വിലകുറച്ച് 48 രൂപയ്ക്കും, 79 രൂപ വിലയുള്ള ഒരു കിലോഗ്രാം ശബരി അപ്പം പൊടി, പുട്ടുപൊടി എന്നിവ 63.20 രൂപയ്ക്കും ലഭിക്കും. ശബരി മുളകുപൊടി, മല്ലിപ്പൊടി, മഞ്ഞൾപ്പൊടി, ചിക്കൻ മസാല, സാമ്പാർ പൊടി, കടുക് എന്നിവയ്ക്കും 25 ശതമാനം വരെ വിലക്കുറവുണ്ട്. 500ഗ്രാം റിപ്പിൾ പ്രീമിയം ഡസ്റ്റ് ടിയോടൊപ്പം 500 ഗ്രാം പഞ്ചസാര നൽകും.
ഉജാല, ഹെൻകോ, സൺ പ്ലസ് തുടങ്ങി വിവിധയിനം ബ്രാൻഡുകളുടെ വാഷിംഗ് പൗഡറുകൾ, ഡിറ്റർജെന്റുകൾ എന്നിവയ്ക്ക് വലിയ വിലക്കുറവുണ്ട്. നമ്പീശൻസ് ബ്രാൻഡിന്റെ നെയ്യ്, തേൻ, എള്ളെണ്ണ, ചന്ദ്രിക, സന്തൂർ ബ്രാൻഡുകളുടെ സോപ്പ്, നിറപറ, ബ്രാഹ്മിൻസ് ബ്രാന്റുകളുടെ മസാല പൊടികൾ, ബ്രാഹ്മിൻസ് ബ്രാൻഡിന്റെ അപ്പം പൊടി, റവ, പാലട മിക്സ്, കെലോഗ്സ് ഓട്സ്, ഐ.ടി.സി ആശിർവാദ് ആട്ട, ഐ.ടി.സിയുടെ തന്നെ സൺ ഫീസ്റ്റ് ന്യൂഡിൽസ്, മോംസ് മാജിക്, സൺ ഫീസ്റ്റ് ബിസ്‌ക്കറ്റുകൾ, ഡാബറിന്റെ തേൻ ഉൾപ്പെടെയുള്ള വിവിധ ഉൽപ്പന്നങ്ങൾ, ബ്രിട്ടാനിയ ബ്രാൻഡിന്റെ ഡയറി വൈറ്റ്നർ, കോൾഗേറ്റ് തുടങ്ങി 50ലേറെ ഉൽപ്പന്നങ്ങൾക്കാണ് ഓഫറുകള്‍ നൽകുന്നത്.
സപ്ലൈകോ സ്ഥാപിച്ചത് 1974 ല്‍
സപ്ലൈകോ സ്ഥാപിച്ചിട്ട് അമ്പതു വർഷങ്ങൾ പൂർത്തിയാകുന്ന സാഹചര്യം പ്രമാണിച്ചാണ് ഓഫറുകളും വിലക്കുറവുകളും നല്‍കുന്നത്. 1974 ലാണ് സപ്ലൈകോ സ്ഥാപിക്കുന്നത്. നിത്യോപയോഗ സാധനങ്ങള്‍ വിലക്കുറവില്‍ പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കുന്ന മാതൃകാപരമായ ഒരു വിപണി ഇടപെടൽ സംവിധാനമാണ് സപ്ലൈകോ. മാവേലിസ്റ്റോറുകൾ, സൂപ്പർ മാർക്കറ്റുകൾ, എൽ.പി.ജി ഔട്ട് ലെറ്റുകൾ, പെട്രോൾ ബങ്കുകൾ, മെഡിക്കൽ സ്റ്റോറുകൾ തുടങ്ങിയവ അടക്കം 1630 ഔട്ട്ലെറ്റുകളും 65 ലക്ഷത്തിലധികം ഉപഭോക്താക്കളും ഈ സ്ഥാപനത്തിനുണ്ട്.
ഇന്ത്യയിൽ മറ്റൊരു സംസ്ഥാനത്തും ഇത്തരമൊരു ജനകീയ വിപണന ശൃംഖല നിലവിലില്ലെന്ന് സപ്ലൈകോ അധികൃതര്‍ അവകാശപ്പെടുന്നു. റേഷൻ വിതരണം, നെല്ല് സംഭരണപദ്ധതി, സ്‌കൂൾ കുട്ടികൾക്കുള്ള ഉച്ചഭക്ഷണ പദ്ധതി, പ്രളയവും മഹാമാരിയും പോലുള്ള ദുരന്തഘട്ടങ്ങളിൽ എല്ലാ വിഭാഗം ജനങ്ങൾക്കും ഭക്ഷ്യഭദ്രത ഉറപ്പുവരുത്തൽ എന്നിങ്ങനെ വിവിധങ്ങളായ പ്രവർത്തികള്‍ സപ്ലൈകോ നടപ്പിലാക്കി വരുന്നു.
മറ്റു പദ്ധതികള്‍
ക്ഷീര ഉത്പന്നങ്ങളും ശീതീകരിച്ച ഉത്പന്നങ്ങളും വില്‍പ്പനയ്ക്ക് എത്തിക്കുന്ന അത്യാധുനിക നിലവാരത്തിൽ നവീകരിച്ച സിഗ്നേച്ചർ മാർട്ടുകള്‍ സംസ്ഥാനത്തെ 14 ജില്ലകളിലും സപ്ലൈകോ ആരംഭിക്കും. രജിസ്റ്റർ ചെയ്ത നെൽ കർഷകരിൽ നിന്നും ബയോമെട്രിക് വിവരങ്ങൾ ശേഖരിച്ച് ആധാർ ലിങ്ക്ഡ് ബയോമെട്രിക് നെല്ല് സംഭരണം നടപ്പാക്കും.
പൂർണമായും ശീതീകരിച്ച സൂപ്പർമാർക്കറ്റ് രീതിയിലുള്ള പത്തോളം മെഡിക്കൽ സ്റ്റോറുകൾ സപ്ലൈകോ മെഡി മാർട്ട് എന്ന പേരിൽ വിവിധ ജില്ലകളിലായി ആരംഭിക്കും. മരുന്നുകൾക്ക് പുറമെ സർജിക്കൽ മെഡിക്കൽ എക്യുപ്മെന്റ്, പ്രമുഖ ബ്രാൻഡുകളുടെ ഹെൽത്ത് കെയർ ഉൽപ്പന്നങ്ങൾ എന്നിവ ഇവിടെ നിന്ന് ലഭിക്കും. കാര്യക്ഷമവും ശാസ്ത്രീയവുമായ വിപണി ഇടപെടലിലൂടെ വിലക്കയറ്റം തടഞ്ഞു നിർത്തി പൊതുജനങ്ങള്‍ക്ക് ആശ്വാസമാവുകയാണ് സപ്ലൈകോയോടെ പ്രവര്‍ത്തന ലക്ഷ്യമെന്ന് അധികൃതര്‍ പറഞ്ഞു.
Tags:    

Similar News