ബി.എസ്.എന്‍.എല്ലിനെ രക്ഷിക്കാന്‍ ടാറ്റ വരുന്നു; വിപണി പിടിക്കാന്‍ ₹15,000 കോടിയുടെ പദ്ധതി
കടുത്ത മല്‍സരം കാഴ്ചവയ്ക്കാന്‍ പുതിയ കൂട്ടുകെട്ട് സഹായിക്കുമെന്നാണ് ബി.എസ്.എന്‍.എല്ലിന്റെ പ്രതീക്ഷ
ടെലികോം കമ്പനികള്‍ നിരക്കുകള്‍ വര്‍ധിപ്പിച്ചതോടെ മൊബൈല്‍ താരിഫ് കുത്തനെ ഉയര്‍ന്നത് ഉപയോക്താക്കളുടെ എതിര്‍പ്പിന് ഇടയാക്കിയിരുന്നു. റിലയന്‍സ് ജിയോയും എയര്‍ടെല്ലും വൊഡാഫോണ്‍ ഐഡിയയും ഭരിക്കുന്ന ഇന്ത്യന്‍ ടെലികോം മാര്‍ക്കറ്റില്‍ പൊതുമേഖ സ്ഥാപനമായ ബി.എസ്.എന്‍.എല്‍ മാത്രമാണ് നിരക്ക് വര്‍ധിക്കാതെയിരിക്കുന്നത്.
ബി.എസ്.എന്‍.എല്ലിന് ഗുണം ചെയ്യും
ഇപ്പോഴിതാ ഒരിക്കല്‍ കൈപൊള്ളിയ ടെലികോം മേഖലയിലേക്ക് ടാറ്റാ ഗ്രൂപ്പ് വീണ്ടും ഇറങ്ങുന്നുവെന്ന വാര്‍ത്തയാണ് വരുന്നത്. ടെലികോം കമ്പനി തുടങ്ങി നേരിട്ട് മല്‍സരത്തിനു നില്‍ക്കാതെ ബി.എസ്.എന്‍.എല്ലുമായി കോടികളുടെ കരാറുണ്ടാക്കിയാണ് ടെലികോം രംഗത്തേക്ക് ടാറ്റയുടെ വരവ്. ടാറ്റാ കണ്‍സള്‍ട്ടന്‍സി സര്‍വീസസും (ടി.സി.എസ്) ബി.എസ്.എന്‍.എല്ലും 15,000 കോടി രൂപയുടെ പുതിയ കരാറിലെത്തിയിട്ടുണ്ട്.
ഇന്ത്യന്‍ ഗ്രാമങ്ങളില്‍ 4ജി സേവനം എത്തിക്കാനാണ് ഇരുകൂട്ടരും കൈകോര്‍ക്കുന്നത്. ഇതിനായി 1,000 ഗ്രാമങ്ങളെ കണ്ടെത്തി. മറ്റ് സേവനദാതാക്കളുമായി കടുത്ത മല്‍സരം കാഴ്ചവയ്ക്കാന്‍ പുതിയ കൂട്ടുകെട്ട് സഹായിക്കുമെന്നാണ് ബി.എസ്.എന്‍.എല്ലിന്റെ പ്രതീക്ഷ. പുതിയ കരാറിന്റെ ഭാഗമായി ടാറ്റാഗ്രൂപ്പ് രാജ്യത്ത് നാല് വലിയ ഡാറ്റാ സെന്ററുകള്‍ സ്ഥാപിക്കും. 4ജി സേവനം കൂടുതല്‍ മികച്ച രീതിയില്‍ നല്‍കാന്‍ ഇതുവഴി സാധിക്കും.
സ്വകാര്യ മൊബൈല്‍ സേവനദാതാക്കള്‍ക്ക് ഞെട്ടല്‍
ടെലികോം കമ്പനികള്‍ താരിഫ് വര്‍ധിപ്പിച്ചതിന് ശേഷം 2.5 ലക്ഷം ആളുകള്‍ മറ്റ് മൊബൈല്‍ കമ്പനികളെ ഉപേക്ഷിച്ച് മൊബൈല്‍ നമ്പര്‍ പോര്‍ട്ടബിലിറ്റി (എം.എന്‍.പി) സംവിധാനത്തിലൂടെ ബി.എസ്.എന്‍.എല്ലിലേക്ക് മടങ്ങിയെത്തി.
രാജ്യത്തെ ടെലികോം കമ്പനികള്‍ നിരക്ക് കുത്തനെ വര്‍ധിപ്പിച്ചതിന് പിന്നാലെ ബി.എസ്.എന്‍.എല്ലിനെയും കേന്ദ്ര സര്‍ക്കാരിനെയും വിമര്‍ശിച്ച് ട്രേഡ് യൂണിയനുകള്‍ രംഗത്തെത്തിയിരുന്നു. ബി.എസ്.എന്‍.എല്‍ കൃത്യസമയത്ത് 4ജി, 5ജി സേവനങ്ങള്‍ നടപ്പിലാക്കിയിരുന്നെങ്കില്‍ ഇത്ര വലിയ രീതിയില്‍ നിരക്ക് കൂട്ടാന്‍ സ്വകാര്യ കമ്പനികള്‍ തയാറാകില്ലെന്നാണ് ട്രേഡ് യൂണിയനുകള്‍ ആരോപിക്കുന്നത്.