ടീമുകള്‍ മുടക്കുക 100 കോടി രൂപയ്ക്ക് മുകളില്‍; കേരള ക്രിക്കറ്റില്‍ ഇനി 'കോടിക്കിലുക്കം'
കുറഞ്ഞ കാലത്തേക്കാണെങ്കിലും 500ലേറെ പുതിയ തൊഴിലവസരങ്ങള്‍ നേരിട്ടും അല്ലാതെയും സൃഷ്ടിക്കപ്പെടുമെന്നാണ് വിലയിരുത്തല്‍
സൂപ്പര്‍ ഹിറ്റായി മാറിയ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് മാതൃകയിലുള്ള കേരള ക്രിക്കറ്റ് ലീഗ് വരുമ്പോള്‍ ആകാംക്ഷയിലാണ് സംസ്ഥാനത്തെ ബിസിനസ് ലോകം. ഐപിഎല്‍ ഹിറ്റായത് പോലെ കോടികള്‍ വാരാന്‍ സാധിച്ചാല്‍ കേരളത്തിലെ സ്പോര്‍ട്സ് ബിസിനസിന്റെ തലവര മാറ്റും പുതിയ ലീഗ്. മോഹന്‍ലാല്‍ ബ്രാന്‍ഡ് അംബാസിഡറായ ലീഗില്‍ ടീമുകളെ സ്വന്തമാക്കിയവരില്‍ ഏറെയും ബിസിനസ് ഗ്രൂപ്പുകളാണ്.
13 ബിസിനസ് ഗ്രൂപ്പുകളായിരുന്നു കേരള ക്രിക്കറ്റ് ലീഗില്‍ ടീമുകളെ സ്വന്തമാക്കാന്‍ എത്തിയത്. ഇതില്‍ സാമ്പത്തിക മാനദണ്ഡം പാലിച്ചത് ഏഴ് ഗ്രൂപ്പുകളായിരുന്നു. ഇവരില്‍ നിന്ന് കൂടുതല്‍ തുകയുടെ ബിഡ് സമര്‍പ്പിച്ചവര്‍ക്കാണ് 6 ടീമുകളുടെ ഫ്രാഞ്ചൈസി ലഭിച്ചത്. ടീമുകളെ വിറ്റതിലൂടെ ഫ്രാഞ്ചൈസി ഫീസായി കേരള ക്രിക്കറ്റ് അസോസിയേഷന് കിട്ടിയത് 14 കോടി രൂപയാണ്.
ചലച്ചിത്ര സംവിധായകന്‍ പ്രിയദര്‍ശനും ജോസ് തോമസ് പട്ടാറയും ചേര്‍ന്നുള്ള കണ്‍സോര്‍ഷ്യം സ്വന്തമാക്കിയ തിരുവനന്തപുരം ജില്ലയുടെ ഫ്രാഞ്ചൈസിയുടെ പേര് ട്രിവാന്‍ഡ്രം റോയല്‍സ് എന്നാണ്. ചലച്ചിത്ര നിര്‍മാതാവും സംവിധായകനുമായ സോഹന്‍ റോയിയുടെ ഏരീസ് ഗ്രൂപ്പ് സ്വന്തമാക്കിയ കൊല്ലം ജില്ലയുടെ ഫ്രാഞ്ചൈസിക്ക് ഏരീസ് കൊല്ലം സെയ്‌ലേഴ്സ് എന്നാണ് പേര്.
കണ്‍സോള്‍ ഷിപ്പിംഗ് സര്‍വീസസ് ഇന്‍ഡ്യ പ്രൈവറ്റ് ലിമിറ്റഡ് സ്വന്തമാക്കിയ ആലപ്പുഴ ജില്ലാ ടീമിന് ആലപ്പി റിപ്പിള്‍സ്, എനിഗ്മാറ്റിക് സ്മൈല്‍ റിവാര്‍ഡ്സ് സ്വന്തമാക്കിയ എറണാകുളം ജില്ല ടീമിന് കൊച്ചി ബ്ലൂ ടൈഗേഴ്സ്, ഫൈനസ് മാര്‍ക്കറ്റ് ലിങ്ക് പ്രൈവറ്റ് ലിമിറ്റഡ് സ്വന്തമാക്കിയ തൃശ്ശൂര്‍ ജില്ല ടീമിന് തൃശൂര്‍ ടൈറ്റന്‍സ്, ഇകെകെ ഇന്‍ഫ്രാസ്ട്രെക്ചര്‍ ലിമിറ്റഡ് സ്വന്തമാക്കിയ കോഴിക്കോട് ജില്ല ടീമിന് കാലിക്കട്ട് ഗ്ലോബ്സ്റ്റേഴ്സ് എന്നിങ്ങനെയാണ് പേരിട്ടിരിക്കുന്നത്.
ചെലവിടുക 100 കോടി രൂപയ്ക്ക് മുകളില്‍
ലീഗിന്റെ ആദ്യ സീസണില്‍ ടീമുകളും സംഘാടകരും ചേര്‍ന്ന് 100 കോടി രൂപയിലധികം ചെലവാക്കും. കളിക്കാരുടെ പ്രതിഫലം, ഗ്രൗണ്ട് നവീകരണം, മറ്റ് മാര്‍ക്കറ്റിംഗ് ആവശ്യങ്ങള്‍ എന്നിവയെല്ലാം ചേര്‍ത്താണ് ഈ തുക. കുറഞ്ഞ കാലത്തേക്കെങ്കിലും 500ലേറെ പുതിയ തൊഴിലവസരങ്ങള്‍ നേരിട്ടും അല്ലാതെയും സൃഷ്ടിക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്. സ്റ്റാര്‍ സ്‌പോര്‍ട്‌സാണ് ലീഗിന്റെ സംപ്രേഷണം ഏറ്റെടുത്തിരിക്കുന്നത്. ഇതിനായി രണ്ട് കോടിയോളം രൂപ കെ.സി.എ സ്റ്റാര്‍ ഗ്രൂപ്പിന് നല്‍കണം.
ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിലെല്ലാം ഐപിഎല്‍ മാതൃകയിലുള്ള ലീഗുകള്‍ സജീവമാണ്. കളിക്കാര്‍ക്ക് 5 ലക്ഷം മുതല്‍ മുകളിലേക്ക് വരുമാനവും ലഭിക്കുന്നു. തമിഴ്നാട് ക്രിക്കറ്റ് അസോസിയേഷന്‍ നടത്തുന്ന തമിഴ്നാട് പ്രീമിയര്‍ ലീഗാണ് ഇക്കൂട്ടത്തില്‍ ഏറ്റവും ഹിറ്റായത്. തമിഴ്നാട്ടിലെ വിവിധ സിറ്റികള്‍ കേന്ദ്രീകരിച്ചുള്ള ലീഗ് ഇപ്പോള്‍ സാമ്പത്തിക ലാഭത്തിലായിട്ടുണ്ട്. ക്രിക്കറ്റിനെ വികേന്ദ്രീകരിക്കാന്‍ ഇന്ത്യ സിമന്റ്സ് ഉടമ എന്‍. ശ്രീനിവാസന്റെ നേതൃത്വത്തില്‍ തമിഴ്നാട് ക്രിക്കറ്റ് അസോസിയേഷന് സാധിച്ചു.