അര്‍ബുദം, ഹൃദ്രോഗം തുടങ്ങിയവയുടെ ചികിത്സയ്ക്കുള്ള കാരുണ്യ ബനവലന്റ് ഫണ്ട് പദ്ധതി ഈ മാസം അവസാനിക്കും
ഈ പദ്ധതി നിലയ്ക്കുന്നത് രോഗികള്‍ക്ക് കൂടുതൽ ബുദ്ധിമുട്ടുണ്ടാക്കും
കാരുണ്യ ബനവലന്റ് ഫണ്ട് പദ്ധതി ഈ മാസം അവസാനിക്കും. ആരോഗ്യ ഇന്‍ഷുറന്‍സ് കാര്‍ഡ് ഇല്ലാത്ത രോഗികളുടെ ചികിത്സയ്ക്ക് സഹായമേകുന്ന പദ്ധതിയാണിത്. ആരോഗ്യ ഇന്‍ഷുറന്‍സ് കാര്‍ഡ് പദ്ധതിയില്‍ ഉള്‍പ്പെടാത്തതും എന്നാല്‍, വാര്‍ഷിക വരുമാനം മൂന്ന് ലക്ഷത്തില്‍ താഴെയുള്ളവരുമായ ഹീമോഫീലിയ, കരള്‍ രോഗം, അര്‍ബുദം, ഹൃദ്രോഗം തുടങ്ങിയവയുള്ള മാരക രോഗികള്‍ക്കാണ് ഇതുവഴി ആനൂകൂല്യം ലഭിക്കുന്നത്. എ.പി.എല്‍, ബി.പി.എല്‍ വ്യത്യാസമില്ലാതെ കിഡ്നി രോഗികളുടെ ചികിത്സയ്ക്ക് മൂന്ന് ലക്ഷവും കാന്‍സര്‍, ഹൃദ്രോഗം രോഗികള്‍ക്ക് രണ്ട് ലക്ഷവും ഈ പദ്ധതി വഴി ചികിത്സക്കായി നൽകുന്നു.
മാര്‍ച്ചില്‍ നിര്‍ത്തലാക്കാനിരുന്നത്
സംസ്ഥാനത്തെ 38,000ത്തിലേറേ രോഗികള്‍ക്ക് ഈ ഫണ്ട് പ്രയോജനകരമാണ്. മെഡിക്കല്‍ കോളജ് ആശുപത്രി മുതലുള്ള സര്‍ക്കാര്‍ ആശുപത്രികളിലെ രോഗികള്‍ക്ക് ഏറെ ആശ്വാസമാണിത്. ആരോഗ്യ ഇന്‍ഷുറന്‍സ് കാര്‍ഡ് സ്വീരിക്കുന്ന എല്ലാ ആശുപത്രികളിലും കാരുണ്യ ബനവലന്റ് ഫണ്ട് പ്രകാരം കാര്‍ഡ് സ്വീകരിച്ച് ചികിത്സ ലഭിക്കുമെങ്കിലും സര്‍ക്കാര്‍ ഫണ്ട് നല്‍കാത്തതിനാല്‍ പല സ്വകാര്യ ആശുപത്രികളിലും ചികിത്സ നല്‍കാറില്ല. അതേസമയം മാര്‍ച്ചില്‍ നിര്‍ത്തലാക്കാനിരുന്ന പദ്ധതി സെപ്റ്റംബര്‍ വരെ നീട്ടിയത് പ്രതിഷേധത്തെ തുടര്‍ന്നായിരുന്നു.
രോഗികള്‍ക്ക് കൂടുതൽ ബുദ്ധിമുട്ടുണ്ടാക്കും
റേഷന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ്, വരുമാന സര്‍ട്ടിഫിക്കറ്റ്, മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ്, രോഗിയാണെന്നും വരുമാനം മൂന്ന് ലക്ഷത്തില്‍ താഴെയാണെന്നും മറ്റു ആരോഗ്യ പരിരക്ഷാ പദ്ധതികളില്‍ ഉള്‍പ്പെട്ടിട്ടില്ലെന്നുമുള്ള സത്യവാങ്മൂലവും ആശുപത്രികളിലെ ഇന്‍ഷുറന്‍സ് കൗണ്ടറില്‍ സമര്‍പ്പിച്ചാല്‍ 24 മണിക്കൂറിനകം കാര്‍ഡ് ലഭിക്കും. ഇതോടെ പദ്ധതി പ്രകാരമുള്ള ചികിത്സ ലഭിക്കുകയും ചെയ്യും. ഈ പദ്ധതി നിലയ്ക്കുന്നത് രോഗികള്‍ക്ക് കൂടുതൽ ബുദ്ധിമുട്ടുണ്ടാക്കും.