അദാനി വക 1,300 കോടി, ആഡംബര ഹോട്ടലടക്കം വരും; കേരളത്തിലെ ആദ്യ വിമാനത്താവളം പുത്തന്‍ മേക്കോവറിലേക്ക്

കേരളത്തിലെ ആദ്യ വിമാനത്താവളമായ തിരുവനന്തപുരം 2021ലാണ് 50 വര്‍ഷത്തേക്ക് അദാനി ഗ്രൂപ്പിന് കൈമാറുന്നത്

Update:2024-10-16 12:21 IST

image credit : Adani Airport 

തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ 1,300 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്ന് അദാനി എയര്‍പോര്‍ട്ട് ഹോള്‍ഡിംഗ് ലിമിറ്റഡ്. വിമാനത്താവളത്തില്‍ നിലവിലുള്ള സൗകര്യങ്ങള്‍ ആധുനിക രീതിയിലേക്ക് മാറ്റുന്ന പദ്ധതിക്ക് പ്രോജക്ട് അനന്ത എന്നാണ് പേര് നല്‍കിയിരിക്കുന്നത്. നടപ്പു സാമ്പത്തിക വര്‍ഷത്തില്‍ തന്നെ ആരംഭിക്കുന്ന പദ്ധതി മൂന്ന് വര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കും. കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് നടന്ന ടി.ആര്‍.വി ഗ്രോത്ത് കോന്‍ക്ലേവിലാണ് കമ്പനി ഇക്കാര്യം വെളിപ്പെടുത്തിയത്. കേരളത്തിലെ ആദ്യ വിമാനത്താവളമായ തിരുവനന്തപുരം 2021ലാണ് 50 വര്‍ഷത്തേക്ക് അദാനി ഗ്രൂപ്പിന് കൈമാറുന്നത്.

ക്ഷേത്ര മാതൃക, ലോകോത്തര സൗകര്യങ്ങള്‍

കേരളത്തിലെ ക്ഷേത്രങ്ങളുടെ മാതൃകയില്‍ ലോകോത്തര സൗകര്യങ്ങള്‍ ഉള്‍ക്കൊള്ളിച്ചാണ് നിലവിലെ ടെര്‍മിനല്‍ രണ്ട് പുതുക്കി പണിയുന്നത്. ഇതിനായി മൂന്ന് വര്‍ഷത്തിനുള്ളില്‍ 1,300 കോടി രൂപ അദാനി ഗ്രൂപ്പ് നിക്ഷേപിക്കും. 2011ല്‍ ഉദ്ഘാടനം ചെയ്ത 45,000 ചതുരശ്ര അടി വിസ്തീര്‍ണമുള്ള ടെര്‍മിനല്‍ രണ്ടിന് പ്രതിവര്‍ഷം 32 ലക്ഷം യാത്രക്കാരെ കൈകാര്യം ചെയ്യാനുള്ള ശേഷിയുണ്ട്. ഇത് 1.2 കോടി യാത്രക്കാരെ കൈകാര്യം ചെയ്യാനുള്ള രീതിയില്‍ 1,65,000 ചതുരശ്ര അടിയിലേക്ക് വികസിപ്പിക്കും. പുതിയ ടെര്‍മിനലില്‍ അറൈവല്‍, ഡിപ്പാര്‍ച്ചര്‍ എന്നിവ വിവിധ നിലകളിലായി ക്രമീകരിക്കും. എയര്‍പോര്‍ട്ട് പ്ലാസ, ഹോട്ടല്‍, വ്യാപാര കേന്ദ്രം, അഡ്മിനിസ്‌ട്രേറ്റീവ് വിഭാഗം, കൂടുതല്‍ മെച്ചപ്പെട്ട പാര്‍ക്കിംഗ് സംവിധാനം എന്നിവയും ഒരുക്കും. കൂടാതെ പുതിയ എയര്‍ ട്രാഫിക്ക് കണ്‍ട്രോള്‍ ടവര്‍, അന്താരാഷ്ട്ര കാര്‍ഗോ കോംപ്ലക്‌സ്, റിമോട്ട് ചെക്ക്-ഇന്‍ സംവിധാനം എന്നിവ കൂടി ഒരുക്കുന്നതോടെ തിരുവനന്തപുരം വിമാനത്താവളം പുതിയ ലുക്കിലേക്ക് പൂര്‍ണമായും മാറും.
കുറച്ച് കാലം മുമ്പ് വരെ പ്രതിദിനം 100 എയര്‍ ട്രാഫിക് മൂവ്‌മെന്റുകള്‍ (എ.ടി.എം) മാത്രമാണ് തിരുവനനന്തപുരം വിമാനത്താവളത്തിലുണ്ടായിരുന്നത്. ഇതിപ്പോള്‍ പ്രതിദിനം 118 എണ്ണമായി കൂടി. പുതിയ സര്‍വീസുകള്‍ ആരംഭിച്ചതിലൂടെ ഇക്കൊല്ലം 50 ലക്ഷം യാത്രക്കാരെ കൈകാരം ചെയ്യാനാകരുമെന്നായിരുന്നു അദാനി ഗ്രൂപ്പിന്റെ ആലോചന. എന്നാല്‍ അടുത്ത വര്‍ഷമാദ്യം അറ്റകുറ്റപ്പണികള്‍ക്കായി റണ്‍വേ അടച്ചിടുന്നതിനാല്‍ യാത്രക്കാരുടെ എണ്ണം കുറയാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്.
Tags:    

Similar News