ഗള്‍ഫിലെ ഈ വിമാനത്താവളത്തില്‍ ടിക്കറ്റും വേണ്ട പാസ്പോര്‍ട്ടും വേണ്ട, പുഞ്ചിരിച്ചു കൊണ്ട് യാത്ര ചെയ്യാം

ടെസ്‌ല സ്ഥാപകന്‍ ഇലോണ്‍ മസ്‌ക് പോലും പ്രശംസിച്ച സ്മാര്‍ട്ട് ട്രാവല്‍ പ്രോജക്ടിന്റെ സഹായത്തോടെയാണ് ഇത് സാധ്യമാകുന്നത്

Update:2024-08-31 14:13 IST

image credit : canva

പാസ്‌പോര്‍ട്ടോ ടിക്കറ്റോ തിരിച്ചറിയല്‍ രേഖകളോ ഇല്ലാതെ വിമാനത്താവളത്തിലൂടെ കയ്യും വീശി രാജകീയമായി യാത്ര ചെയ്യുന്നതിനെക്കുറിച്ച് ചിന്തിച്ചിട്ടുണ്ടോ? അടുത്ത വര്‍ഷം മുതല്‍ അബുദാബി സെയിദ് ഇന്റര്‍നാഷണല്‍ വിമാനത്താവളത്തില്‍ പോയാല്‍ അതുപോലെ യാത്ര ചെയ്യാം. അടുത്ത വര്‍ഷത്തോടെ ലോകത്തിലെ ആദ്യ കടലാസ് രഹിത വിമാനത്താവളമായി മാറാനുള്ള ഒരുക്കത്തിലാണ് അബുദാബി വിമാനത്താവളം. ടെസ്‌ല സ്ഥാപകന്‍ ഇലോണ്‍ മസ്‌ക് പോലും പ്രശംസിച്ച സ്മാര്‍ട്ട് ട്രാവല്‍ പ്രോജക്ടിന്റെ സഹായത്തോടെയാണ് ഇത് സാധ്യമാകുന്നത്.

എന്താണ് സ്മാര്‍ട്ട് ട്രാവല്‍ പ്രോജക്ട്

എല്ലാ ചെക്ക് പോയിന്റുകളിലും ബയോമെട്രിക് തിരിച്ചറിയല്‍ ഉപകരണങ്ങള്‍ സ്ഥാപിച്ച് ലോകത്തിലെ ആദ്യ കടലാസ് രഹിത വിമാനത്താവളമാവുകയാണ് അബുദാബിയുടെ ലക്ഷ്യം. യാത്രാ, തിരിച്ചറിയല്‍ രേഖകള്‍ കാണിക്കാതെ ഫേഷ്യല്‍, ഐറിസ് തിരിച്ചറിയല്‍ പ്രക്രിയയിലൂടെ വിമാനത്താവളത്തിലെ പരിശോധന പൂര്‍ത്തിയാക്കാന്‍ കഴിയും. ഇത് വിമാനത്താവളത്തിലെ പ്രവര്‍ത്തനങ്ങളുടെ വേഗതയും കാര്യക്ഷമതയും വര്‍ധിപ്പിക്കുകയും കാത്തിരിപ്പ് സമയം കുറയ്ക്കുകയും ചെയ്യുമെന്ന് വിമാനത്താവള അധികൃതര്‍ ലിങ്ക്ഡ്ഇന്‍ പോസ്റ്റില്‍ പറഞ്ഞു.

പ്രവര്‍ത്തനം ഇങ്ങനെ

വിരലടയാളം, മുഖത്തിലെ ചില ഭാഗങ്ങള്‍, കണ്ണിലെ ഐറിസ് എന്നിവ ഓരോ വ്യക്തിയിലും വ്യത്യസ്തമായിരിക്കുമെന്ന പ്രത്യേകതയാണ് ഇവിടെ ഉപയോഗിക്കുന്നത്. ഇത്തരം ഭാഗങ്ങള്‍ തിരിച്ചറിയുന്നതിനായി അതിനൂതന സാങ്കേതിക വിദ്യയും ഇന്ന് നിലവിലുണ്ട്. അബുദാബി വിമാനത്താവളത്തില്‍ എത്തിഹാദ് വിമാനങ്ങളിലെ യാത്രക്കാര്‍ക്ക് വേണ്ടി മുഖം തിരിച്ചറിയല്‍ സംവിധാനം ഇതിനോടകം തന്നെ ഉപയോഗിച്ചു വരുന്നുണ്ട്. ഇത് വിമാനത്താവളത്തിലെ കൂടുതല്‍ ഭാഗങ്ങളിലേക്ക് വ്യാപിപ്പിക്കാനാണ് അധികൃതരുടെ തീരുമാനം. ഇതിനായി ഒമ്പത് ചെക്ക് പോയിന്റുകളാണ് സ്ഥാപിക്കുന്നതെന്ന് വിമാനത്താവളത്തിലെ ചീഫ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ആന്‍ഡ്ര്യൂ മര്‍ഫി മാധ്യമങ്ങളോട് പ്രതികരിച്ചു. ബയോമെട്രിക് തിരിച്ചറിയല്‍ രേഖകള്‍ നേരത്തെ രജിസ്റ്റര്‍ ചെയ്യാത്തവര്‍ക്കും ഉപയോഗിക്കാവുന്ന തരത്തിലാണ് ഇത് സംവിധാനിക്കുന്നത്. അബുദാബിയിലേക്ക് ആദ്യമായി എത്തുന്ന യാത്രക്കാരില്‍ നിന്നും എമിഗ്രേഷന്‍ നടപടികളുടെ ഭാഗമായി അന്വേഷണ ഏജന്‍സികള്‍ ശേഖരിക്കുന്ന ബയോമെട്രിക് വിവരങ്ങളാണ് ഇതിനായി ഉപയോഗിക്കുന്നത്.

സംഗതി സുരക്ഷിതമാണോ?

അതേസമയം, അന്വേഷണ ഏജന്‍സികള്‍ ശേഖരിക്കുന്ന വിവരങ്ങള്‍ ഉപയോഗിച്ച് വ്യക്തിയെ തിരിച്ചറിയാവുന്ന സംവിധാനം സ്വകാര്യതയുടെ ലംഘനമാകുമോയെന്ന ചര്‍ച്ചയും സജീവമാണ്. വിമാനത്താവളത്തിലൂടെ യാത്രചെയ്യുന്നവരില്‍ 75 ശതമാനം പേരും ബയോമെട്രിക് തിരിച്ചറിയല്‍ സംവിധാനം ഉപയോഗിക്കുന്നതില്‍ തെറ്റില്ലെന്ന അഭിപ്രായക്കാരാണെന്നാണ് 2023ല്‍ എയര്‍ ട്രാന്‍സ്‌പോര്‍ട്ട് അസോസിയേഷന്‍ (ഐ.എ.ടി.എ) നടത്തിയ സര്‍വേയില്‍ തെളിഞ്ഞത്. എന്നാല്‍ വിവരങ്ങളുടെ സുരക്ഷിതത്തം ഉറപ്പാക്കിയാലേ ഇത്തരം സംവിധാനങ്ങളെ വിശ്വസിക്കാന്‍ കഴിയൂ എന്നാണ് സര്‍വേയില്‍ പങ്കെടുത്ത 40 ശതമാനം പേരുടെയും അഭിപ്രായം.

ഇനി ബയോമെട്രിക് തിരിച്ചറിയല്‍ ട്രെന്‍ഡാകും

അബുദാബി വിമാനത്തവാളത്തിന് പുറമെ ലോകത്തിലെ പ്രധാന വിമാനത്താവളങ്ങളെല്ലാം ബയോമെട്രിക് തിരിച്ചറിയല്‍ സംവിധാനത്തിലേക്ക് മാറുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. സിംഗപ്പൂര്‍ ചംഗി വിമാനത്താവളം, ഹോങ്കോംഗ് അന്താരാഷ്ട്ര വിമാനത്താവളം, ടോക്കിയോ നരിറ്റ, ഹനേഡ വിമാനത്താവളങ്ങള്‍, ഡല്‍ഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളം, കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം എന്നിവിടങ്ങളില്‍ ഇതിനോടകം തന്നെ ബയോമെട്രിക് തിരിച്ചറിയല്‍ സംവിധാനം തുടങ്ങിയിട്ടുണ്ട്. ഇന്ത്യയില്‍ ഡിജി യാത്ര ഉപയോഗിച്ചാണ് ബയോമെട്രിക് തിരിച്ചറിയല്‍ സാധ്യമാകുന്നത്. എന്നാല്‍ പാസ്‌പോര്‍ട്ട് ഇല്ലാതെ യാത്ര സാധ്യമാകുമെന്ന പ്രഖ്യാപനം നടത്തിയ ആദ്യ വിമാനത്താവളം അബുദാബിയിലേതാണെന്നാണ് ഈ രംഗത്തെ വിദഗ്ധര്‍ പറയുന്നത്.
Tags:    

Similar News