സെപ്റ്റംബര്‍ ഒന്ന് മുതല്‍ ഫോണില്‍ ഒ.ടി.പി വരുന്നത് വൈകുമെന്ന് മുന്നറിയിപ്പ്, പുതിയ നീക്കം പണിയാകുമോ
ബാങ്ക് ഇടപാടുകള്‍ ഉപയോക്താക്കളെ യഥാസമയം അറിയിക്കുന്ന ട്രാന്‍സാക്ഷണല്‍ അലര്‍ട്ടുകളും തടസപ്പെടാന്‍ ഇടയുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍
സ്പാം, ഫിഷിംഗ് സന്ദേശങ്ങള്‍ തടയാന്‍ പുതിയ ചട്ടം നടപ്പിലാക്കാനൊരുങ്ങി ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്). ഇതനുസരിച്ച് ബാങ്കുകള്‍, ആപ്പുകള്‍, മറ്റ് സ്ഥാപനങ്ങള്‍ എന്നിവര്‍ക്ക് ഉപയോക്താക്കളുടെ നമ്പരില്‍ ഒറ്റത്തവണ പാസ്‌വേര്‍ഡ് (ഒ.ടി.പി) അയയ്ക്കണമെങ്കില്‍ ഇനി മുതല്‍ രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാണ്. ആഗസ്റ്റ് 31ന് മുമ്പ് ഇത്തരത്തില്‍ രജിസ്റ്റര്‍ ചെയ്ത് 'വൈറ്റ് ലിസ്റ്റില്‍' ഉള്‍പ്പെടുത്താത്ത നമ്പരുകളില്‍ നിന്ന് സെപ്റ്റംബര്‍ ഒന്ന് മുതല്‍ ഒ.ടി.പി അയയ്ക്കാന്‍ പറ്റില്ല. ഇത്തരം മെസേജുകളില്‍ സംശയകരമായ ലിങ്കുകളുണ്ടോ എന്ന് പരിശോധിക്കാനുള്ള സംവിധാനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. അതേസമയം, ട്രായ് നീക്കം ഒ.ടി.പി സേവനങ്ങള്‍ വൈകിപ്പിക്കുമോ എന്ന ആശങ്കയും ശക്തമാണ്.
നിലവിലെ സംവിധാനം ഇങ്ങനെ
ഒ.ടി.പി, വെരിഫിക്കേഷന്‍ മെസേജുകള്‍ എന്നിവ അയയ്ക്കാന്‍ നിലവില്‍ കമ്പനികള്‍ക്ക് സന്ദേശത്തിന്റെ ചില വിവരങ്ങള്‍ മാത്രം ടെലികോം ഓപ്പറേറ്റര്‍മാര്‍ക്ക് നല്‍കിയാല്‍ മതി. സന്ദേശത്തിലെ ഉള്ളടക്കത്തെക്കുറിച്ച് മുന്‍കൂട്ടി വെളിപ്പെടുത്തുകയോ ഇക്കാര്യത്തില്‍ പരിശോധനയോ വേണ്ടി വരുന്നില്ല. ഇത് വേഗതയില്‍ ഒ.ടി.പി ഉപയോക്താവിന് എത്താന്‍ സഹായിച്ചിരുന്നു. എന്നാല്‍ പുതിയ ചട്ടം ഇത്തരത്തിലുള്ള എല്ലാ സന്ദേശങ്ങളും ടെലികോം കമ്പനികള്‍ പരിശോധിച്ച ശേഷം മാത്രം അനുമതി നല്‍കിയാല്‍ മതിയെന്ന് പറയുന്നു. പുതിയ രീതിയുമായി യോജിക്കുന്നതല്ലെങ്കില്‍, ബാങ്കില്‍ നിന്നുള്ള ഒ.ടി.പി ആണെങ്കില്‍ പോലും, ഇത്തരം മെസേജുകളെ തടഞ്ഞുവയ്ക്കാനും കമ്പനികള്‍ക്ക് കഴിയും.
ബാങ്ക് അലര്‍ട്ടുകളും വൈകും?
പുതിയ രീതിയിലേക്ക് മാറിയില്ലെങ്കില്‍ ബാങ്ക് ഇടപാടുകള്‍ ഉപയോക്താക്കളെ യഥാസമയം അറിയിക്കുന്ന ട്രാന്‍സാക്ഷണല്‍ അലര്‍ട്ടുകളും തടസപ്പെടാന്‍ ഇടയുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ട്.എന്നാല്‍ ഫോണ്‍ സന്ദേശങ്ങള്‍ വഴിയുള്ള തട്ടിപ്പുകള്‍ തടയാന്‍ പുതിയ ചട്ടങ്ങള്‍ സഹായിക്കുമെന്നാണ് ട്രായ് പറയുന്നത്. സെപ്റ്റംബര്‍ ഒന്നിന് തന്നെ നിയമം നടപ്പിലാക്കാനുള്ള തീരുമാനം നീട്ടി വയ്ക്കണമെന്നാണ് ടെലികോം കമ്പനികളുടെ ആവശ്യം. ഇക്കാര്യം ട്രായ് പരിഗണിക്കാന്‍ ഇടയില്ലെന്നും സെപ്റ്റംബര്‍ ഒന്നിന് തന്നെ നിയമം നടപ്പിലാക്കുമെന്നുമാണ് റിപ്പോര്‍ട്ട്.