ഇനി വരുന്നത് ഡ്രൈവറില്ലാ ട്രക്കുകളുടെ കാലം; ദുബൈയില്‍ പരീക്ഷണം വിജയകരം
നിശ്ചിത റൂട്ടിലായിരുന്നു പരീക്ഷണ ഓട്ടം
മുൻകൂട്ടി നിശ്ചയിച്ച റൂട്ടിൽ ഓടിച്ച ട്രക്ക് മറ്റു വാഹനങ്ങള്‍, കാൽനടയാത്രക്കാർ തുടങ്ങിയവയ്ക്ക് ഇടയിലൂടെ വിജയകരമായി സഞ്ചരിച്ചു. ദുബായ് സൗത്ത് ലോജിസ്റ്റിക് മേഖലയിലെ അടഞ്ഞ പ്രദേശത്ത് ഒരു നിശ്ചിത റൂട്ടിലാണ് പരീക്ഷണങ്ങൾ നടത്തിയതെന്ന് ഇവോകാർഗോ കമ്പനി അറിയിച്ചു.
അപകടങ്ങള്‍ ഇല്ലാതെ പരീക്ഷണ ഓട്ടം
മറ്റു വസ്തുക്കളെ തിരിച്ചറിയൽ, അപകടം തടയൽ, ചലിക്കുന്ന തടസ്സങ്ങളുമായുള്ള കൂട്ടിയിടി ഒഴിവാക്കൽ, എമർജൻസി സ്റ്റോപ്പുകൾ എന്നിവയുടെ പരിശോധനകളും നടന്നു. പാർക്കിംഗ്, റിവേഴ്‌സ് പാർക്കിംഗ്, വളവുകള്‍ തിരിയുക, റിവേഴ്‌സ് ടേണിംഗ് എന്നിവയുൾപ്പെടെയുള്ള മുഴുവൻ നീക്കങ്ങളിലും ട്രക്കിന്റെ ഓട്ടോപൈലറ്റ് സംവിധാനം വിജയകരമായി പൂര്‍ത്തിയാക്കി.
പരീക്ഷണ ഓട്ടത്തില്‍ ഒരു സാങ്കേതിക സംവിധാനത്തിന്റേയും പരാജയങ്ങളോ അപകടകരമായ സംഭവങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല.
ചരക്ക് ഗതാഗതത്തിന്റെ കാര്യക്ഷമത വർദ്ധിക്കും
2030 ഓടെ യു.എ.ഇയിലെ മൊത്തം ഗതാഗതത്തിന്റെ 25 ശതമാനവും ഡ്രൈവര്‍ രഹിത വാഹനങ്ങളിലേക്ക് പരിവർത്തനം ചെയ്യുക എന്ന ലക്ഷ്യമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇവോകാര്‍ഗോ എന്‍1 എന്ന് പേരിട്ടിരിക്കുന്ന ട്രക്കിന്റെ ലിഫ്റ്റിംഗ് കപ്പാസിറ്റി 2 ടൺ ആണ്. ഒരു മുഴുവൻ ദിവസത്തെ പ്രവർത്തനത്തിനായി വാഹനം ചാർജ് ചെയ്യുന്നത് ഔട്ട്‌ലെറ്റിനെ ആശ്രയിച്ച് 40 മിനിറ്റ് മുതൽ ആറ് മണിക്കൂർ വരെയാണ് എടുക്കുക.
ഓട്ടോമാറ്റിക് പൈലറ്റ് സംവിധാനങ്ങൾ ട്രക്കിനെ കൂടുതല്‍ സമയം പ്രവര്‍ത്തന ക്ഷമതയുളളതാക്കി ചരക്ക് ഗതാഗതത്തിന്റെ കാര്യക്ഷമത വർദ്ധിപ്പിക്കുന്നു. യന്ത്രവല്‍ക്കരണവും പരമ്പരാഗത ഇന്ധനത്തിന് പകരം വൈദ്യുതിയും ഹൈഡ്രജൻ ഇന്ധന സെല്ലുകളും ഉപയോഗിക്കുന്നതും വാഹനത്തിന്റെ ചെലവ് ഗണ്യമായി കുറയ്ക്കുന്നു.