അറബ് ലോകത്തെ ആദ്യ ആണവ നിലയം യു.എ.ഇയില്‍ റെഡി; ആവശ്യമായ വൈദ്യുതിയുടെ 25 ശതമാനവും കിട്ടും
പ്രതിവര്‍ഷം 2.2 കോടി ടണ്‍ കാര്‍ബണ്‍ ബഹിര്‍ഗമനം കുറയ്ക്കാനാകും, 48 ലക്ഷം കാറുകള്‍ റോഡില്‍ നിന്നും മാറ്റുന്നതിന് തുല്യമാണിത്
അറബ് ലോകത്തെ ആദ്യ ആണവോര്‍ജ നിലയത്തിന്റെ നിര്‍മാണം വിജയകരമായി പൂര്‍ത്തിയാക്കിയെന്ന് യു.എ.ഇ. രാജ്യത്തെ സര്‍ക്കാര്‍ നിയന്ത്രിത നൂക്ലിയര്‍ എനര്‍ജി കമ്പനിയായ എമിറേറ്റ്‌സ് നൂക്ലിയാര്‍ എനര്‍ജി കോര്‍പറേഷനാണ് (ഇ.എന്‍.ഇ.സി) ഇക്കാര്യം അറിയിച്ചത്. നാല് റിയാക്ടറുകളുള്ള പ്ലാന്റ് രാജ്യത്തിന് ആവശ്യമായി വരുന്ന ആകെ വൈദ്യുതിയുടെ 25 ശതമാനവും നല്‍കാന്‍ ശേഷിയുള്ളതാണ്. ന്യൂസിലാന്റിലെ വാര്‍ഷിക വൈദ്യുതി ഉപഭോഗത്തിന് തുല്യമാണിതെന്നും ഇ.എന്‍.ഇ.സി പ്രസ്താവനയില്‍ പറയുന്നു. ക്രൂഡ് ഓയില്‍, സ്റ്റീല്‍, അലൂമിനിയം തുടങ്ങിയവയുടെ ഉത്പാദനത്തിനും പ്ലാന്റ് സഹായകമാകും.
അബുദാബിയിലെ റുവൈസ് നഗരത്തിനടുത്ത് അല്‍ ദഫ്ര മേഖലയിലാണ് ബറാക്ക നൂക്ലിയര്‍ എനര്‍ജി പ്ലാന്റ് സ്ഥിതി ചെയ്യുന്നത്. കാര്‍ബണ്‍ ബഹിര്‍ഗമനം കുറയ്ക്കാനുള്ള രാജ്യത്തിന്റെ പരിശ്രമങ്ങളില്‍ സുപ്രധാന ചുവടാണിതെന്ന് യു.എ.ഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സെയിദ് അല്‍ നഹ്യാന്‍ സാമൂഹ്യ മാധ്യമമായ എക്‌സില്‍ കുറിച്ചു. രാജ്യത്തിന്റെയും പൗരന്മാരുടെയും പുരോഗതിക്കായി ഊര്‍ജ രംഗത്തെ പ്രവര്‍ത്തനങ്ങള്‍ തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
2012ലാണ് ബറാക്കാ ആണവോര്‍ജ നിലയത്തിന്റെ നിര്‍മാണം ആരംഭിക്കുന്നത്. പൂര്‍ണതോതില്‍ പ്രവര്‍ത്തന സജ്ജമായാല്‍ പ്രതിവര്‍ഷം 2.2 കോടി ടണ്‍ കാര്‍ബണ്‍ ബഹിര്‍ഗമനം കുറയ്ക്കാനാകുമെന്നാണ് കണക്ക്. 48 ലക്ഷം കാറുകള്‍ റോഡില്‍ നിന്നും മാറ്റുന്നതിന് തുല്യമാണിത്. പ്രതിവര്‍ഷം 40 ടെറാവാട്ട് അവേഴ്‌സ് ക്ലീന്‍ ഇലക്ട്രിസിറ്റി ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ള പ്ലാന്റ് രാജ്യത്തിന്റെ ഭാവി സാമ്പത്തിക വളര്‍ച്ചയ്ക്കും ഏറെ സഹായകമാണ്.