വിദേശികളെ കുറയ്ക്കാന്‍ യു.കെ; ഈ തൊഴിലുകളില്‍ പ്രാദേശികവത്കരണം, മാറ്റങ്ങള്‍ ഇങ്ങനെ
ബ്രിട്ടീഷുകാരുടെ തൊഴില്‍നഷ്ടം തടയുകയാണ് മുഖ്യലക്ഷ്യം;
കുടിയേറ്റം വെട്ടിക്കുറയ്ക്കുന്നതിന്റെ ഭാഗമായി കുടിയേറ്റ നയങ്ങളില്‍ ചില പ്രധാന മാറ്റങ്ങളുമായി എത്തിയിരിക്കുകയാണ് യു.കെ. സ്‌കില്‍ഡ് വര്‍ക്കര്‍ വീസയ്ക്ക് അര്‍ഹത നേടാനുള്ള കുറഞ്ഞ വാര്‍ഷിക ശമ്പള പരിധി നിലവിലെ 25,600 പൗണ്ടില്‍ നിന്ന് 48 ശതമാനം വര്‍ധിപ്പിച്ച് 38,000 പൗണ്ടാക്കി. നിലവില്‍ യു.കെയില്‍ തൊഴിലാളി ക്ഷാമം നേരിടുന്ന തൊഴിലുകളുടെ ഒരു ലിസ്റ്റുണ്ട്. ഈ ലിസ്റ്റില്‍ ഉള്‍പ്പെടുന്ന തൊഴിലുകള്‍ക്ക് അപേക്ഷിക്കുന്ന വിദേശ തൊഴിലാളികള്‍ ഏറെയാണ്. ഈ ലിസ്റ്റ് പൂര്‍ണമായും നിറുത്തലാക്കുമെന്നും ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.
കൂടതെ സ്‌കില്‍ഡ് വര്‍ക്കര്‍ വീസയ്ക്ക് അപേക്ഷിക്കാന്‍ 20 ശതമാനം ശമ്പളക്കിഴിവ് ലഭ്യമായിരുന്നു. ഈ കിഴിവും നിര്‍ത്തലാക്കും. ഏപ്രില്‍ നാല് മുതല്‍ ഇത് പ്രാബല്യത്തില്‍ വരും. കുടിയേറ്റത്തിലെ എക്കാലത്തെയും വലിയ വെട്ടിക്കുറയ്ക്കല്‍ പദ്ധതിയാണ് ബ്രിട്ടീഷ് സര്‍ക്കാര്‍ നടപ്പിലാക്കുന്നത്.
ബ്രിട്ടീഷ് തൊഴിലാളികളുടെ തൊഴില്‍ നഷ്ടം തടയുക
ബ്രിട്ടീഷ് തൊഴിലാളികളുടെ തൊഴില്‍ നഷ്ടം തടയുക എന്നതാണ് ഈ നടപടികളുടെ ലക്ഷ്യമെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. അടുത്തിടെ വിദേശത്തു നിന്നുള്ള പരിചരണ തൊഴിലാളികള്‍ കുടുംബാംഗങ്ങളെ യു.കെയിലേക്ക് കൂട്ടിക്കൊണ്ടുവരുന്നതിന് രാജ്യം നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. യു.കെയിലേക്കുള്ള കുടിയേറ്റം ഉയര്‍ന്നു വരികയാണ്. 2036 ഓടെ യു.കെയിലെ ജനസംഖ്യ 7.37 കോടിയായി ഉയർന്നേക്കും, ഇതില്‍ ഏതാണ്ട് 61 ലക്ഷം പേര്‍ കുടിയേറ്റം വഴിയായിരിക്കുമെന്ന് കണക്കുകൾ പറയുന്നു.