ഗള്‍ഫ് പ്രവാസികളുടെ എണ്ണത്തില്‍ കേരളം പിന്നിലായി; മുന്നില്‍ യു.പിയും ബിഹാറും
ജി.സി.സി രാജ്യങ്ങളിലേക്ക് കുടിയേറുന്ന സ്ത്രീ തൊഴിലാളികളുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധന
ഗള്‍ഫ് രാജ്യങ്ങളില്‍ തൊഴില്‍ നേടുന്നവരുടെ എണ്ണത്തില്‍ ഉത്തര്‍പ്രദേശും ബിഹാറും കേരളത്തെ മറികടന്നതായി റിപ്പോര്‍ട്ട്. ബഹ്റൈന്‍, കുവൈറ്റ്, ഒമാന്‍, ഖത്തര്‍, സൗദി അറേബ്യ, യു.എ.ഇ എന്നീ ആറ് ഗള്‍ഫ് കോ-ഓപ്പറേഷന്‍ കൗണ്‍സില്‍ (ജി.സി.സി) രാജ്യങ്ങളിലേക്കുള്ള തൊഴിലാളികളുടെ കുടിയേറ്റത്തിലാണ് കാര്യമായ മാറ്റമുണ്ടായിട്ടുള്ളതെന്ന് യു.എ.ഇ ആസ്ഥാനമായുള്ള ഹണ്ടര്‍ എന്ന സംഘടനയുടെ പഠനം കണ്ടെത്തി.
കഴിഞ്ഞ വര്‍ഷം വരെ മുന്നിലായിരുന്ന കേരളത്തില്‍ നിന്നു ഗള്‍ഫ് ജോലി തേടുന്നവരുടെ എണ്ണത്തില്‍ കുറവ് വന്നതോടെ പട്ടികയില്‍ യുപി ഒന്നാമതും ബിഹാര്‍ രണ്ടാമതുമെത്തി. പിന്നാലെ പശ്ചിമ ബംഗാളും തമിഴ്‌നാടുമുണ്ട്.
സ്ത്രീ തൊഴിലാളികള്‍ കൂടുന്നു
ഹണ്ടര്‍ സംഘടനയുടെ പഠനമനുസരിച്ച് നിര്‍മ്മാണം, ഖനനം, അറ്റകുറ്റപ്പണികള്‍, വെയര്‍ഹൗസിംഗ് തുടങ്ങിയ ബ്ലൂ കോളര്‍ തൊഴിലാളികളുടെ ജി.സി.സി രാജ്യങ്ങളിലേക്കുള്ള കുടിയേറ്റത്തില്‍ 50 ശതമാനം വര്‍ധനയുണ്ടായിട്ടുണ്ട്. സൗദി അറേബ്യ, യു.എ.ഇ, ഖത്തര്‍, കുവൈറ്റ്, ഒമാന്‍ എന്നിവിടങ്ങളാണ് തൊഴിലാളി കുടിയേറ്റത്തിന് മുന്‍ഗണന നല്‍കുന്നത്. ജി.സി.സി രാജ്യങ്ങളിലേക്ക് കുടിയേറുന്ന സ്ത്രീ തൊഴിലാളികളുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധനയുണ്ടെന്ന് ഹണ്ടര്‍ റിപ്പോര്‍ട്ട് പറയുന്നു.