രണ്ടാം ഡോസിനായി തിരക്കു കൂട്ടേണ്ട; ഇടവേള കൂടുന്നത് പ്രതിരോധ ശേഷി 300 മടങ്ങ് വര്‍ധിപ്പിക്കുമെന്ന്
രണ്ടാം ഡോസിന് ആറുമാസം വരെ ഇടവേളയാകാമെന്നാണ് പുതിയ കണ്ടെത്തല്‍
കോവിഡ് 19 നെതിരെയുള്ള വാക്‌സിന്റെ ലഭ്യതക്കുറവാണ് ഇന്ന് ലോകം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളികളിലൊന്ന്. രണ്ടു ഡോസുകള്‍ക്കിടയിലെ ഇടവേള കൂട്ടിയാണ് പല രാജ്യങ്ങളും ഇതിനെ മറികടക്കാന്‍ ശ്രമിച്ചത്. അത് വിവാദമാകുകയും ചെയ്തു. എന്നാലിപ്പോള്‍ ഇടവേള കൂടുന്നത് വലിയ ഗുണം ചെയ്യുമെന്നാണ് പുതിയ പഠനങ്ങള്‍ തെളിയിക്കുന്നത്. രണ്ടു ഡോസുകള്‍ക്കിടയിലെ ഇടവേളയില്‍ ഇരട്ടിയും മൂന്ന് മടങ്ങും ഇടവേള വര്‍ധിപ്പിക്കുന്നത് ഗുണം ചെയ്യുമെന്നാണ് കണ്ടെത്തല്‍. ഇതോടെ ആദ്യ ഡോസ് വാക്‌സിന് ശരീരത്തില്‍ കടന്ന് കൂടുതല്‍ പ്രതിരോധ ശേഷി നല്‍കാനാവുമെന്നാണ് പഠനം. 20 ശതമാനം മുതല്‍ 300 ശതമാനം വരെ ഇത്തരത്തില്‍ പ്രതിരോധശേഷി വര്‍ധിക്കുന്നുണ്ടെന്നാണ് കണ്ടെത്തല്‍.
തുടക്കത്തില്‍ എല്ലാവര്‍ക്കും ആദ്യ ഡോസ് നല്‍കുക എന്നതിന് മുന്‍ഗണന നല്‍കണമെന്നും രണ്ടാമത്തെ ഡോസ് പിന്നീട് എപ്പോഴെങ്കിലും നല്‍കിയാല്‍ മതിയെന്നും മയോ ക്ലിനിക്ക് വാക്‌സിന്‍ റിസര്‍ച്ച് ഗ്രൂപ്പ് ഡയറക്റ്ററും വൈറോളജിസ്റ്റുമായ ഗ്രിഗറി പോളണ്ട് പറയുന്നു.
ഒന്നാമത്തെ ഡോസ് കൊറോണ വൈറസുകള്‍ക്കെതിരെ ആന്റിബോഡി ഉല്‍പ്പാദിപ്പിച്ചു തുടങ്ങുകയും ആഴ്ചകള്‍ക്കും മാസങ്ങള്‍ക്കും ശേഷം രണ്ടാമത്തെ ഡോസ് ലഭ്യമാകുമ്പോള്‍ പലമടങ്ങ് ഗുണം നല്‍കുകയും ചെയ്യുന്നുവെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്.
ലോകത്ത് ലഭ്യമായിട്ടുള്ള എല്ലാ വാക്‌സിനുകളുടെ കാര്യത്തിലും ഇത് ഫലപ്രദമാണെന്ന് പഠനം വ്യക്തമാക്കുന്നു. 80 ന് മുകളില്‍ പ്രായമുള്ളവരില്‍ നടത്തിയ പരീക്ഷണത്തില്‍ ആദ്യ ഡോസ് നല്‍കി മൂന്ന് ആഴ്ചകള്‍ക്കുള്ളില്‍ രണ്ടാം ഡോസ് നല്‍കുന്നതിനേക്കാള്‍ മൂന്നു മാസത്തിനു ശേഷം നല്‍കുമ്പോള്‍ പ്രതിരോധശേഷി 3.5 മടങ്ങ് വര്‍ധിച്ചതായി കണ്ടെത്തി. മാത്രമല്ല, രണ്ടാം ഡോസ് 9 മുതല്‍ 15 ആഴ്ച വരെ നീട്ടുമ്പോള്‍ രോഗം പടരുന്നതും മരണവും ആശുപത്രിവാസവും കുറയുന്നതായി കണ്ടു.
ആറു മാസത്തിനു ശേഷം രണ്ടാം ഡോസ് നല്‍കുന്നതാണ് ഏറ്റവും ഫലപ്രദമെന്നും അഭിപ്രായമുണ്ട്.
അതേസമയം ഇടവേള കുറേയെറെ കൂടുന്നത് വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കുന്നതിന് ഏറെ കാലതാമസം വരുത്തുമെന്നതാണ് പോരായ്മ. മാത്രമല്ല, ആദ്യ ഡോസ് കൊണ്ടു തന്നെ മികച്ച ഫലം ലഭിക്കുമ്പോള്‍ രണ്ടാമത്തെ ഡോസിന് ആളുകള്‍ അത്ര താല്‍പ്പര്യം കാട്ടുകയുമില്ല. ഇത് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് തിരിച്ചടിയായി മാറുകയും ചെയ്യാം. കൂടാതെ വൈറസിന്റെ പുതിയ വകഭേദങ്ങള്‍ ഉണ്ടായിക്കൊണ്ടിരിക്കുമ്പോള്‍ ഈ രീതി സുരക്ഷിതമാണോ എന്ന ആശങ്കയും ഉയര്‍ന്നിട്ടുണ്ട്.
രണ്ടാം ഡോസ് വൈകി നല്‍കുന്നത് കൊണ്ട് കൂടുതല്‍ ആളുകള്‍ക്ക് ഒന്നാം ഡോസ് എളുപ്പത്തില്‍ ലഭ്യമാക്കാന്‍ സഹായിക്കുമെന്നതും ഗുണമാണ്.