രണ്ടു ഡോസും സ്വീകരിച്ചവര്‍ മാസ്‌ക് ധരിക്കണമെന്നില്ല! പുതിയ തീരുമാനവുമായി യുഎസ്

വാക്‌സിന്‍ എടുത്തവരുമായി പുറത്തു പോകുമ്പോള്‍ മാസ്‌ക് നിര്‍ബന്ധമില്ല, ആള്‍ക്കൂട്ടത്തിലും തിരക്കുള്ള സ്ഥലങ്ങളിലും ഉപയോഗിക്കണം.

Update:2021-04-28 14:10 IST

കോവിഡ് പ്രതിരോധ കുത്തിവയ്പ് രണ്ട് ഡോസും പൂര്‍ത്തിയാക്കിയവര്‍ക്ക് പുതിയ ഇളവുകള്‍ അനുവദിച്ച് യുഎസ് ഗവണ്‍മെന്റ്. 'വാക്്‌സിനേഷന്‍ ചെയ്തയാളുകള്‍ ഒറ്റയ്ക്കോ, വാക്സീന്‍ എടുത്തവരുമായോ ചേര്‍ന്നു പുറത്ത് പോവുമ്പോള്‍ മാസ്‌ക് നിര്‍ബന്ധമല്ല. എന്നാല്‍ തിരക്കേറിയ സ്ഥലങ്ങളിലും, വീട്ടിനകത്തും മാസ്‌ക് ധരിക്കണം'. യുഎസിലെ അറിയിപ്പ് പറയുന്നു.

'വാക്സിനേഷന്‍ പൂര്‍ത്തിയാക്കിയ ആളുകള്‍ വൈറസ് പരത്താനിടയില്ല എന്ന പുതിയ പഠനത്തെ അടിസ്ഥാനമാക്കിയാണ് തീരുമാനം. വാക്സിന്‍ ഡോസ് സ്വീകരിച്ചു രണ്ടാഴ്ചയെങ്കിലുമായ ആളുകള്‍ക്ക് എല്ലാ ഭക്ഷണവും കഴിക്കാം, വ്യായാമം ചെയ്യാം, മാസ്‌കില്ലാതെ പുറത്തുപോകാം' യുഎസ് സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ (സിഡിസി) സെന്റര്‍ മേധാവി ഡോ. റൊഷേല്‍ വാലെന്‍സ്‌കി അറിയിച്ചു. ഈ മാര്‍ഗനിര്‍ദേശങ്ങളെ പിന്തുണച്ച് പ്രസിഡന്റ് ജോ ബൈഡനും രംഗത്തെത്തി.
അതേസമയം ആകെ ജനസംഖ്യയുടെ 41 ശതമാനം ജനങ്ങള്‍ മാത്രമാണ് വാക്സിന്‍ ആദ്യ ഡോസ് സ്വീകരിച്ചത്. അതിനാല്‍ തന്നെ ആള്‍ക്കൂട്ടത്തില്‍ പോകുന്നവര്‍ മാസ്‌ക് ധരിക്കാനും സാമൂഹിക അകലം പാലിക്കാനും ശ്രദ്ധിക്കണമന്നും ബൈഡന്‍ പറഞ്ഞു.'വാക്സീന്‍ സ്വീകരിക്കുന്നത് ദേശസ്‌നേഹപരമായ പ്രവൃത്തിയാണ്.
നിങ്ങള്‍ക്കും, നിങ്ങള്‍ക്ക് ചുറ്റുമുള്ളവര്‍ക്കും സംരക്ഷണം ലഭിക്കാന്‍ അത് സഹായകമാകുന്നു. സാധാരണ ജീവിതത്തിലേക്ക് മടങ്ങിയെത്താനും സഹായകരമാണ്. വാക്സിന്‍ എടുത്തവര്‍ക്ക് കൂടുതല്‍ സ്വാതന്ത്ര്യം നല്‍കുന്നതാണ് പുതിയ മാര്‍ഗരേഖ' അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.


Tags:    

Similar News