വലിയമടക്കുളം വാട്ടര്‍ ഫ്രണ്ടേജ്: അയ്മനത്ത് പുതിയ വിനോദസഞ്ചാര പദ്ധതിയുമായി ടൂറിസം വകുപ്പ്
ഫ്‌ളോട്ടിംഗ് നടപ്പാത, ഫ്‌ളോട്ടിംഗ് റെസ്റ്റാറന്റ് പെഡല്‍ ബോട്ടിംഗ് തുടങ്ങിയ സൗകര്യങ്ങള്‍ വികസിപ്പിക്കും
അയ്മനത്ത് ടൂറിസം വകുപ്പ് സ്ഥാപിക്കുന്ന പുതിയ വിനോദസഞ്ചാര പദ്ധതിയായ വലിയമടക്കുളം വാട്ടര്‍ ഫ്രണ്ടേജ് പൂര്‍ത്തിയാവുന്നതോടെ അയ്മനം വീണ്ടും ലോക വിനോദ സഞ്ചാര ഭൂപടത്തില്‍ ശ്രദ്ധാ കേന്ദ്രമാക്കും. 2021 നവംബറില്‍ അയ്മനം ഉത്തരവാദിത്ത ടൂറിസം വില്ലേജ് പദ്ധതിക്ക് വേള്‍ഡ് ട്രാവല്‍ മാര്‍ക്കറ്റ് പുരസ്‌കാരം ലഭിച്ചിരുന്നു.
വലിയമടക്കുളം വാട്ടര്‍ ഫ്രണ്ടേജ് പദ്ധതിയില്‍ ഫ്‌ളോട്ടിംഗ് റെസ്റ്റൊറന്റ്, ഫ്‌ളോട്ടിംഗ് നടപ്പാത, കളര്‍മ്യൂസിക്ക് വാട്ടര്‍ഫൗണ്ടന്‍, കുളത്തിലൂടെ രണ്ടു മുതല്‍ നാലുപേര്‍ക്ക് വരെ ബോട്ടിംഗ് സാധ്യമാക്കുന്ന പെഡല്‍ ബോട്ടിംഗ് സംവിധാനം, വിശ്രമമുറികള്‍, പത്തോളം ഇരിപ്പിടങ്ങള്‍, കുട്ടികള്‍ക്കുള്ള കളിയിടം, സൈക്ലിംഗ് ഏരിയ, പൂന്തോട്ടം തുടങ്ങിയവ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അഞ്ചു കോടി രൂപ ചെലവില്‍ ടൂറിസം വകുപ്പ് നടപ്പാക്കുന്ന പദ്ധതിക്ക് വേണ്ടി അയ്മനം ഗ്രാമപഞ്ചായത്തിന്റെ ഉടമസ്ഥതയില്‍ സ്ഥിതി ചെയ്യുന്ന 5.5 ഏക്കര്‍ വിസ്തൃതിയുള്ള വലിയമടക്കുളം നവീകരിച്ചു.
കോഴിക്കോട് ബേപ്പൂര്‍, തിരുവനന്തപുരത്ത് പാപനാശം, എറണാകളും വൈപ്പിന്‍ കുഴിപ്പള്ളി എന്നിവിടങ്ങളില്‍ ഫ്‌ളോട്ടിംഗ് പാലങ്ങള്‍ സ്ഥാപിതമായതോടെ ഇത്തരം സംവിധാനങ്ങള്‍ കൂടുതല്‍ വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്നുണ്ട്. പ്രാദേശിക വിനോദ സഞ്ചാരികളെ കൂടാതെ മറ്റു സംസ്ഥാനങ്ങളില്‍ നിന്നും വിദേശത്തു നിന്നും സഞ്ചാരികള്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.