ചക്കയും മരിച്ചീനിയും ഇനി ഇന്റര്‍നാഷണല്‍: യു.എസിലേക്ക് കപ്പല്‍ കയറി കേരളത്തിന്റെ മസാല മരിച്ചീനിയും ഉണക്ക ചക്കയും

സഹകരണ വകുപ്പിന്റെ മൂല്യവര്‍ധിത കാര്‍ഷിക ഉത്പന്നങ്ങള്‍ വിദേശത്തേക്ക്; ആദ്യ കണ്ടെയ്നര്‍ മന്ത്രി വി.എന്‍ വാസവന്‍ ഫ്‌ളാഗ് ഓഫ് ചെയ്തു

Update: 2024-06-25 10:39 GMT

അമേരിക്കയിലേക്ക് കയറ്റുമതി ചെയ്യുന്ന സഹകരണ വകുപ്പിന്റെ മൂല്യവര്‍ധിത കാര്‍ഷിക ഉല്‍പന്നങ്ങള്‍ അടങ്ങിയ കണ്ടെയ്നർ  സഹകരണ വകുപ്പ് മന്ത്രി വി.എന്‍ വാസവന്‍ ഫ്‌ളാഗ് ഓഫ് ചെയ്യുന്നു

കേരളത്തിന്റെ ഗ്രാമീണ മേഖലയില്‍ നിര്‍മിക്കുന്ന കാര്‍ഷികോത്പന്നങ്ങള്‍ ഇനി അമേരിക്ക, യൂറോപ്യന്‍ വിപണികളിലുമെത്തും. സഹകരണ വകുപ്പിന്റെ നേതൃത്വത്തില്‍ അമേരിക്കയിലേക്ക് കയറ്റുമതി ചെയ്യുന്ന 12 ടണ്‍ മൂല്യവര്‍ധിത കാര്‍ഷിക ഉത്പന്നങ്ങളുടെ ആദ്യ കണ്ടെയ്നര്‍ സഹകരണ വകുപ്പ് മന്ത്രി വി.എന്‍ വാസവന്‍ ഫ്‌ളാഗ് ഓഫ് ചെയ്തു.
വല്ലാര്‍പാടം കണ്ടെയ്‌നര്‍ ട്രാന്‍സ്ഷിപ്പ് ടെര്‍മിനലില്‍ നടന്ന ചടങ്ങില്‍ തങ്കമണി സഹകരണസംഘത്തിന്റെ തേയിലപ്പൊടി, കാക്കൂര്‍ സഹകരണസംഘത്തിന്റെ ശീതികരിച്ച മരച്ചീനി, ഉണക്കിയ മരച്ചീനി, വാരപ്പെട്ടി സഹകരണസംഘം ഉത്പാദിപ്പിച്ച മസാലയിട്ട മരച്ചീനി, ബനാന വാക്വം ഫ്രൈ, റോസ്റ്റഡ് വെളിച്ചെണ്ണ, ഉണക്കിയ ചക്ക എന്നിവയടങ്ങിയ കണ്ടെയ്നര്‍ മന്ത്രി ഫ്ളാഗ് ഓഫ് ചെയ്തത്.
കേരളത്തിന്റെ കാര്‍ഷിക ഉത്പന്നങ്ങള്‍ക്ക് വിദേശ രാജ്യങ്ങളില്‍ വിപണി സ്ഥാപിക്കുന്നതിന്റെ ഭാഗമായാണ് കയറ്റുമതി. ഗുണനിലവാരമുള്ള മൂല്യവര്‍ധിത കാര്‍ഷിക ഉത്പന്നങ്ങള്‍ സംസ്‌കരിച്ച് കയറ്റുമതിക്കായി തയ്യാറാക്കുന്നതിന് 30 സഹകരണ സ്ഥാപനങ്ങളെയാണു സര്‍ക്കാര്‍ തിരഞ്ഞെടുത്തിരിക്കുന്നത്. ഇതില്‍ 3 സഹകരണ സംഘങ്ങളില്‍ നിന്നുള്ള ഉത്പന്നങ്ങളാണ് ആദ്യമായി കയറ്റുമതി ചെയ്തത്. അടുത്ത മാസം 30 സഹകരണ സ്ഥാപനങ്ങളുടെയും ഉത്പന്നങ്ങള്‍ വിദേശ രാജ്യങ്ങളിലേക്കു കയറ്റുമതി ചെയ്യുന്നതിനാണു ലക്ഷ്യമിടുന്നത്. ഇത്തരത്തിലുള്ള ഉത്പന്നങ്ങളുമായി അടുത്ത കണ്ടെയ്‌നര്‍ ജൂലൈ ആദ്യ വാരം പുറപ്പെടും.
Tags:    

Similar News