രാജധാനിയും ശതാബ്ദിയും വിടപറയും; പകരക്കാരനാകാന്‍ വന്ദേഭാരത് സ്ലീപ്പര്‍

സര്‍വീസ് അവസാനിപ്പിക്കുന്ന ശതാബ്ദി കോച്ചുകള്‍ മറ്റ് റൂട്ടുകളില്‍ ഓടിക്കാനും റെയില്‍വേയ്ക്ക് പദ്ധതിയുണ്ട്.

Update:2024-05-29 10:35 IST

Image Courtesy: kinet.co.in

ഇന്ത്യന്‍ റെയില്‍വേ വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിനുകള്‍ ട്രാക്കിലിറങ്ങുമ്പോള്‍ പഴയ ചില സര്‍വീസുകള്‍ ഓര്‍മയായേക്കും. 200 കിലോമീറ്റര്‍ വരെ വേഗം ആര്‍ജിക്കാന്‍ സാധിക്കുന്ന പുതിയ വന്ദേഭാരത് സ്ലീപ്പര്‍ നിലവിലുള്ള രാജധാനി, ശതാബ്ദി ട്രെയിനുകള്‍ക്ക് പകരമാകും സര്‍വീസ് നടത്തുകയെന്നാണ് സൂചന. ഡല്‍ഹിയില്‍ നിന്ന് വിവിധ സംസ്ഥാന തലസ്ഥാനങ്ങളിലേക്ക് സര്‍വീസ് നടത്തുന്നതാണ് രാജധാനി എക്‌സ്പ്രസ്.
വന്ദേഭാരതിന്റെ പരിഷ്‌കരിച്ച പതിപ്പാകും രാജധാനിക്കും ശതാബ്ദി എക്‌സ്പ്രസിനും പകരമായി ഓടിക്കുകയെന്നാണ് റിപ്പോര്‍ട്ട്. ഈ ട്രെയിനുകള്‍ക്ക് പകരമായി ഓടിക്കേണ്ട വന്ദേഭാരതിനുള്ള കോച്ചുകളുടെ നിര്‍മാണം പുരോഗമിക്കുകയാണെന്ന് ചെന്നൈ കോച്ച് ഫാക്ടറി ജനറല്‍ മാനേജര്‍ ബി.ജി. മല്യ വ്യക്തമാക്കി. വന്ദേഭാരത് വരുമ്പോള്‍ സര്‍വീസ് അവസാനിപ്പിക്കുന്ന ശതാബ്ദി കോച്ചുകള്‍ മറ്റ് റൂട്ടുകളില്‍ ഓടിക്കാനും റെയില്‍വേയ്ക്ക് പദ്ധതിയുണ്ട്.
വന്ദേഭാരത് സ്ലീപ്പറിന്റെ പ്രത്യേകതകള്‍
200 കിലോമീറ്റര്‍ വരെ വേഗം ആര്‍ജിക്കാന്‍ ശേഷിയുള്ളതാകും വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിനുകള്‍. ദീര്‍ഘയാത്രയ്ക്ക് അനുയോജ്യമായ തരത്തിലാണ് ഇതിന്റെ ഇന്റീരിയല്‍. സെന്‍സര്‍ അധിഷ്ടിത ലൈറ്റിംഗ്, കൂടുതല്‍ സൗകര്യപ്രദമായ ബെര്‍ത്തുകള്‍, വിശാലമായ സൗകര്യങ്ങള്‍ എന്നിവയെല്ലാം സ്ലീപ്പര്‍ ട്രെയിനിനെ ആകര്‍ഷമാക്കുന്നു.
സാധാരണയില്‍ നിന്ന് വ്യത്യസ്തമായ ട്രെയിന്‍ ഓടുന്നതിന്റെ ശബ്ദകോലാഹലം യാത്രക്കാരെ ബാധിക്കില്ലെന്നതാണ് ഇതിന്റെ മറ്റൊരു പ്രത്യേകത. യാത്രക്കാര്‍ക്ക് കൂടുതല്‍ സുഖകരമായി യാത്ര ചെയ്യാന്‍ ഇതുവഴി സാധിക്കും. പ്രായമായവരെയും ഭിന്നശേഷിക്കാരെയും പരിഗണിച്ചാണ് ബെര്‍ത്തുകളുടെ നിര്‍മാണം.
കൂട്ടിയിടി പോലുള്ള അപകടങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത കൊളിഷന്‍ അവോയ്ഡന്‍സ് സിസ്റ്റം (കവച്) വന്ദേഭാരത് ട്രെയിനുകളില്‍ കഴിഞ്ഞദിവസം പരീക്ഷിച്ചിരുന്നു. 160 കിലോമീറ്റര്‍ വേഗത്തില്‍ ഓടിയുള്ള പരീക്ഷണം വിജയകരമായെന്ന വിവരം റെയില്‍വേ ബോര്‍ഡാണ് പുറത്തുവിട്ടത്.
Tags:    

Similar News