സി.ഐ.ഐ കേരള ചെയര്‍മാനായി വിനോദ് മഞ്ഞില
ഇന്ത്യയെ ലോകത്തിന്റെ നൈപുണ്യ തലസ്ഥാനമാക്കുക എന്ന ദൗത്യത്തോടെ ആരംഭിച്ചതാണ് കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രി
കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രി (സി.ഐ.ഐ) കേരള സ്റ്റേറ്റ് കൗണ്‍സിലിന്റെ 2024-25 കാലയളവിലെ ചെയര്‍മാനായി വിനോദ് മഞ്ഞില തിരഞ്ഞെടുക്കപ്പെട്ടു. വിനോദ് മഞ്ഞില കേരള ഘടകത്തിന്റെ വൈസ് ചെയർമാൻ ആയിരുന്നു. 'ഡബിള്‍ ഹോഴ്സ്' ബ്രാന്‍ഡില്‍ ഭക്ഷ്യോത്പന്നങ്ങള്‍ വിപണനം ചെയ്യുന്ന തൃശ്ശൂര്‍ ആസ്ഥാനമായുള്ള മഞ്ഞിലാസ് ഫുഡ് ടെക്കിന്റെ ചെയര്‍മാനാണ് അദ്ദേഹം.
സി.ഐ.ഐയുടെ ഭക്ഷ്യ സംസ്കരണം, ഫാമിലി ബിസിനസ്സ് പോലുള്ള പാനലുകളിൽ പ്രവർത്തിച്ച വിനോദ് മഞ്ഞില സി.ഐ.ഐ തൃശൂർ സോണിൻ്റെ മുൻ ചെയർമാൻ കൂടിയാണ്. വിനോദ് മഞ്ഞില മണിപ്പാൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിൽ നിന്ന് കമ്പ്യൂട്ടർ സയൻസിൽ ബിടെക്കും ടി.എ.പൈ മാനേജ്‌മെൻ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും എം.ബി.എയും നേടിയിട്ടുണ്ട്. 1959ലാണ് മഞ്ഞിലാസ് ഗ്രൂപ്പ് സ്ഥാപിതമാകുന്നത്.
ഫെഡറല്‍ ബാങ്കിന്റെ എക്‌സിക്യുട്ടീവ് ഡയറക്ടറും റീറ്റെയ്ല്‍ ബിസിനസ് മേധാവിയുമായ ശാലിനി വാര്യറാണ് സി.ഐ.ഐ കേരള വൈസ് ചെയര്‍പേഴ്സണ്‍. സംസ്ഥാനത്തും ദക്ഷിണ മേഖലയിലും സി.ഐ.ഐയുടെ ഇന്ത്യൻ വുമൺ നെറ്റ്‌വർക്കിൽ വിവിധ ചുമതലകൾ വഹിച്ചിട്ടുണ്ട്. 2015 നവംബർ 2ന് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറായാണ് ഫെഡറൽ ബാങ്കിൽ ചേർന്നത്. ഓപ്പറേഷൻസിലെ മികവും ഡിജിറ്റൽ നവീകരണവുമായിരുന്നു പ്രാഥമിക ഉത്തരവാദിത്തങ്ങൾ.
ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ടൻ്റ്സ് ഓഫ് ഇന്ത്യയിൽ അംഗമാണ്. 1989ൽ അഖിലേന്ത്യാ തലത്തിൽ സി.എ പരീക്ഷയിൽ ഒന്നാം സ്ഥാനക്കാരിയായി.ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കേഴ്‌സിൻ്റെ സർട്ടിഫൈഡ് അസോസിയേറ്റ് കൂടിയാണ് ശാലിനി വാര്യർ. ഇന്ത്യയെ ലോകത്തിന്റെ നൈപുണ്യ തലസ്ഥാനമാക്കുക എന്ന ദൗത്യത്തോടെ ആരംഭിച്ചതാണ് കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രി.