വിഴിഞ്ഞം തുറമുഖം മേയില്‍ പൂര്‍ണസജ്ജം; നിക്ഷേപമൊഴുകും
അന്തര്‍ദേശീയ നിക്ഷേപക സംഗമം 2024-25ല്‍ തന്നെ സംഘടിപ്പിക്കും
വിഴിഞ്ഞം അന്തര്‍ദേശീയ തുറമുഖം മേയില്‍ പ്രവര്‍ത്തനമാരംഭിക്കുമെന്നത് ബജറ്റിലെ പ്രധാന പ്രഖ്യാപനങ്ങളിലൊന്നാണ്. ഇനി സമയനഷ്ടം സംഭവിക്കാതെ മൂന്ന് തരത്തിലുള്ള പ്രവര്‍ത്തനങ്ങളാണ് വിഴിഞ്ഞത്ത് പുരോഗമിക്കുന്നത്. ആദ്യത്തേത്- തുറമുഖ നിര്‍മ്മാണവുമായി ബന്ധപ്പെട്ട പ്രവൃത്തികളാണ്. ബ്രേക്ക് വാട്ടര്‍, യാര്‍ഡ്, ബെര്‍ത്ത്, തുടങ്ങിയവയുടെയെല്ലാം ഓഫീസ് കെട്ടിടങ്ങള്‍ നിര്‍മ്മാണം വേഗത്തില്‍ പുരോഗമിക്കുകയാണ്.
രണ്ടാമത്തേത്- അനുബന്ധ പശ്ചാത്തല സൗകര്യങ്ങളുടെ വികസനമാണ്. റോഡ്-റെയില്‍ കണക്ടിവിറ്റി, വൈദ്യുതി, കുടിവെള്ളം തുടങ്ങി എല്ലാ സൗകര്യങ്ങളും ഉറപ്പാക്കണം. തുറമുഖ നിര്‍മ്മാണത്തിന് കരാറാകുന്നതിന് ഏറെ മുമ്പുതന്നെ തയ്യാറെടുപ്പുകള്‍ തുടങ്ങിയിരുന്നതുകൊണ്ട് അസാധാരണമായ വേഗത്തില്‍ എല്ലാ പ്രവൃത്തികളും പുരോഗമിക്കുകയാണ്. റെയില്‍വേ ലൈനിന്റെ കാര്യത്തിലും പുരോഗതിയുണ്ട്.
വലിയ മാതൃയാനങ്ങള്‍ തുറമുഖത്തെത്തിക്കും
ലോകത്തെ ഏറ്റവും വലിയ മാതൃയാനങ്ങള്‍ (mothership) തുറമുഖത്തെത്തിക്കാനുള്ള നടപടി പുരോഗമിക്കുകയാണ്. ഇതിന്റെ ട്രാന്‍സ്ഷിപ്പ്‌മെന്റ് പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കും. റെക്കോര്‍ഡ് വേഗത്തില്‍ ഇപ്പോള്‍ നിശ്ചയിച്ചിരിക്കുന്ന സ്ഥാപിത ശേഷിയിലേക്ക് വിഴിഞ്ഞം തുറമുഖത്തിന്റെ പ്രവര്‍ത്തനങ്ങള്‍ വളരും. ഇതിന്റെ ഭാഗമായ നാവായിക്കുളം വരെയുള്ള തിരുവനന്തപുരത്തിന്റെ നിര്‍ദ്ദിഷ്ട ഔട്ടര്‍ റോഡിന്റെയും വികസന ഇടനാഴിയുടെയും നിര്‍മാണം സമയ ബന്ധിതമായ ഉറപ്പാക്കും. ആവശ്യമായ സ്ഥലം ലഭ്യമാക്കും.
ചൈനയിലെ ആശയം സ്വീകരിക്കും
ചൈനയില്‍ രൂപം കൊടുത്ത ഡെവലപ്‌മെന്റ് സോണ്‍ എന്ന ആശയം കേരളത്തിന് സ്വീകരിക്കാവുന്നതാണ്. വിഴിഞ്ഞത്തിന്റെ വികസന സാധ്യതകളെ പ്രയോജനപ്പെടുത്താന്‍ ഇതേ മാതൃകയിലുള്ള പ്രത്യേക ഡെവലപ്‌മെന്റ് സോണുകള്‍ (SDZ) പ്രവാസി മലയാളികള്‍ ഉള്‍പ്പടെയുള്ള സ്വകാര്യ വ്യക്തികളെയും സ്ഥാപനങ്ങളെയും സഹകരിപ്പിച്ചു കൊണ്ടും സ്വകാര്യ നിക്ഷേപം ആകര്‍ഷിച്ചു സൃഷ്ടിക്കും. തുറമുഖത്തിന്റെ സാധ്യതകള്‍ ഉപയോഗപ്പെടുത്തി സംരംഭങ്ങള്‍ ആരംഭിക്കാന്‍ സാധ്യതയുള്ള നിക്ഷേപകരെ ആകര്‍ഷിക്കുന്നതിന് അന്തര്‍ദേശീയ നിക്ഷേപക സംഗമം 2024-25ല്‍ തന്നെ സംഘടിപ്പിക്കും. മാരിടൈം ഉച്ചകോടിയും ഇതിന്റെ ഭാഗമായി സംഘടിപ്പിക്കും.
നിക്ഷേപം കൊണ്ടുവരും
വിഴിഞ്ഞം കേന്ദ്രീകരിച്ച് പി.പി.പി മാതൃകയില്‍ സര്‍ക്കാരും സര്‍ക്കാര്‍-സ്വകാര്യ പങ്കാളിത്തത്തോടെയും സ്വകാര്യമേഖല മാത്രമായും നിക്ഷേപം കൊണ്ടുവരും. ഇതിനായി നിയമനിര്‍മ്മാണങ്ങള്‍ നടത്തുകയും ടൗണ്‍ഷിപ്പുകള്‍, റസിഡന്‍ഷ്യല്‍ ഏരിയകള്‍, വ്യവസായ കേന്ദ്രങ്ങള്‍, സംഭരണ ശാലകള്‍, വിനോദകേന്ദ്രങ്ങള്‍ തുടങ്ങി വിപുലവും സമഗ്രവുമായ ഒരു ഹബ്ബാക്കി വിഴിഞ്ഞത്തെ മാറ്റാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഇതിനായി ആയിരക്കണക്കിന് കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍ നടത്തും. വിഴിഞ്ഞം തുറമുഖം കേരളത്തിന്റെ കയറ്റുമതി സാധ്യത ഗണ്യമായി ഉയര്‍ത്തും.