18 മാസം കൊണ്ട് 30 ലക്ഷം യാത്രക്കാര്‍; സൂപ്പര്‍ ഹിറ്റായ വാട്ടര്‍ മെട്രോയെ ഏറ്റെടുക്കാന്‍ മോദിയുടെ സംസ്ഥാനം
സൂറത്തിൽ നിന്നുള്ള സംഘം അടുത്ത ദിവസം കൊച്ചിയിൽ എത്തും
കേരളത്തിന്റെ അഭിമാന ജലഗതാഗത പദ്ധതികളിലൊന്നായ വാട്ടര്‍ മെട്രോ ഒന്നര വര്‍ഷം പിന്നിടുമ്പോള്‍ യാത്രക്കാരുടെ എണ്ണം 30 ലക്ഷം കടന്നു. പൊതുഗതാഗത മേഖലയിലെ നാഴികക്കല്ലായി മാറിയ വാട്ടര്‍മെട്രോ വിനോദസഞ്ചാരികള്‍ക്ക് പുറമെ കൊച്ചിക്കാര്‍ക്കും ഏറെ സഹായകമായിട്ടുണ്ടെന്നാണ് യാത്രക്കാരുടെ എണ്ണത്തിലുണ്ടാകുന്ന വര്‍ധനവ് സൂചിപ്പിക്കുന്നതെന്ന് മന്ത്രി പി. രാജീവ് പറഞ്ഞു.
10 ടെര്‍മിനലുകളിലായി ആറു റൂട്ടിലേക്ക് കൊച്ചി വാട്ടര്‍ മെട്രോ ഇപ്പോള്‍ സര്‍വീസ് നടത്തുന്നുണ്ട്. വാട്ടര്‍ മെട്രോ വിനോദ സഞ്ചാര മേഖലയ്ക്കും ഗുണം ചെയ്യുന്നതായി കണക്കുകള്‍ സൂചിപ്പിക്കുന്നു. കൂടുതല്‍ ടെര്‍മിനലുകളുടെ നിര്‍മാണം പൂര്‍ത്തിയാക്കി ആ റൂട്ടുകളില്‍ കൂടി ബോട്ടുകള്‍ ഇറക്കി സര്‍വീസ് വിപുലീകരിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും മന്ത്രി രാജീവ് വ്യക്തമാക്കി.
നിലവില്‍ സര്‍വീസ് നടത്തുന്ന റൂട്ടുകളില്‍ ഏറ്റവും കൂടുതല്‍ യാത്രക്കാരുള്ളത് ഹൈക്കോര്‍ട്ട്-ഫോര്‍ട്ടുകൊച്ചി റൂട്ടിലാണ്. വിനോദസഞ്ചാരികളുടെ ബാഹുല്യമാണ് ഈ റൂട്ടിനെ ഹിറ്റാക്കിയത്. എന്നാല്‍ ആവശ്യത്തിന് ബോട്ടുകളില്ലാത്തത് സര്‍വീസിനെ ബാധിക്കുന്നുണ്ട്. അവധി ദിവസങ്ങളില്‍ ദീര്‍ഘനേരം ക്യൂനിന്നാണ് യാത്രക്കാര്‍ ടിക്കറ്റെടുക്കുന്നത്. കൂടുതല്‍ ബോട്ടുകള്‍ എത്തുന്നതോടെ ഈ പ്രതിസന്ധി പരിഹരിക്കാന്‍ സാധിക്കുമെന്നാണ് വിലയിരുത്തല്‍.
വാട്ടര്‍ മെട്രോയുമായി ഗുജറാത്തും
കൊച്ചിയില്‍ ഹിറ്റായ വാട്ടര്‍ മെട്രോ സംവിധാനം ഗുജറാത്തിലും നടപ്പിലാക്കാന്‍ ഒരുങ്ങുന്നു. സൂറത്ത് നഗരമാണ് താപി നദിയില്‍ ഈ പദ്ധതി നടപ്പിലാക്കാന്‍ ശ്രമം തുടങ്ങിയത്. കൊച്ചി വാട്ടര്‍ മെട്രോയുടെ പ്രവര്‍ത്തനം കണ്ടുപഠിക്കാന്‍ സൂറത്ത് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ (എസ്.എം.സി) അധികൃതര്‍ അടുത്ത ദിവസം കൊച്ചിയിലെത്തും.
സൂറത്തില്‍ 33 കിലോമീറ്റര്‍ നീളമുള്ള വാട്ടര്‍ മെട്രോ സംവിധാനം നടപ്പിലാക്കാനാണ് പദ്ധതി. ഗതാഗതക്കുരുക്ക് കുറക്കാനും പരിസ്ഥിതി സൗഹൃദ ഗതാഗതം പ്രോത്സാഹിപ്പിക്കാനുമാണ് പദ്ധതി ലക്ഷ്യമിടുന്നത്. നിലവില്‍ 70 ലക്ഷത്തോളം വരുന്ന സൂറത്തിലെ വര്‍ധിച്ചുവരുന്ന ജനസംഖ്യ കണക്കിലെടുത്താണ് പദ്ധതി.