മോദി പുകഴ്ത്താന്‍ മാത്രം അരകു കാപ്പിക്ക് എന്താണ് ഇത്ര പ്രത്യേകത?

ആന്ധ്രപ്രദേശിലാണ് അരകു കാപ്പി സമൃദ്ധമായി വിളയുന്നത്;

Update:2024-07-01 14:53 IST

Image Courtesy: x.com/narendramodi, canva

പുതിയ 'മന്‍ കി ബാതി'ലാണ് അരകു കാപ്പിയെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി എടുത്തു പറഞ്ഞത്. കാപ്പിയുടെ രുചിയും മണവും അത്രമേല്‍ ഹൃദ്യമാണെന്ന് മോദി പറഞ്ഞു. ആന്ധ്രപ്രദേശില്‍ വിളയുന്ന അരകു കാപ്പിയെക്കുറിച്ച് ഇപ്പോള്‍ എടുത്തു പറയാന്‍ പുതിയ രാഷ്ട്രീയ സാഹചര്യങ്ങള്‍ പ്രേരണ ചെലുത്തിയിട്ടുണ്ടോ?
ബി.ജെ.പിയുടെ ഏറ്റവും വലിയ സഖ്യകക്ഷിയാണിന്ന് ആന്ധ്രപ്രദേശ് ഭരിക്കുന്ന തെലുഗുദേശം പാര്‍ട്ടി. അതേതായാലും, അരകു കാപ്പിയുടെ മഹിമ മുന്‍പേ അംഗീകരിക്കപ്പെട്ടതാണ്. ജി20 ഉച്ചകോടി ഇന്ത്യയില്‍ നടന്നപ്പോള്‍ അരകു കാപ്പി അതിഥികള്‍ക്ക് നല്‍കിയിരുന്നു.
ആന്ധ്രപ്രദേശിലെ അല്ലൂരി സീതാരാമ രാജു ജില്ലയിലാണ് അരകു കാപ്പി സമൃദ്ധമായി വളരുന്നത്. ഒന്നര ലക്ഷം ആദിവാസി കുടുംബങ്ങളാണ് ഇത് ഉപജീവന മാര്‍ഗത്തിന് നട്ടുവളര്‍ത്തുന്നത്. കാപ്പി വാങ്ങി വിപണനം ചെയ്യുന്നതിന് ഗിരിജന്‍ സഹകരണ സംഘങ്ങള്‍ പ്രത്യേക താല്‍പര്യമെടുക്കുന്നു. കാപ്പി കൃഷി പ്രോത്സാഹിപ്പിക്കാന്‍ സഹകരണ സംഘങ്ങള്‍ ആദിവാസികളായ കര്‍ഷകരെ സംഘടിപ്പിക്കുന്ന കാര്യവും മോദി എടുത്തു പറഞ്ഞു.
ഭൗമശാസ്ത്ര സൂചികയിലെ ഉല്‍പന്ന പട്ടികയില്‍ 2019ല്‍ ഇടം നേടിയ ആന്ധ്രപ്രദേശിന്റെ തനതു കാപ്പിയിനമാണ് അരകു. അരകു താഴ്വരയില്‍ കൃഷി ചെയ്യുന്ന അറബിക്ക ഇനത്തില്‍ പെട്ട കാപ്പിയാണിത്. എത്യോപന്‍ കാടുകളില്‍ നിന്നാണ് ഇന്ത്യയില്‍ എത്തിയത്. ആന്ധ്രയില്‍ വിശാഖപട്ടണം ജില്ലയിലെ മലനിരകളിലാണ് പ്രധാനമായും കൃഷി. ഒഡിഷയിലുമുണ്ട്.
നാടന്‍ രീതില്‍ കാപ്പിക്കുരു ഉല്‍പാദിപ്പിക്കുന്നവരാണ് ആദിവാസികള്‍. വള പ്രയോഗം മുതല്‍ ഓരോന്നിനും നാടന്‍ രീതികള്‍ തന്നെ. രാസവളങ്ങളില്ല. കീടനാശിനി പ്രയോഗമില്ല. അരകു കോഫി ബോര്‍ഡിന്റെ ചെയര്‍മാന്‍ വ്യവസായിയായ ആനന്ദ് മഹീന്ദ്രയാണ്.
കേരളത്തെയും മോദി മന്‍ കി ബാത്തില്‍ പരാമര്‍ശിച്ചിരുന്നു. പാലക്കാട് അട്ടപ്പാടിയിലെ ആദിവാസി വനിതകള്‍ നിര്‍മ്മിക്കുന്ന കാര്‍ത്തുമ്പി കുടകള്‍ സംരംഭക രംഗത്തെ വനിതകളുടെ മികവിന്റെ മികച്ച ഉദാഹരണം ആണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഈ കുടകള്‍ക്ക് രാജ്യമാകെ ആവശ്യമേറുന്നു. നാരീശക്തിയിലൂടെയാണ് രാജ്യം അഭിവൃദ്ധിപ്പെടുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു. മുന്നൂറോളം സ്ത്രീകളാണ് അട്ടപ്പാടിയില്‍ കുട നിര്‍മാണത്തിലൂടെ സ്വയം പര്യാപ്തരായത്.
Tags:    

Similar News