ദീര്‍ഘസമയം ജോലി ചെയ്യുന്നത് ആളെ കൊല്ലുമെന്ന് ലോകാരോഗ്യ സംഘടന
പക്ഷാഘാതം, ഹൃദ്രോഗങ്ങള്‍ മൂലം മരിക്കുന്നവരില്‍ 29 ശതമാനവും ദീര്‍ഘസമയം ജോലി ചെയ്തവരാണെന്ന് കണ്ടെത്തല്‍
വളരെ നേരം ഒറ്റയടിക്ക് ജോലി ചെയ്യുന്നത് ആരോഗ്യത്തെ ഗുരുതരമായി ബാധിക്കുമെന്നും മരണകാരണമാകുന്നുവെന്നും ലോകാരോഗ്യ സംഘടനയും ഇന്റര്‍നാഷണല്‍ ലേബര്‍ ഓര്‍ഗനൈസേഷനും നടത്തിയ പഠനം. കോവിഡ് തൊഴിലില്‍ വലിയ മാറ്റങ്ങള്‍ വരുത്തിയിരിക്കുന്ന സാഹചര്യത്തില്‍ പഠനത്തിന് വലിയ പ്രാധാന്യമുണ്ടെന്ന് ലോകാരോഗ്യ സംഘടന ഡയറക്റ്റര്‍ ജനറല്‍ ഡോ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് ചൂണ്ടിക്കാട്ടുന്നു.
ദീര്‍ഘസമയം ജോലി ചെയ്തതിന്റെ ഫലമായി പക്ഷാഘാതവും ഹൃദ്രോഗവും ബാധിച്ച് 2016 ല്‍ 7.45 ലക്ഷം പേര്‍ മരിച്ചുവെന്ന് പഠനം വെളിവാക്കുന്നു. 2000 ത്തെ അപേക്ഷിച്ച് 29 ശതമാനം വര്‍ധന.
2016 ല്‍ 3.98 ലക്ഷം പേര്‍ പക്ഷാഘാതത്തെ തുടര്‍ന്നും 3.47 ലക്ഷം പേര്‍ ഹൃദ്രോഗത്താലും മരണപ്പെട്ടു. 2000 മുതല്‍ 2016 വരെയുള്ള കാലയളവില്‍ ദീര്‍ഘനേരം ജോലി ചെയ്തതിനെ തുടര്‍ന്ന് ഹൃദ്രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണം 42 ശതമാനവും പക്ഷാഘാതം വന്ന് മരിച്ചവരുടെ എണ്ണം 19 ശതമാനവും കൂടിയെന്ന് പഠനം വ്യക്തമാക്കുന്നു. ആഗോള തലത്തില്‍ നടത്തിയ 2300 സര്‍വേയുടെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട് തയാറാക്കിയിരിക്കുന്നത്. 154 രാജ്യങ്ങളില്‍ നിന്നുള്ള 1970 മുതല്‍ 2018 വരെയുള്ള വിവരങ്ങള്‍ ഇതില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ഹൃദ്രോഗബാധിതരായ 7.68 ലക്ഷം പേരെയും പക്ഷാഘാതം പിടിപ്പെട്ട 8.39 ലക്ഷം പേരെയും സര്‍വേയില്‍ ഉള്‍പ്പെടുത്തിയിരുന്നു.
ആഴ്ചയില്‍ 55 മണിക്കൂറോ അതില്‍ കൂടുതലോ ജോലി ചെയ്യുന്നവരില്‍ 35-40 മണിക്കൂര്‍ ജോലി ചെയ്യുന്നവരെ അപേക്ഷിച്ച് ഹൃദ്രോഗം പിടിപെട്ട് 17 ശതമാനവും പക്ഷാഘാതം പിടിപെട്ട് 35 ശതമാനവും മരണസാധ്യത കൂടുതലാണെന്നാണ് പഠനം തെളിയിക്കുന്നത്.
ഇങ്ങനെ മരിക്കുന്നവരില്‍ കൂടുതലും പുരുഷന്മാരാണെന്നതാണ് മറ്റൊരു വസ്തുത. 45-74 വയസ്സിനിടയില്‍ 55 മണിക്കൂറിലേറെ ജോലി ചെയ്തവരാണ് കൂടുതലായും ഇത്തരത്തില്‍ മരണപ്പെടുന്നത്.
ലോകത്ത് ദീര്‍ഘനേരം ജോലി ചെയ്യുന്നവരുടെ എണ്ണം കൂടിക്കൊണ്ടിരിക്കുകയാണെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.
അതേസമയം കോവിഡ് 19 പടര്‍ന്നു പിടിച്ചതോടെ ദീര്‍ഘനേരം ജോലി ചെയ്യുന്നതിനുള്ള അവസരം പലര്‍ക്കും നഷ്ടപ്പെട്ടുവെന്നും അത് ജോലി സമയം പുനഃക്രമീകരിക്കാനുള്ള മികച്ച അവസരമാണെന്നും ലോകാരോഗ്യ സംഘടന വിലയിരുത്തുന്നു.
ഓവര്‍ടൈം ജോലി ചെയ്യുന്നത് തടയാനുള്ള നിയമം സര്‍ക്കാര്‍ തലത്തില്‍ ആവിഷ്‌കരിക്കരിക്കണമെന്നാണ് ലോകാരോഗ്യ സംഘടന നിര്‍ദ്ദേശിക്കുന്നത്. മാത്രമല്ല, തൊഴിലാളികളുമായും തൊഴിലാളി സംഘടനകളുമായും ചര്‍ച്ച ചെയ്ത് പരമാവധി ജോലി സമയം നിശ്ചയിക്കണമെന്നും ആവശ്യപ്പെടുന്നു.