ഇന്ത്യന്‍ ചാണകത്തിന് ഗള്‍ഫ് രാജ്യങ്ങളില്‍ പൊന്നുംവില; കയറ്റുമതി വര്‍ധിക്കാനുള്ള കാരണങ്ങള്‍ ഇതൊക്കെ

ഗള്‍ഫ് രാജ്യങ്ങളില്‍ കാര്‍ഷിക വളത്തിന് ഭാരവാഹികള്‍ ഏറെ പ്രധാന്യം നല്‍കുന്നതിനാല്‍ ഇന്ത്യയില്‍ നിന്നുള്ള ചാണകത്തിന് വലിയ ഡിമാന്‍ഡാണ്

Update:2024-12-24 14:04 IST
ഇന്ത്യയും ഗള്‍ഫ് രാജ്യങ്ങളും തമ്മിലുള്ള ബന്ധം ഏറെ ദൃഢമാണ്. ഇന്ത്യക്കാര്‍ക്ക് കൂടുതല്‍ മികച്ച പരിഗണനയും അവസരങ്ങളുമാണ് സൗദി അറേബ്യ മുതല്‍ കുവൈറ്റ് വരെ എല്ലാ ഗള്‍ഫ് രാജ്യങ്ങളിലും ലഭിക്കുന്നത്. മിഡില്‍ ഈസ്റ്റ് രാജ്യങ്ങളെ ക്രൂഡ്ഓയിലിനും മറ്റുമായി ഇന്ത്യ ആശ്രയിക്കുമ്പോള്‍ ഭക്ഷ്യവസ്തുക്കളും മറ്റ് ഇവിടെ നിന്ന് അങ്ങോട്ടേക്ക് ഇറക്കുമതി ചെയ്യുകയാണ് ഇത്തരം രാജ്യങ്ങള്‍.
ടണ്‍കണക്കിന് ഭക്ഷ്യവസ്തുക്കളാണ് ഇന്ത്യയില്‍ നിന്ന് ഓരോ മാസവും ഗള്‍ഫ് രാജ്യങ്ങളിലേക്ക് കയറ്റിയയ്ക്കുന്നത്. ഇപ്പോഴിതാ ഇന്ത്യയില്‍ നിന്നുള്ള ചാണകത്തിന് ഗള്‍ഫ് രാജ്യങ്ങളില്‍ വന്‍ ഡിമാന്‍ഡാണെന്ന വാര്‍ത്തയാണ് പുറത്തു വരുന്നത്. അടുത്തിടെ കുവൈറ്റ് ഇന്ത്യയില്‍ നിന്ന് 192 മെട്രിക് ടണ്‍ ചാണകമാണ് ഇന്ത്യയില്‍ നിന്ന് കൊണ്ടുപോയത്. മറ്റ് അറേബ്യന്‍ രാജ്യങ്ങളും ഇന്ത്യന്‍ ചാണകം ഇറക്കുമതി ചെയ്യുന്നുണ്ട്. ക്രൂഡ്ഓയില്‍ നിന്നുള്ള പണമാണ് മിക്ക ഗള്‍ഫ് രാജ്യങ്ങളുടെ വരുമാന സ്രോതസ്. എന്നിട്ടും എന്തിനാണ് അവര്‍ ചാണകം കൂടുതലായി വാങ്ങിക്കൂട്ടുന്നതെന്ന് നോക്കാം.

ഈന്തപ്പനയ്ക്ക് അത്യുത്തമം

കാര്‍ഷിക രംഗത്തു നിന്നുള്ള വരുമാനം വര്‍ധിപ്പിക്കാന്‍ ഗള്‍ഫ് രാജ്യങ്ങള്‍ അടുത്തിടെ കൂടുതല്‍ നിക്ഷേപം നടത്തിയിട്ടുണ്ട്. എണ്ണ വരുമാനത്തെ മാത്രം ആശ്രയിച്ച് മുന്നോട്ടു പോകുന്നത് അപകടമാണെന്ന തിരിച്ചറിവിലാണ് അവരുടെ നീക്കം. കാര്‍ഷിക രംഗത്ത് ഈന്തപ്പന കൃഷിയാണ് ഗള്‍ഫ് രാജ്യങ്ങള്‍ക്ക് കൂടുതല്‍ അനുയോജ്യം. ഈന്തപ്പനകളുടെ വിളവ് വര്‍ധിക്കാന്‍ ചാണകം കൂടുതല്‍ അനുയോജ്യമാണെന്ന പഠനങ്ങള്‍ തെളിയിച്ചിരുന്നു. ഇതാണ് ചാണകത്തിന്റെ ഗള്‍ഫ് മേഖലയിലെ ഡിമാന്‍ഡിന് കാരണം. വിളകളുടെ വലുപ്പത്തിനും രുചിക്കും ചാണകം വളമായി ഉപയോഗിക്കുന്നതിലൂടെ സാധിക്കും. വരും വര്‍ഷങ്ങളില്‍ ചാണകം കൂടുതലായി ഗള്‍ഫ് രാജ്യങ്ങള്‍ ഇറക്കുമതി ചെയ്യുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

ഇന്ത്യയ്ക്ക് വരുമാന മാര്‍ഗം

300 ദശലക്ഷം പശുക്കള്‍ ഇന്ത്യയിലുണ്ടെന്നാണ് കണക്ക്. ഇതില്‍ നിന്ന് പ്രതിദിനം 30 ദശലക്ഷം ചാണകം ലഭിക്കുന്നുണ്ടെന്നാണ് കണക്ക്. കിലോയ്ക്ക് 30 മുതല്‍ 50 രൂപയ്ക്കാണ് ചാണകം ഇന്ത്യയില്‍ വില്‍ക്കുന്നത്. കയറ്റുമതി സാധ്യത വര്‍ധിക്കുന്നതോടെ വില ഇനിയും ഉയര്‍ന്നേക്കാമെന്നാണ് വിലയിരുത്തല്‍. മാത്രമല്ല, ചാണകത്തിനായി പശുക്കളെ വളര്‍ത്തുന്ന രീതിയും വിപുലമാക്കപ്പെട്ടേക്കാമെന്നും ഈ രംഗത്തുള്ളവര്‍ പറയുന്നു. മറ്റ് രാജ്യങ്ങളിലെ ചാണകത്തേക്കാള്‍ ഇന്ത്യയില്‍ നിന്നുള്ളതിന് കൂടുതല്‍ ഗുണമേന്മയുള്ളതും ഡിമാന്‍ഡ് കൂടുന്നതിന് കാരണമാകും.
കയറ്റുമതി സാധ്യത കൂടുന്നതും രാജ്യത്ത് പശുവളര്‍ത്തല്‍ ഉപജീവനമാക്കുന്നവര്‍ക്ക് അധികവരുമാനം ലഭിക്കാന്‍ ഇടയാക്കും. പാല്‍ വില്പനയ്‌ക്കൊപ്പം കൂടുതല്‍ വരുമാനം ലഭിക്കുന്നത് ഗ്രാമീണ ഇന്ത്യയിലെ ജനങ്ങളുടെ പ്രതിശീര്‍ഷവരുമാനം ഉയരാനും കാരണമാകും.

Similar News