ഇലക്ട്രിക്ക് വാഹന മേഖലയില്‍ വിപ്ലവം സൃഷ്ടിക്കാന്‍ ഷവോമിയുടെ എസ്.യു7
തങ്ങളുടെ ആദ്യ ഇലക്ട്രിക്ക് വാഹനം ഷവോമി ഇന്ത്യയില്‍ പ്രദര്‍ശിപ്പിച്ചു
ആകര്‍ഷകമായ രൂപകല്‍പ്പനയില്‍ ഉയർന്ന പ്രകടനം വാഗ്ദാനം ചെയ്യുന്ന ഇക്കോ-ടെക്‌നോളജി സെഡാൻ ആയ ഷവോമി എസ്.യു7 (Xiaomi SU7) ആണ് കമ്പനി ഇന്ത്യയില്‍ പ്രദര്‍ശനത്തിന് എത്തിച്ചത്. ഇ-മോട്ടര്‍, സി.ടി.ബി ഇന്റഗ്രേറ്റഡ് ബാറ്ററി, ഷവോമി ഡൈ-കാസ്റ്റിംഗ്, ഷവോമി പൈലറ്റ് ഓട്ടോണമസ് ഡ്രൈവിംഗ്, സ്മാർട്ട് കാബിൻ തുടങ്ങിയ അഞ്ച് പ്രധാന ഇ.വി സാങ്കേതികവിദ്യകളോടു കൂടിയാണ് വാഹനം എത്തുന്നത്.
വാഹനത്തിന്റെ സവിശേഷതകള്‍
673 പി.എസ് പവറും ഒറ്റ ചാർജിൽ പരമാവധി 800 കിലോമീറ്റർ റേഞ്ചുമാണ് വാഹനം വാഗ്ദാനം ചെയ്യുന്നത്. 838 എൻ.എം ടോർക്ക് ഉള്ള ഇ.വിക്ക് 2.78 സെക്കൻഡിനുള്ളിൽ പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റർ വേഗത കൈവരിക്കാന്‍ സാധിക്കും. മണിക്കൂറിൽ 265 കിലോമീറ്റർ വേഗത വാഹനത്തിന് കൈവരിക്കാന്‍ സാധിക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. 3,400 ലധികം എഞ്ചിനീയർമാരും 1,000 സാങ്കേതിക വിദഗ്ധരും അടങ്ങുന്ന ആഗോള സംഘമാണ് വാഹനത്തിന്റെ നിര്‍മാണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചത്.
മണിക്കൂറില്‍ 100 കി.മീ വേഗതയില്‍ സഞ്ചരിക്കുമ്പോള്‍ 33.3 മീറ്ററിൽ വാഹനത്തെ നിര്‍ത്താന്‍ സാധിക്കുന്ന ടോപ്പ് ലെവൽ ബ്രേക്കിംഗ് സിസ്റ്റമാണ് വാഹനത്തിന് ഉളളത്. സുരക്ഷ ഉറപ്പാക്കാൻ സ്റ്റീൽ-അലൂമിനിയം അലോയ് പുറംചട്ടയാണ് ഇ.വിക്ക് നല്‍കിയിരുന്നത്. 360 ഡിഗ്രി സംരക്ഷണം ഉറപ്പാക്കുന്ന 16 സജീവ സുരക്ഷാ ഫീച്ചറുകളുടെ സമഗ്രമായ സംവിധാനമാണ് വാഹനത്തില്‍ സജ്ജീകരിച്ചിരിക്കുന്നത്.
നിലവില്‍ ഇന്ത്യൻ വിപണിയിൽ വിൽപ്പനയ്‌ക്ക് ഇല്ല
ഒരു ലക്ഷ്വറി സി-ക്ലാസ് സെഡാൻ ആയാണ് കമ്പനി ഷവോമി എസ്.യു7 അവതരിപ്പിച്ചിരിക്കുന്നത്. 16.1 ഇഞ്ച് 3കെ അൾട്രാ ക്ലിയർ സെൻട്രൽ കൺട്രോൾ സ്‌ക്രീൻ, വലിയ 56 ഇഞ്ച് ഹെഡ്-അപ്പ് ഡിസ്പ്ല (എച്ച്.യു.ഡി), കറങ്ങുന്ന ഡാഷ്‌ബോർഡ് എന്നിവയും ഇ.വിയുടെ സവിശേഷതകളാണ്. നിലവില്‍ എസ്.യു7 ഇന്ത്യൻ വിപണിയിൽ വിൽപ്പനയ്‌ക്ക് ലഭ്യമാക്കുന്നില്ലെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.
റെഡ്മി 13 5ജി ഇന്ത്യയില്‍ എത്തി
ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന റെഡ്മി 13 5ജി സ്‌മാർട്ട്‌ഫോണ്‍ കമ്പനി ഇന്ത്യയില്‍ വില്‍പ്പനയ്ക്ക് എത്തിച്ചിട്ടുണ്ട്. ഐ.പി 53 സാക്ഷ്യപ്പെടുത്തലോടു കൂടിയ വെള്ളം, പൊടി തുടങ്ങിയവ പ്രതിരോധിക്കുന്ന ഷവോമി റെഡ്മി 13 5ജിയും കമ്പനി ഇന്ത്യന്‍ വിപണിയില്‍ എത്തിച്ചിട്ടുണ്ട്. 17.2സെ.മീറ്റര്‍ (6.79) എഫ്.എച്ച്.ഡി+ അഡാപ്റ്റീവ് ഡിസ്‌പ്ലേ, സ്നാപ്ഡ്രാഗണ്‍4 ജന്‍ 2 എ.ഇ പ്രോസസര്‍, 108എം.പി ക്യാമറ തുടങ്ങിയവ ഫോണിന്റെ സവിശേഷതകളാണ്.
2014 ൽ ഇന്ത്യയില്‍ എത്തിയ കമ്പനി ഇക്കൊല്ലം തങ്ങളുടെ പത്താം വാർഷികമാണ് ആഘോഷിക്കുന്നത്. 25 കോടി സ്മാർട്ട്ഫോണുകൾ ഉൾപ്പെടെ 35 കോടി ഡിവൈസുകളാണ് ഷവോമി ഇതിനോടകം ഇന്ത്യയിൽ വിറ്റഴിച്ചത്. അടുത്ത ദശകത്തിൽ കമ്പനി അതിന്റെ സ്വാധീനം ഇരട്ടിയാക്കാനാണ് ലക്ഷ്യമിടുന്നത്, ഇന്ത്യയിൽ എല്ലാ വിഭാഗങ്ങളിലുമായി 70 കോടി ഡിവൈസുകള്‍ വിറ്റഴിക്കുക എന്ന ലക്ഷ്യത്തിലാണ് കമ്പനിയുളളത്.