പണപ്പെരുപ്പം; പിടിച്ചു നില്‍ക്കാന്‍ ജനങ്ങള്‍ക്ക് സ്വര്‍ണ നാണയം നല്‍കി ഈ രാജ്യം
ദൈനംദിന ഇടപാടുകള്‍ക്ക് ഈ സ്വര്‍ണ നാണയങ്ങള്‍ ഉപയോഗിക്കാം
പൊതുജനങ്ങള്‍ക്ക് വില്‍ക്കാന്‍ സ്വര്‍ണ നാണയം പുറത്തിറക്കി സിംബാബ്‌വെ. പണപ്പെരുപ്പം നിയന്ത്രിക്കുന്നതിനും കറന്‍സിയുടെ മൂല്യം ഇടിയുന്നത് തടയാനുമാണ് റിസര്‍വ് ബാങ്ക് ഓഫ് സിംബാബ്‌വെയുടെ ഈ അസാധാരണ നീക്കം. തിങ്കളാഴ്ച 2,000 സ്വര്‍ണ നാണയങ്ങളാണ് റിസര്‍വ് ബാങ്ക് വഴി വാണിജ്യ ബാങ്കുകളിലെത്തിയത്.
പൊതു ജനങ്ങള്‍ക്ക് ബാങ്കുകളില്‍ നിന്ന് സ്വര്‍ണ നാണയങ്ങള്‍ വാങ്ങാം. ദൈനംദിന ഇടപാടുകള്‍ക്ക് ഈ സ്വര്‍ണ നാണയങ്ങള്‍ ഉപയോഗിക്കാന്‍ സാധിക്കും. വിദേശികള്‍ക്കും നാണയം വാങ്ങാനുള്ള അവസരമുണ്ട്. നാണയം വാങ്ങുന്ന ജനങ്ങള്‍ക്ക് 180 ദിവസങ്ങള്‍ക്ക് ശേഷം മാത്രമേ അവ മറിച്ചുവില്‍ക്കാന്‍ സാധിക്കു. ഒരു ട്രോയി ഔണ്‍സ് തുക്കമുള്ള (ഏകദേശം 31 ഗ്രാം) 22 ക്യാരറ്റ് ആണ് ഓരോ നാണയങ്ങളും. അന്താരാഷ്ട്ര സ്വര്‍ണവിലയെ അടിസ്ഥാനമാക്കിയാണ് നാണയങ്ങളുടെ വില നിശ്ചയിക്കുന്നത്.
പണപ്പെരുപ്പം നിയന്ത്രിക്കാന്‍ കഴിഞ്ഞ മാസം സിംബാബ്‌വെ പലിശ നിരക്ക് 200 ശതമാനം ആയി ഉയര്‍ത്തിയിരുന്നു. സിംബാബ്‌വെ ഡോളര്‍ തകര്‍ച്ച നേരിടുന്ന സാഹചര്യത്തില്‍ അടുത്ത അഞ്ച് വര്‍ഷത്തേക്ക് രാജ്യത്ത് ഇടപാടുകള്‍ക്കായി യുഎസ് ഡോളര്‍ ഉപയോഗിക്കാനുള്ള അനുമതിയും സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്. ഒരു സിംബാബ്‌വിയന്‍ ഡോളറിന്റെ മൂല്യം നിലവില്‍ 0.22 രൂപയാണ്. ഒരു യുഎസ് ഡോളര്‍ ലഭിക്കാന്‍ 361.9 സിംബാബ്‌വിയന്‍ ഡോളര്‍ നല്‍കണം. കഴിഞ്ഞ ജൂണില്‍ 191.6 ശതമാനം ആയിരുന്നു രാജ്യത്തെ പണപ്പെരുപ്പം.