ഫീസ് കൂട്ടി സൊമാറ്റോയും; ഓണ്‍ലൈന്‍ ഭക്ഷണത്തിന് ഇനി വില അല്‍പം പൊള്ളും!
സൊമാറ്റോയും സ്വിഗ്ഗിയും മത്സരിച്ച് ഫീസ് കൂട്ടുന്നു
ഓണ്‍ലൈന്‍ ആപ്പ് വഴി ഇഷ്ടഭക്ഷണം ഓര്‍ഡര്‍ ചെയ്ത് വാങ്ങുന്നവര്‍ ഇപ്പോള്‍ അനവധിയാണ്. ഭക്ഷണത്തിന്റെ യഥാര്‍ത്ഥ വിലയ്ക്ക് പുറമേ ഡെലിവറി ചാര്‍ജ്, പാക്കേജിംഗ് ഫീസ്, ജി.എസ്.ടി എന്നിങ്ങനെയുമൊക്കെ അധിക ബാധ്യത വരുമെങ്കിലും ഓണ്‍ലൈനില്‍ ഭക്ഷണം ബുക്ക് ചെയ്യാന്‍ ആളുകള്‍ തിക്കിത്തിരക്കുന്നതാണ് കാഴ്ച.
ഉപയോക്താക്കളുടെ എണ്ണം വര്‍ധിച്ചതിനെ തുടര്‍ന്ന് അധികവരുമാന മാര്‍ഗമെന്നോണം ഓണ്‍ലൈന്‍ ഫുഡ് വിതരണ കമ്പനികള്‍ കൊണ്ടുവന്നതാണ് പ്‌ളാറ്റ്‌ഫോം ഫീസ്.
പ്ലാറ്റ്‌ഫോം ഫീസ് വര്‍ധന
കഴിഞ്ഞ ഓഗസ്റ്റ് ഒന്നിനാണ് സൊമാറ്റോ രണ്ടുരൂപ പ്ലാറ്റ്‌ഫോം ഫീ ഓരോ ഇടപാടിനും ഏര്‍പ്പെടുത്തിയത്. പിന്നീടിത് മൂന്നുരൂപയാക്കി. 2024 ജനുവരി ഒന്നിന് പ്രാബല്യത്തില്‍ വന്നവിധം തിരഞ്ഞെടുക്കപ്പെട്ട നഗരങ്ങളില്‍ പ്‌ളാറ്റ്‌ഫോം ഫീ ഇപ്പോള്‍ സൊമാറ്റോ 4 രൂപയാക്കിയിരിക്കുകയാണ്. സൊമാറ്റോ ഗോള്‍ഡ് ഉപയോക്താക്കള്‍ക്കടക്കം ഇത് ബാധകമാണ്.
സ്വിഗ്ഗിയും നേരത്തേ സമാനഫീസ് അവതരിപ്പിച്ചിരുന്നു. ആദ്യം രണ്ട് രൂപയായിരുന്ന ഫീ ഇപ്പോള്‍ മൂന്ന് രൂപയാണ്.
ഓഹരി വിലയില്‍ ഉണര്‍വ്
ന്യൂ ഇയര്‍ ആഘോഷ പശ്ചാത്തലത്തില്‍ ഓര്‍ഡറുകള്‍ വന്‍തോതില്‍ ഉയര്‍ന്നപ്പോഴാണ് പ്ലാറ്റ്‌ഫോം ഫീസ് സൊമാറ്റോ കൂട്ടിയത്. ഫീസ് കൂട്ടിയത് കമ്പനികളുടെ ഓഹരിക്കും ഊര്‍ജമായി. ഇന്ന് 2.65 ശതമാനം ഉയര്‍ന്ന് 127.85 രൂപയിലാണ് കമ്പനിയുടെ ഓഹരികളില്‍ വ്യാപാരം നടക്കുന്നത്.
1.08 ലക്ഷം കോടി രൂപ വിപണിമൂല്യമുള്ള കമ്പനിയാണ് സൊമാറ്റോ. കഴിഞ്ഞ ഒരുവര്‍ഷത്തിനിടെ 112 ശതമാനം നേട്ടം (Return) ഓഹരി ഉടമകള്‍ക്ക് ഡെലിവറി ചെയ്ത മള്‍ട്ടിബാഗര്‍ കൂടിയാണ് സൊമാറ്റോ.