ഈ പോസ്റ്റ്ഓഫീസ് നിക്ഷേപത്തില്‍ പ്രതിമാസം 12000 രൂപ മാറ്റിവച്ചാല്‍ ഒരു കോടി സമ്പാദിക്കുന്നതെങ്ങനെ?

പ്രതിമാസനിക്ഷേപം മുടക്കാതിരുന്നാല്‍ മികച്ച നേട്ടം സമ്മാനിക്കുന്ന പോസ്റ്റ് ഓഫീസ് നിക്ഷേപം പരിചയപ്പെടാം.

Update:2021-11-22 13:15 IST

റിസ്‌ക് സാധ്യതകള്‍ കുറഞ്ഞ നിക്ഷേപ പദ്ധതികള്‍ ആശ്രയിക്കുന്നവര്‍ക്ക് എന്നും പോസ്റ്റ് ഓഫീസ് പദ്ധതികള്‍ പ്രിയപ്പെട്ടതാണ്. പലിശയുടെ നേട്ടം ലഭിക്കുന്നതോടൊപ്പം പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങളില്‍ നിക്ഷേപിക്കുന്ന തുക സുരക്ഷിതമായിരിക്കും. പബ്ലിക് പ്രൊവിഡന്റ് ഫണ്ട് അഥവാ പിപിഎഫ് ഫണ്ടുകളാണ് ഇതില്‍ ധാരാളം പേര്‍ തെരഞ്ഞെടുക്കുന്ന ഒന്ന്. 7.10 ശതമാനം പലിശയാണ് ഈ സ്‌കീമിനുള്ളത്.

കൃത്യമായി നിക്ഷേപം നടത്തുന്നവര്‍ക്ക് പലിശയും കൂട്ടുപലിശയും ചേര്‍ത്ത് മികച്ച നേട്ടം സമ്മാനിക്കുന്ന പദ്ധതിയെ വിശദമായി പരിചയപ്പെടാം. വിവിധ നിക്ഷേപ സ്‌കീമുകള്‍ ഇന്ന് ലഭ്യമാണെങ്കിലും ദീര്‍ഘകാല നിക്ഷേപമാണ് ആസൂത്രണം ചെയ്യുന്നത് എങ്കില്‍ നിങ്ങള്‍ക്ക് നിക്ഷേപത്തിനായി പബ്ലിക് പ്രൊവിഡന്റ് ഫണ്ട് തെരഞ്ഞെടുക്കാം.
15 വര്‍ഷമാണ് പിപിഎഫ് നിക്ഷേപ പദ്ധതിയുടെ മെച്യൂരിറ്റി കാലയളവ്. എന്നാല്‍ 15 വര്‍ഷ നിക്ഷേപ കാലയളവ് പൂര്‍ത്തിയായിക്കഴിഞ്ഞാല്‍ നിക്ഷേപകന്റെ താത്പര്യത്തിനനുസരിച്ച് 5 വര്‍ഷത്തെ ബ്ലോക്കുകളായി നിക്ഷേപ കാലാവധി ദീര്‍ഘിപ്പിക്കുവാനും സാധിക്കും.
ഓരു വര്‍ഷം പിപിഎഫില്‍ നിക്ഷേപിക്കുവാന്‍ സാധിക്കുന്ന പരമാവധി നിക്ഷേപ തുക 1.50 ലക്ഷം രൂപയാണ്. ഒറ്റത്തവണയായി 1.50 ലക്ഷം രൂപ നിക്ഷേപം നടത്തുന്നതിന് പകരമായി നിങ്ങള്‍ക്ക് 12,500 രൂപ വീതം പ്രതിമാസ രീതിയില്‍ നിക്ഷേപം നടത്താം.
ആദായ നികുതി നിയമത്തിലെ വകുപ്പ് 80 സി പ്രകാരം നികുതി ഇളവും പിപിഎഫ് നിക്ഷേപത്തിന്മേല്‍ ലഭിക്കും. നിക്ഷേപത്തില്‍ നിന്നും ലഭിക്കുന്ന പലിശ ആദായവും മെച്യൂരിറ്റി തുകയും നികുതി മുക്തമാണ്. പിപിഎഫില്‍ 22.5 ലക്ഷം രൂപ നിക്ഷേപം നടത്തിയാല്‍ 15 വര്‍ഷ മെച്യൂരിറ്റി കാലയളവില്‍ 18 ലക്ഷം രൂപയാണ് പലിശാദായം ലഭിക്കുക.
ഒരു കോടി നേട്ടം
നേരത്തെ പറഞ്ഞത് പോലെ പ്രതിമാസം ഈ പദ്ധതിയില്‍ 12,500 രൂപ നിക്ഷേപിക്കുകയാണെങ്കില്‍ ഒരു വര്‍ഷം ആകെ നിക്ഷേപിക്കുന്നത് 1.50 ലക്ഷം രൂപയായിരിക്കും. 15 വര്‍ഷത്തെ നിക്ഷേപ കാലയളവില്‍ ആകെ നിക്ഷേപം 22.50 രൂപയും. ഇപ്പോഴത്തെ പലിശ നിരക്കായ 7.1 ശതമാനം വാര്‍ഷിക ആദായം കണക്കാക്കിയാല്‍ മെച്യൂരിറ്റി തുക ആകെ 40.70 ലക്ഷം രൂപയായിരിക്കും. ആകെ പലിശ നേട്ടം 18.20 ലക്ഷം രൂപയാണ്.
കാലവധി ദീര്‍ഘിപ്പിച്ച് 12,500 രൂപ വീതം 25 വര്‍ഷത്തേക്കാണ് നിക്ഷേപിക്കുന്നതെങ്കില്‍ 40.70 ലക്ഷം രൂപയുടെ ഇരട്ടിയോളം നേട്ടം ലഭ്യമാകും. മൊത്ത നിക്ഷേപത്തിന്മേല്‍ പ്രതിവര്‍ഷം 7.1 ശതമാനം പലിശ നിരക്കാണ് ചേരുക. 25 വര്‍ഷത്തെ മൊത്ത നിക്ഷേപം 37.50 ലക്ഷം രൂപയാണ്. അതിനൊപ്പം പലിശ കൂടെ ചേരുമ്പോള്‍ മെച്യൂരിറ്റി തുക 1.03 കോടിയായിരിക്കും. നിക്ഷേപകന് 62.50 ലക്ഷം രൂപ അധിക നേട്ടം ലഭിക്കും.


Tags:    

Similar News