എസ്‌ഐപി; മനസ്സു വെച്ചാല്‍ നേട്ടം കൂട്ടാം

Update: 2019-11-24 06:00 GMT

നിക്ഷേപത്തെ കുറിച്ച് ചിന്തിച്ചാല്‍ ഇപ്പോള്‍ ആദ്യം മനസ്സിലെത്തുക സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്‌മെന്റ് പ്ലാനുകളാണ്. എവിടെയും സാമ്പത്തിക വിദഗ്ധരും മാധ്യമങ്ങളും അടക്കമുള്ളവര്‍ മുന്നോട്ടു വെക്കുന്ന പദ്ധതികളിലൊന്നാണിത് എന്നതും എസ്‌ഐപിയുടെ പ്രചാരം വര്‍ധിപ്പിച്ചു. 30 ശതമാനം വരെ റിട്ടേണ്‍ ലഭിച്ചതിന്റെ വിജയകഥകളും മറ്റുമായി കഴിഞ്ഞ മൂന്നു നാല് വര്‍ഷത്തിനിടെ ഏറ്റവും കൂടുതല്‍ നിക്ഷേപം ഉണ്ടായത് എസ്‌ഐപികളിലൂടെയാണ്.

പലരും വിചാരിച്ചിരിക്കുന്നത് ഇതൊരു സാമ്പത്തിക ഉല്‍പ്പന്നമാണെന്നാണ്. എന്നാല്‍ നിക്ഷേപിക്കാനുള്ള ഒരു മാര്‍ഗം മാത്രമാണിതെന്ന് മനസ്സിലാക്കണം. എസ്‌ഐപിയിലൂടെ വിവിധ മ്യൂച്വല്‍ ഫണ്ടുകളിലാണ് നിക്ഷേപിക്കപ്പെടുന്നത്. നിരന്തരമായി നിശ്ചിത തുക നിക്ഷേപിക്കപ്പെടുന്നതിലൂടെ വിപണിയുടെ ചാഞ്ചാട്ടം പ്രയോജനപ്പെടുത്തി നിക്ഷേപം വര്‍ധിപ്പിക്കാനുള്ള ഏറ്റവും അനുയോജ്യമായ പദ്ധതിയാണ് എസ്‌ഐപി. അനുയോജ്യമായത് തെരഞ്ഞെടുക്കുക

എസ്‌ഐപി വഴി ഏതെങ്കിലും ഫണ്ടില്‍ നിക്ഷേപിക്കുക എന്നതായിരിക്കരുത് ലക്ഷ്യം. പ്രായത്തിനും ലക്ഷ്യത്തിനും കാലയളവിനും അനുസരിച്ച് ഫണ്ട് തെരഞ്ഞെടുക്കുക. 35 വയസ് വരെയുള്ളവര്‍ക്ക് മിഡ്കാപ്, സ്‌മോള്‍ കാപ് ഫണ്ടുകളില്‍ നിക്ഷേപിക്കുന്നതിന് കുഴപ്പമില്ല. ദീര്‍ഘനാളത്തേക്കാകുമ്പോള്‍ ഒരല്‍പ്പം റിസ്‌ക് എടുത്താലും നേട്ടമുണ്ടാക്കാനുള്ള സമയവും സാധ്യതയുമുണ്ട്. എന്നാല്‍ റിട്ടയര്‍മെന്റ്ിനോട് അടുത്ത നിക്ഷേപകന് റിസ്‌ക് കുറഞ്ഞ ലാര്‍ജ് കാപ് ഫണ്ടുകളോ ഇക്വിറ്റി-ഡെബ്റ്റ് ഫണ്ടുകളുടെ മിശ്രിതമായ ഹൈബ്രിഡ് ഫണ്ടുകളോ ആയിരിക്കും ഉചിതം. കുട്ടികളുടെ വിദ്യാഭ്യാസമോ, റിട്ടയര്‍മെന്റോ തുടങ്ങി ആവശ്യങ്ങള്‍ അറിഞ്ഞു വേണം കാലാവധിയും ഫണ്ടും നിശ്ചയിക്കാന്‍ എന്നതു കൂടി മനസ്സില്‍ വെക്കുക.

നിരീക്ഷിച്ചു കൊണ്ടിരിക്കുക

നിക്ഷേപം തുടങ്ങിയാലും ഇടവേളകളില്‍ നമ്മുടെ നിക്ഷേപിച്ച ഫണ്ടുകളുടെ പ്രകടനം നിരീക്ഷിച്ചു കൊണ്ടിരിക്കണം. സമാനമായ മറ്റു ഫണ്ടുകള്‍ നല്‍കുന്ന നേട്ടം താരതമ്യം ചെയ്ത് ആവശ്യമെങ്കില്‍ അനുയോജ്യമായ മാറ്റം വരുത്താന്‍ സാമ്പത്തിക ഉപദേശകരുടെ സഹായം തേടാം. ഒരു പ്രത്യേക കാലഘട്ടത്തിലെ പ്രകടനം മാത്രം പരിഗണിച്ചാവരുത് ഫണ്ട് തെരഞ്ഞെടുക്കേണ്ടത്. 2016 മുതല്‍ 18 വരെ കാലയളവില്‍ നടത്തിയ പല നിക്ഷേപങ്ങളിലും നെഗറ്റീവ് വളര്‍ച്ചയാണ് കാണുന്നത്. അതിനു മുമ്പത്തെ വര്‍ഷങ്ങളില്‍ പല ഫണ്ടുകളും 30 ശതമാനം വരെ നേട്ടം നല്‍കിയെന്നറി ഞ്ഞാണ് ഇവരില്‍ പലരും നിക്ഷേപം നടത്തിയത്. മൂന്നു വര്‍ഷത്തെ പ്രകടനം മാത്രം വിലയിരുത്തി തീരുമാനമെടുത്തതിന്റെ ഫലമാണത്. ദീര്‍ഘകാലത്തെ പ്രകടനം വിലയിരുത്തിയാകണം ഫണ്ട് തെരഞ്ഞെടുക്കാന്‍.

ലക്ഷ്യം കാണും വരെ പിന്മാറരുത്

പലരും വിപണിയില്‍ തകര്‍ച്ചയുടെ ലക്ഷണങ്ങള്‍ കാണുമ്പോള്‍ തന്നെ എസ്
ഐപി കാന്‍സല്‍ ചെയ്ത് നിക്ഷേപം പിന്‍വലിക്കുന്ന പ്രവണതയുണ്ട്. എന്നാല്‍ 'തകര്‍ച്ചയിലാണ് കൂടുതല്‍ നേട്ടത്തിനുള്ള സാധ്യത ഒളിഞ്ഞിരിക്കുന്നതെന്ന് അറിയണം. വിപണി തകരുമ്പോള്‍ ഓഹരി വില കുറയുകയും കൂടുതല്‍ യൂണിറ്റ് നേടാനാവുകയും ചെയ്യുന്നു. ഇത് ഭാവിയില്‍ വിപണി ഉണരുമ്പോള്‍ നേട്ടമായി മാറുന്നു. ഇതാണ് എസ്‌ഐപികളെ ആകര്‍ഷകമാക്കുന്നത്.' ജിയോജിതിന്റെ ഇന്‍വെസ്റ്റ്‌മെന്റ് അഡൈ്വസറി സര്‍വീസ് വിഭാഗം തലവന്‍ ജീവന്‍ കുമാര്‍ കെ സി പറയുന്നു. ചുരുങ്ങിയത് അഞ്ചു വര്‍ഷമെങ്കിലും തുടര്‍ച്ചയായി നിക്ഷേപിക്കണം. അതിലുപരി നിങ്ങളുടെ സാമ്പത്തിക ലക്ഷ്യം കൈവരിക്കുക എന്നതായിരിക്കണം ലക്ഷ്യം.

എക്‌സിറ്റിന് മുന്നൊരുക്കം നടത്തുക

ചെറിയ തുകകളായാണ് നിക്ഷേപിക്കുന്നതെങ്കിലും എസ്‌ഐപിയില്‍ നിന്ന്
നിശ്ചിത വര്‍ഷം കഴിഞ്ഞ എക്‌സിറ്റ് ചെയ്യുമ്പോള്‍ മികച്ചൊരു തുക റിട്ടേണ്‍ ലഭിക്കുന്നു. നേട്ടം മികച്ചതായിരിക്കണമെങ്കില്‍ വിപണി മികച്ചു നില്‍ക്കുമ്പോള്‍ എക്‌സിറ്റ് ചെയ്യണം. എക്‌സിറ്റ് ചെയ്യാന്‍ തീരുമാനിച്ചു കഴിഞ്ഞാല്‍ നിക്ഷേപം
അവസാനിപ്പിച്ച് ഒരു വര്‍ഷമെങ്കിലും സമയം നല്‍കി പണം പിന്‍വലിക്കുന്നത് ഹ്രസ്വകാല മൂലധന നേട്ടത്തിന്മേലുള്ള 10 ശതമാനം നികുതിയില്‍ നിന്ന് രക്ഷപ്പെടാന്‍ നിക്ഷേപകനെ സഹായിക്കും. അവസാന വര്‍ഷം നടത്തിയ നിക്ഷേപമാണ് ഹ്രസ്വകാല മൂലധനമായി കണക്കാക്കുന്നത്. അഞ്ചു വര്‍ഷത്തേക്കാണ് നിക്ഷേപം നടത്തിയതെങ്കില്‍ ആദ്യനാലു വര്‍ഷത്തേത് ദീര്‍ഘകാല മൂലധനമായി പരിഗണിക്കും. അഞ്ചു വര്‍ഷത്തെ നിക്ഷേപം ആറാം വര്‍ഷമാണ് പിന്‍വലിക്കുന്ന തെങ്കില്‍ എല്ലാം ദീര്‍ഘകാല മൂലധനമായിട്ടാണ് കണക്കാക്കുക. അങ്ങനെയാ ണെങ്കില്‍ ലഭിക്കുന്ന ഒരു ലക്ഷം രൂപയ്ക്ക് മുകളിലുള്ള ലാഭത്തിന് മാത്രം 15 ശതമാനം നികുതി നല്‍കിയാല്‍ മതിയാകും. വലിയ തുക നിക്ഷേപിക്കുന്ന സാഹചര്യത്തില്‍ മാത്രമാണ് ഇത് കൂടുതല്‍ നേട്ടം തരുന്നത്.

ഡെയ്‌ലി

ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ

ലഭിക്കാൻ join Dhanam

Telegram Channel – https://t.me/dhanamonline

Similar News