ആശ്വാസം! പ്രൊവിഡന്റ് ഫണ്ട് പലിശനിരക്ക് കൂട്ടി; ആറരക്കോടി നിക്ഷേപകർക്ക് നേട്ടം
എന്താണ് പ്രൊവിഡന്റ് ഫണ്ട്? അക്കൗണ്ടിലെ ബാലൻസ് എങ്ങനെ പരിശോധിക്കാം?
ശമ്പളാടിസ്ഥാനത്തില്‍ ജോലി ചെയ്യുന്നവര്‍ക്ക് വലിയ ആശ്വാസം പകര്‍ന്ന് പ്രൊവിഡന്റ് ഫണ്ട് നിക്ഷേപങ്ങള്‍ക്കുള്ള പലിശനിരക്ക് കൂട്ടി എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്‍ (EPFO). 2022-23ലെ 8.15 ശതമാനത്തില്‍ നിന്ന് 8.25 ശതമാനത്തിലേക്കാണ് പലിശനിരക്ക് കൂട്ടിയത്. ആറരക്കോടി പേര്‍ക്ക് ആശ്വാസം പകരുന്നതാണ് നടപടി. 2021-22ല്‍ പലിശനിരക്ക് 8.10 ശതമാനമായിരുന്നു.
ധനമന്ത്രാലയത്തിന്റെ അനുമതി ലഭിക്കുന്ന മുറയ്ക്ക് പ്രൊവിഡന്റ് ഫണ്ട് നിക്ഷേപകരുടെ അക്കൗണ്ടിലേക്ക് പുതുക്കിയ പലിശ ഇ.പി.എഫ്.ഒ കൈമാറും. പുതുക്കിയ പലിശനിരക്ക് (8.25%) വോളന്ററി പ്രൊവിഡന്റ് ഫണ്ട് (VPF) നിക്ഷേപങ്ങള്‍ക്കും ബാധകമാണ്.
എന്താണ് പ്രൊവിഡന്റ് ഫണ്ട് നിക്ഷേപം?
ഇരുപതോ അതിലധികമോ ജീവനക്കാരുള്ള സ്ഥാപനങ്ങള്‍ നിര്‍ബന്ധമായും എംപ്ലോയീസ് പ്രൊവിഡന്റ് (EPF) നിക്ഷേപം ആരംഭിച്ചിരിക്കണമെന്നാണ് നിയമം. ഇ.പി.എഫ് ആന്‍ഡ് എം.പി നിയമപ്രകാരം ഓരോ മാസവും ശമ്പളത്തിന്റെ 12 ശതമാനം തുക ജീവനക്കാരന്‍ ഇ.പി.എഫ് അക്കൗണ്ടിലേക്ക് അടയ്ക്കണം. ഇതിന് തത്തുല്യതുക സ്വന്തം നിലയ്ക്ക് തൊഴിലുടമയും ജീവനക്കാരന്റെ ഇ.പി.എഫ് അക്കൗണ്ടിലേക്ക് അടയ്ക്കണം.
ഇതില്‍ ജീവനക്കാരന്‍ അടയ്ക്കുന്ന തുക പൂര്‍ണമായും ഇ.പി.എഫ് അക്കൗണ്ടിലേക്ക് മാറ്റും. എന്നാല്‍, തൊഴിലുടമ അടയ്ക്കുന്ന തുകയുടെ 3.67 ശതമാനമേ ജീവനക്കാരന്റെ അക്കൗണ്ടിലേക്ക് മാറ്റുന്നുള്ളൂ. ബാക്കി 8.33 ശതമാനം പോകുന്നത് അതേ ജീവനക്കാരന്റെ എംപ്ലോയീ പെന്‍ഷന്‍ സ്‌കീമിലേക്കാണ് (EPS). ഇത് പി.എഫ് പെന്‍ഷന്‍ നേടാന്‍ ജീവനക്കാരനെ സഹായിക്കുന്നു.
എങ്ങനെ അറിയാം ഇ.പി.എഫ് ബാലന്‍സ്?
ഇ.പി.എഫ് അക്കൗണ്ടില്‍ എത്ര നിക്ഷേപമുണ്ടെന്ന് അറിയാന്‍ ചില വഴികളുണ്ട്. ഒന്ന്, ഉമംഗ് ആപ്പ് (Umang App) വഴിയാണ്. ഇ.പി.എഫ് മെമ്പര്‍ ഇ-സേവ പോര്‍ട്ടല്‍ സന്ദര്‍ശിച്ചും ബാലന്‍സ് പരിശോധിക്കാം.